കൊല്ലം: കെഎസ്ആർടിസി ബസിൽ കയറി 500 രൂപ നൽകി ടിക്കറ്റെടുത്ത ശേഷം ബാക്കി പിന്നെ തരാമെന്ന് കണ്ടക്ടർ പറഞ്ഞാൽ ബാക്കി കിട്ടുന്നത് വരെ സ്വസ്ഥത നഷ്ടപ്പെടുമെന്നത് ഒരു സത്യകഥയാണ്. ബാക്കി വാങ്ങാൻ മറന്ന് സ്റ്റോപ്പിലിറങ്ങിയാലോ? ആ പണം പോയതുതന്നെ. എന്നാൽ ഒരുപറ്റം ആനവണ്ടി പ്രേമികളുടെയും സത്യസന്ധരായ കെഎസ്ആർടിസി ജീവനക്കാരുടെയും സഹായത്തോടെ വാങ്ങാൻ മറന്ന ബാക്കി തുക 43-ാം മിനിറ്റിൽ യാത്രക്കാരിയുടെ അക്കൗണ്ടിലെത്തിയ കഥയാണ് ലസിത എന്ന വിദ്യാർത്ഥിക്ക് പറയാനുള്ളത്.

കോളേജിലേക്ക് പോകാനായി ലസിത കെഎസ്ആർടിസി ബസിൽ കയറിയത് വൈറ്റിലയിൽനിന്ന്. 500 രൂപയാണ് ടിക്കറ്റിനായി നൽകിയത്. 183 രൂപയുടെ ടിക്കറ്റും ചില്ലറ 17 രൂപയും കണ്ടക്ടർ നൽകി. ബാക്കി 300 രൂപ യാത്രക്കിടെ നൽകാമെന്ന് ടിക്കറ്റിനു പിന്നിൽ എഴുതിക്കൊടുത്തു. അതിനിടെ ലസിത ഉറങ്ങിപോയി. കൊല്ലമെത്തിയപ്പോൾ പെട്ടെന്ന് ധൃതിപിടിച്ച് സ്റ്റോപ്പിലിറങ്ങി. കോളേജിൽ എത്തിയപ്പോഴാണു ബാക്കി വാങ്ങിയില്ലല്ലോയെന്ന് ഓർത്തത്.

കോളേജ് സമയം കഴിഞ്ഞാണ് ആനവണ്ടി പ്രേമിയായ സുഹൃത്ത് ചിഞ്ചുവിനെ വിളിച്ച് കാര്യം പറഞ്ഞത്. ചിഞ്ചു ഉടൻ ടിക്കറ്റിന്റെ ഫോട്ടോ വാങ്ങി കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കെഎസ്ആർടിസി ട്രാവൽബ്ലോഗ്, ചങ്ങനാശ്ശേരി - വേളാങ്കണ്ണി സർവ്വീസ് എന്നീ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലിടുകയും ബാലൻസ് തുക ലഭ്യമാകുവാനുള്ള വഴികൾ ആരായുകയും ചെയ്തു. ഇതുകണ്ട കെഎസ്ആർടിസി എടത്വാ ഡിപ്പോയിലെ കണ്ടക്ടർ ഷെഫീക്ക് ഇബ്രാഹിം ചിഞ്ചുവിനെ വിളിച്ച് ബസിന്റെ കണ്ടക്ടറുടെ നമ്പർ ലഭിച്ചിട്ടുണ്ടെന്നും പണം ഉടൻ ലഭിക്കുമെന്നും പറഞ്ഞു. ഇതിനിടയിൽ ആനവണ്ടി ബ്ലോഗ് അഡ്‌മിൻ ശ്രീരാജ് പിആർ ഡിപ്പോയിൽ വിളിച്ച് കണ്ടക്ടറുടെ നമ്പർ എടുത്ത് അദ്ദേഹവുമായി സംസാരിച്ച് തുക ഏറ്റവും വേഗത്തിൽ ലഭ്യമാക്കുവാനുള്ള നടപടികളും സ്വീകരിച്ചു. കൂടാതെ ചങ്ങനാശ്ശേരി - വേളാങ്കണ്ണി സർവ്വീസ് കൂട്ടായ്മയുടെ ഗ്രൂപ്പ് അഡ്‌മിൻ മനീഷ് പരുത്തിയിൽ ആനവണ്ടി ബ്ലോഗ് അഡ്‌മിന്മാരായ അനീഷ് പൂക്കോത്ത്, കിഷോർ എന്നിവരും കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ഡിപ്പോയുമായി ബന്ധപ്പെടാനാവശ്യമായ എല്ലാ സാഹചര്യങ്ങൾ ഒരുക്കികൊടുക്കുകയും ചെയ്തു. 43-ാം മിനിറ്റിൽ ചിഞ്ചുവിന്റെ അക്കൗണ്ടിലേക്ക് ബാലൻസ് തുകയായ മൂന്നൂറു രൂപയെത്തി. അവരത് ലസിതയ്ക്ക് ഗൂഗിൾപേയിലൂടെ കൈമാറുകയും ചെയ്തു.

യാത്രയിൽ ഉടനീളം ജീവനക്കാർ വളരെ മാന്യമായാണ് പെരുമാറിയതെന്നും ഉറങ്ങിപ്പോയ താൻ വെപ്രാളപ്പെട്ട് സ്റ്റോപ്പിൽ ഇറങ്ങാൻ തിടുക്കപ്പെട്ടപ്പോൾ ബാലൻസ് ചോദിച്ചു വാങ്ങാൻ മറന്നതാണെന്നും ലസിത പറഞ്ഞു. കൊല്ലം എസ്എൻ കോളേജിൽ ഗവേഷണ വിദ്യാർത്ഥിനിയാണ് തൃശ്ശൂർ സ്വദേശിനിയായ ടിജി ലസിത. തികഞ്ഞ കെഎസ്ആർടിസി ഫാൻ. കഴിവതും കെഎസ്ആർടിസി ബസിൽ മാത്രം യാത്രചെയ്യാൻ ആഗ്രഹിക്കുന്നവൾ. കെഎസ്ആർടിസി നിലനിൽക്കണമെന്ന് സർക്കാരിനേക്കാൾ ആഗ്രഹിക്കുന്ന ഒരുപറ്റം ആനവണ്ടി പ്രേമികളിലൊരുവൾ. അതിന് കാരണം ചോദിച്ചാൽ കെഎസ്ആർടിസി യാത്രകളിലെ ഒരുപാട് നല്ല അനുഭവങ്ങൾ അക്കമിട്ട് നിരത്താനുണ്ട് ലസിതയ്ക്ക്. വൈറ്റില -ആലപ്പുഴ ബസിൽവെച്ച് തലകറക്കമുണ്ടായ ലസിതക്ക് ജീവനക്കാർ വെള്ളവും ആഹാരവും മറ്റ് സഹായങ്ങളും നൽകിയതുൾപ്പെടെ. ആ ലിസ്റ്റിലേയ്ക്കാണ് പുതിയൊരണ്ണം കൂടി കടന്നുവരുന്നത്.

ലസിതയ്ക്ക് ഇത് വെറും 300 രൂപയുടെ കാര്യം മാത്രമായിരുന്നില്ല. കെഎസ്ആർടിസിയുമായുള്ള ബന്ധവും വിശ്വാസവും അരക്കിട്ടുറപ്പിക്കുന്ന ഒരു സന്ദർഭം കൂടിയാണ്. ഇത് സംബന്ധിച്ച് ചിഞ്ചു ഫെയ്‌സ് ബുക്കിലിട്ട കുറിപ്പ് ആനവണ്ടി ട്രാവൽ ബ്ലോഗ്‌സ് അവരുടെ പേജിൽ പങ്കുവച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധി യാത്രക്കാർക്ക് കിട്ടാതെപോയ  ചില്ലറകളുടെ കൂട്ടത്തിൽ പെട്ടുപോകേണ്ട ഈ തുക തേടിപിടിച്ച് തിരികെ നൽകാൻ മുന്നിട്ടിറങ്ങിയ ആനവണ്ടി പ്രേമികൾക്കും കിട്ടിയ പണം തിരികെ നൽകാൻ സന്മനസ് കാട്ടിയ തിരുവല്ല - എറണാകുളം- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസിന്റെ ഡ്രൈവർ എജെ ജോഷി, കണ്ടക്ടർ ബിനു കെ ജോൺ എന്നിവർക്കും നന്ദി പറയുകയാണ് ലസിത ഇപ്പോൾ.