പത്തനംതിട്ട: മുഴുവൻ സർവീസും ഓടിച്ച് ബ്രേക്ക് ഡൗണും ഒഴിവാക്കിയാൽ കെ.എസ്.ആർ.ടി.സിക്ക് വരുമാനം വർധിപ്പിക്കാമെന്നുള്ള ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതീക്ഷ തെറ്റിയില്ല. പരീക്ഷണാടിസ്ഥാനത്തിൽ മാതൃക ഡിപ്പോയാക്കിയ പത്തനംതിട്ട കെ.എസ്.ആർ.ടി.സി രണ്ടാഴ്ച കൊണ്ട് വർധിപ്പിച്ചത് ഇരട്ടിയിലധികം വരുമാനം. ജൂലൈ ഒന്നു മുതൽ നടപ്പാക്കിയ പരീക്ഷണം 12 ദിവസം പിന്നിട്ടപ്പോൾ ഡിപ്പോയുടെ പ്രതിദിന വരുമാനം 5.50 ലക്ഷത്തിൽ നിന്ന് 9.69 ലക്ഷത്തിലേക്കെത്തി.

പണമെറിഞ്ഞ് പണം വാരുക എന്ന നയമാണ് നടപ്പിൽ വരുത്താനാണ് മന്ത്രി ഉദ്ദേശിച്ചത്. ഡിപ്പോയിലെ മുഴുവൻ സർവീസും അയയ്ക്കുക, കട്ടപ്പുറത്ത് ഒരു ബസും ഇല്ലാതിരിക്കുക, സ്‌പെയർ പാർട്‌സും ജീവനക്കാരും ആവശ്യത്തിന് എത്തിക്കുക, വഴിയിൽ കിടക്കുന്ന ബസുകൾക്ക് റിസർവ് ഏർപ്പെടുത്തുക, ഇതിനായി ഒരു ഡിപ്പോയിൽ അഞ്ച് ബസുകൾ അധികമായി നൽകുക എന്നിങ്ങനെ ഒരു ഡിപ്പോയുടെ പ്രതിദിന വരുമാനം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

പത്തനംതിട്ടയിൽ 88 ബസുകളാണ് ഉള്ളത്. ഇതിൽ എട്ടെണ്ണം ലോ ഫ്‌ളോർ ബസുകളാണ്. നിലവിൽ 60-65 സർവീസുകൾ മാത്രമാണ് പ്രതിദിനം നടത്തുന്നത്. ഇന്നു മുതൽ അത് 70 ആക്കി വർധിപ്പിക്കും. അടുത്തമാസം ഒന്ന് ആകുമ്പോഴേക്കും 88 ബസുകളും സർവീസിന് ഉണ്ടാകും. നിലവിൽ പ്രതിദിന വരുമാനം 5.50 ലക്ഷമാണ്. മുഴുവൻ ബസുകളും നിരത്തിൽ ഇറങ്ങുന്നതോടെ ഇത് 11.50 ലക്ഷമാകുമെന്നാണ് കണക്കാക്കുന്നത്. ഈ പരീക്ഷണം വിജയിച്ചാൽ മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കണ്ടെത്തും. ബസുകളും വാങ്ങും. സ്‌പെയർ പാർട്‌സ് ക്ഷാമവും പരിഹരിക്കും. ഇതിനെല്ലാം അധികപണം വേണ്ടി വരും. സർക്കാർ സഹായത്തോടെ പണം കണ്ടെത്താനാണ് നീക്കം. മാതൃകാ ഡിപ്പോയായി പ്രഖ്യാപിച്ചതോടെ പത്തനംതിട്ടയിലെ ജീവനക്കാർ ആലസ്യം വിട്ട് ഉണർന്നു.

കഴിഞ്ഞ 11 ന് 74 ഷെഡ്യൂളുകൾ ഓടിച്ചപ്പോൾ വരുമാനം 9,69,848 ആയി ഉയർന്നു. ഇതിൽ 1,34,074 രൂപാ ജന്റം ബസുകളിൽ നിന്നുള്ള കളക്ഷനാണ്. സ്വകാര്യ ബസുകൾക്കു വേണ്ടി പേരിനുമാത്രം ഓടിച്ചു കൊണ്ടിരുന്ന പത്തനംതിട്ട-ചെങ്ങന്നൂർ ചെയിൻസർവീസിനും ജീവൻവച്ചു. എന്നാൽ എല്ലാ ദിവസവും പത്തനംതിട്ടയിൽ നിന്നുള്ള അഞ്ചുബസുകളും ഓടിക്കുന്നില്ലെന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ആകെ 93 ഷെഡ്യൂളുകളാണ് പത്തനംതിട്ട ഡിപ്പോയിൽ നിന്നുമുള്ളതെങ്കിലും ബസുകളുടെ തകരാറും പഴക്ക കൂടുതലും മൂലം പരമാവധി സർവീസുകൾ നടത്താനെ ഇപ്പോൾ കഴിയു. പുതിയ ബസുകൾ വന്നെങ്കിൽ മാത്രമെ കൂടുതൽ സർവീസുകൾ നടത്താൻ കഴിയുവെന്ന് ജീവനക്കാർ പറയുന്നു. മാതൃക ഡിപ്പാ എന്ന വിശേഷണം ശരിയായ അർഥത്തിൽ ഫലവത്താകണമെങ്കിൽ നിർമ്മാണത്തിലിരിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെയും ടെർമിനലിന്റെയും പണി പൂർത്തീകരിക്കണം.

ഇപ്പോൾ ദിവസ വരുമാനം ശരാശരി ഒമ്പത് ലക്ഷമാണെങ്കിലും അത് അടുത്ത ആഴ്‌ച്ച മുതൽ പത്തുലക്ഷമാക്കി ഉയർത്താനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ജീവനക്കാർക്ക് നിർദ്ദേശം നൽകും. ഇന്നത്തെ വരുമാന ലക്ഷ്യം ഇത്ര രൂപയാണെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള കുറിപ്പടിയും നൽകും. ജീവനക്കാർ ലക്ഷ്യം കണ്ടെത്താൻ പരമാവധി ശ്രമിക്കാൻ വേണ്ടിയാണിത്. മുണ്ടക്കയം-പുനലൂർ ചെയിൻ സർവീസുകൾ മുടക്കമില്ലാതെ ഓടിക്കാൻ പറ്റിയതും വരുമാനം വർധിക്കാൻ കാരണമായതായി ജീവനക്കാർ പറയുന്നു. ആറ് ബസുകളാണ് ഈ റൂട്ടിൽ ഓടുന്നത്. ഓരോ ബസിനും ശരാശരി 11,000 രൂപാ വരുമാനം ലഭിക്കുന്നുണ്ട്. ബസുകളുടെ ബ്രേക്ക് ഡൗൺ കുറയ്ക്കാനും നടപടി സ്വീകരിച്ചുകഴിഞ്ഞു.

മുമ്പ് ദിവസവും കുറഞ്ഞത് പത്തിലധികം ബസുകളാണ് പാതിവഴി യന്ത്രത്തകരാർ മൂലം നിശ്ചലമായി കൊണ്ടിരുന്നത്. ഇത് ശരാശരി 4-5 ആയി കുറയ്ക്കാൻ കഴിഞ്ഞു. പണിതീർത്ത വാഹനങ്ങൾ മാത്രമെ നിരത്തിൽ ഇറക്കാവൂ എന്ന നിർദ്ദേശം വന്നതിനുശേഷമാണ് ബ്രക്ക് ഡൗൺ കുറഞ്ഞത്. കൂടാതെ ബസുകൾ ദിവസവും കഴുകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.