തിരുവനന്തപുരം: കെഎസ്ആർടിസിയുടെ രക്ഷയ്ക്കായി കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ടോമിൻ തച്ചങ്കരി കോർപ്പറേഷൻ സിഎംഡിയായി ചുമതലയേറ്റത്. ഇതിന് പിന്നാലെ പടിപടിയായി ഇതിനുള്ള ശ്രമങ്ങളും നടപടികളും നടപ്പാക്കുകയാണ് തച്ചങ്കരി. ഹർത്താൽ ദിനങ്ങളിൽ കോർപ്പറേഷന് വൻ നഷ്ടമാണ് വരുന്നത്. ജീവനക്കാർക്ക് അന്ന് ശമ്പളം നൽകണമെന്ന് മാത്രമല്ല, അന്ന് വണ്ടികൾ ഓടാതിരിക്കുന്നതിനാൽ വരുമാനം ഇല്ലെന്ന സ്ഥിതിയും.

ഇത് മറികടക്കാൻ കെഎസ്ആർടിസിയെ അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സിഎംഡി ഇപ്പോൾ. ആ ദിവസം കെഎസ്ആർടിസി അവശ്യ സർവീസ് എന്ന നിലയിൽ സർവീസ് നടത്താൻ കഴിഞ്ഞാൽ ബസ് തീരെ ഓടാതിരിക്കുന്ന സാഹചര്യം ഒഴിവാകുമെന്ന് കണക്കാക്കിയാണ് നീക്കം.

ഇതിനൊപ്പം ദീർഘകാല അവധിയെടുത്ത് മുങ്ങിയ ജീവനക്കാർ തിരിച്ചെത്തിയില്ലെങ്കിൽ പിരിച്ചുവിടാനുള്ള കടുത്ത നടപടിയിലേക്കും കോർപ്പറേഷൻ നീങ്ങുകയാണ്. ഇതിന്റെ പ്രാരംഭമെന്ന നിലയിൽ വിദേശത്തും ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലും അവധിയെടുത്ത് മറ്റു ജോലികൾ ചെയ്യുന്നവർക്കെല്ലാം നോട്ടീസ് നൽകിക്കഴിഞ്ഞു.

അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ നഷ്ടത്തിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന കെഎസ്ആർടിസിയെ കൂടുതൽ നഷ്ടത്തിലേയ്ക്ക് തള്ളിവിടുന്നതുകൊണ്ട് ഈ ഹർത്താലുകളിൽനിന്ന് കെ.എസ്ആർടിസി സർവീസുകളെ ഒഴിവാക്കണമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ തച്ചങ്കരിരാഷ്ട്രീയ കക്ഷികളോടും സംഘടനകളോടും അഭ്യർത്ഥിച്ചു. സർവീസുകൾ നടത്താൻ കഴിയാത്തതിന്റെ പേരിലുള്ള നഷ്ടത്തിനുപുറമെ ഹർത്താൽ അനുകൂലികൾ പലപ്പോഴും കെഎസ്ആർടിസി ബസുകളെ അക്രമത്തിനിരയാക്കുന്നതിന്റെ പേരിലുള്ള നഷ്ടം കൂടി കോർപറേഷനു സഹിക്കേണ്ടിവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആശുപത്രികൾ,പാൽവിതരണം,പത്രവിതരണം എന്നിവയെപ്പോലെ കെഎസ്ആർടിസിയെയും അവശ്യസർവീസായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രാദേശികാടിസ്ഥാനത്തിൽ നടത്തുന്ന ഹർത്താലുകൾ പോലും കനത്ത ആഘാതമാണ് കെഎസ്ആർടിസിക്ക് ഉണ്ടാക്കുന്നത്. ജനങ്ങളുടെ സ്ഥാപനമാണെന്നതുകൊണ്ട് അവരുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ബാധ്യത ഒരു വശത്തുംസ്വന്തം സ്വത്തിനും ജീവനക്കാർക്കും സംരക്ഷണം നൽകേണ്ട ബാധ്യത മറുവശത്തും. ഇതു രണ്ടിനുമിടയിൽ നട്ടം തിരിയുന്ന സ്ഥിതിയാണ് ഇപ്പോൾ കെഎസ്ആർടിസിക്ക്. ഈ ദുരിതത്തിൽനിന്ന് കെഎസ്ആർടിസിയെ സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയകക്ഷികളും മുൻകൈയെടുക്കണം. ഇക്കാര്യത്തിൽ സർവകക്ഷിയോഗം വിളിച്ച് അഭിപ്രായ സമന്വയമുണ്ടാക്കി തുടർ നടപടികൾ സ്വീകരിക്കണമെന്നും ടോമിൻ തച്ചങ്കരി അഭ്യർത്ഥിച്ചു.

ടൂറിസം മേഖലയെ സംരക്ഷിക്കാൻ ഈ മേഖലയിലുള്ള സംഘടനകൾ ഈയിടെ ആവശ്യപ്പെട്ടിരുന്നു. ഉൾനാടുകളിലേ്ക്ക് സഞ്ചരിക്കാൻ വിനോദസഞ്ചാരികൾ പലപ്പോഴും കെഎസ്ആർടിസി ബസുകളെയാണ് ആശ്രയിക്കുന്നത്. ഹർത്താൽ ദിനങ്ങളിൽ വിനോദസഞ്ചാരികളടക്കം ആയിരക്കണക്കിനാളുകളാണ് കെ.എസ്ആർടിസി സ്റ്റാൻഡുകളിലും റെയിൽവെസ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലുംനിരാലംബരായി കഴിയേണ്ടിവരുന്നത്. ഒരു മണിക്കൂറിലേയ്ക്ക് നടത്തുന്ന പ്രാദേശിക ഹർത്താലുകൾ പോലും കെഎസ്ആർടിസിയെയും ജനങ്ങളെയുംവല്ലാതെ ബാധിക്കുന്നുണ്ട്. അപ്രഖ്യാപിത ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർ ആദ്യം തിരിയുന്നത് കെഎസ്ആർടിസി ബസുകൾക്കുനേരെയാണ്.

മറ്റു സംസ്ഥാനങ്ങളിൽ ഇത്തരമൊരു സ്ഥിതിയില്ല. നഷ്ടക്കണക്കു പറയുമ്പോൾ മാത്രം കെഎസ്ആർടിസിയെ മറ്റു സംസ്ഥാനങ്ങളുമായി താരത്യമപ്പെടുത്തുകയും നഷ്ടം സഹിച്ച് കഷ്ടപ്പെട്ട് സർവീസ് നടത്തുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നത് ആത്യന്തികമായി കെഎസ്ആർടിസിയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം ഉയരണം. രാഷ്ട്രീയ കക്ഷികളും സംഘടനകളും കെഎസ്ആർടിസിയെ ഹർത്താലിൽനിന്ന് ഒഴിവാക്കാനായി അഭിപ്രായസമന്വയം കൊണ്ടുവരണമെന്നും സർക്കാർ ഇതിനെ അവശ്യസർവീസായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവധിയിൽ പോയവർ തിരിച്ചെത്തിയില്ലെങ്കിൽ പിരിച്ചുവിടും

ദീർഘകാല അവധിയിൽ പ്രവേശിച്ചശേഷം ജോലിക്കെത്താത്തവരെ കടുത്ത നടപടി സ്വീകരിക്കാനും കോർപ്പറേഷൻ തീരുമാനിച്ചു. അഞ്ചുവർഷത്തേക്ക് അവധിയെടുത്ത് വിദേശത്തും ഇന്ത്യയ്ക്കകത്തും ജോലി ചെയ്യുന്ന 391 ജീവനക്കാരുണ്ട്. ഇവർ അടുത്തമാസം പത്തിനകം ജോലിക്കു ഹാജരാകണമെന്ന് നോട്ടിസ് നൽകി. അഞ്ചുവർഷത്തെ അവധി കഴിഞ്ഞും ജോലിക്ക് ഹാജരാകാത്ത 73 ജീവനക്കാർക്കും നോട്ടിസ് നൽകി. ഇവർ മെയ്‌ 25നകം ജോലിയിൽ പ്രവേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡെപ്യൂട്ടേഷനിലുള്ള 54 പേർക്കും സമാന രീതിയിൽ നോട്ടിസ് നൽകിയിട്ടുണ്ട്. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക്, ടയർ ഇൻസ്‌പെക്ടർ, പമ്പ് ഓപ്പറേറ്റർ, എഡിഇ തസ്തികയിലുള്ളവരാണു ഇങ്ങനെ പോയവർ.

ഇപ്പോഴത്തെ നോട്ടീസ് പ്രകാരം ഇവർ ജോലിക്കെത്തിയില്ലെങ്കിൽ പിരിച്ചുവിടാനാണ് തീരുമാനം. ജീവനക്കാരില്ലാതെ ട്രിപ്പുകൾ മുടങ്ങുന്ന സാഹചര്യത്തിൽ കർശന നടപടിയിലേക്ക് നീങ്ങുമെന്ന് തച്ചങ്കരി നേരത്തേ വ്യക്തമാക്കിയിരുന്നു. 90 ദിവസത്തിന് മേലേയുള്ള അവധികൾക്ക് സിഎംഡിയുടെ അനുവാദം വേണം. ഇത് റദ്ദാക്കാനും സിഎംഡിക്ക് അധികാരമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നോട്ടീസ് അയച്ചിട്ടുള്ളത്.