- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ഇബിയിലെ സമരം ഒതുങ്ങി, ഇനി കെഎസ്ആർടിസി! സർക്കാരിനെ ധിക്കരിച്ചു പണിമുടക്കിയ യൂണിയനുകൾക്കെതിരെ കടുത്ത നടപടിക്കു കെഎസ്ആർടിസി മാനേജ്‌മെന്റിനു സർക്കാർ നിർദ്ദേശം; പണിമുടക്കു പ്രഖ്യാപിച്ച ശേഷം സർവീസുകൾ റദ്ദാക്കിയവർക്കും റിസർവേഷൻ ചെയ്തു യാത്രയ്‌ക്കെത്തിയവരെ ബസിൽനിന്ന് ഇറക്കി വിട്ടവർക്കെതിരെയും കർശന നടപടി
തിരുവനന്തപുരം: കെഎസ്ഇബിയിലെ ഒരു വിഭാഗം ഓഫീസർമാർ നടത്തിവന്ന സമരം അടിച്ചൊതുക്കുകയായിരുന്നു സംസ്ഥാന സർക്കാർ. ഇതിനിടെ കെഎസ്ആർടിയിലും കർശന നടപടിക്കാണ് സർക്കാർ നീക്കം. ശമ്പളം വിതരണം ചെയ്യാനുള്ള പണത്തിനായി ശ്രമം തുടരുമ്പോൾ തന്നെ, സർക്കാരിനെ ധിക്കരിച്ചു പണിമുടക്കിയ യൂണിയനുകൾക്കെതിരെ കടുത്ത നടപടിക്കു കെഎസ്ആർടിസി മാനേജ്‌മെന്റിനു സർക്കാർ നിർദ്ദേശം നൽകി.
അർധരാത്രി മുതൽ പണിമുടക്കെന്നു പ്രഖ്യാപിച്ച ശേഷം ഉച്ചയ്ക്കു തന്നെ സർവീസുകൾ റദ്ദാക്കിയവർ, റിസർവേഷൻ ചെയ്തു യാത്രയ്‌ക്കെത്തിയവരെ ബസിൽനിന്ന് ഇറക്കി വിട്ടവർ എന്നിവരുടെ കാര്യത്തിലാണു നടപടി. നൂറിലേറെ ജീവനക്കാർക്കെതിരെ ഇത്തരം പരാതികൾ മാനേജ്‌മെന്റിനു കിട്ടി. നടപടിക്കായി 55 പേരുടെ ആദ്യ പട്ടിക ഇന്നു പുറത്തിറക്കും. എല്ലാ ഡിപ്പോകളിൽ നിന്നും ഇത്തരക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. അവർ മുടക്കിയ സർവീസുകളിൽ നിന്നുണ്ടായ നഷ്ടം അവരുടെ ശമ്പളത്തിൽ നിന്ന് ഈ മാസം തന്നെ ഈടാക്കാനാണു നിർദ്ദേശം.
ശമ്പള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ നടത്തിയ 24 മണിക്കൂർ പണിമുടക്ക് യാത്രക്കാരെ സാരമായി ബാധിച്ചിരുന്നു. കോഴിക്കോട്, തൃശൂർ ഭാഗത്തേക്കു പോകേണ്ട യാത്രക്കാരാണു കൂടുതൽ പ്രതിസന്ധിയിലായത്. ഭൂരിഭാഗം യാത്രക്കാരും സമരം പ്രഖ്യാപിച്ചത് അറിഞ്ഞിരുന്നില്ല. അതോടെ യാത്രക്കാർ സ്വകാര്യ ബസ് സ്റ്റാൻഡുകളിലേക്കു തിരിച്ചു. സ്വകാര്യ ബസുകളിൽ ഇന്നലെ കാര്യമായ തിരക്ക് അനുഭവപ്പെട്ടു. ഇടതു സംഘടനയായ സിഐടിയു സമരത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും നാമമാത്രമായ ജീവനക്കാരാണ് ഇന്നലെ ജോലിക്കെത്തിയത്.
മുൻകൂട്ടി റിസർവ് ചെയ്ത ഒൻപതോളം ദീർഘദൂര സർവീസുകൾ അടക്കം മുടങ്ങുകയുണ്ടായി. ഈ വാഹനങ്ങളിൽ റിസർവ് ചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് തിരിച്ചുനൽകുമെന്നു കെഎസ്ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്. ദീർഘദൂര സർവീസുകൾ നടത്തുന്ന വാഹനങ്ങൾ പണിമുടക്കിയാൽ പകരം കെ സ്വിഫ്റ്റ് സർവീസുകൾ ഉപയോഗിക്കുമെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അറിയിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ശമ്പളം മുടങ്ങിയതു മൂലം ഉണ്ടായിരിക്കുന്നത്.
അതേസമയം ശമ്പള പ്രതിസന്ധിമൂലം കെഎസ്ആർടിസി സർവീസുകൾ വെട്ടിച്ചുരുക്കുമ്പോൾ കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണു തമിഴ്‌നാട് ആർടിസി. കേരളത്തിലേതിനു സമാനമായി നഷ്ടത്തിലാണു തമിഴ്‌നാട് ആർടിസിയും സർവീസ് നടത്തുന്നത്. എന്നാൽ പൊതുഗതാഗതത്തിൽ നിന്നു ലാഭം പ്രതീക്ഷിക്കുന്നില്ലെന്നും ജനസേവനമെന്ന നിലയിൽ ഇതിനെ മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെയാണ് സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സർക്കാർ ബസുകളിൽ സൗജന്യയാത്ര ഉറപ്പാക്കുന്നതെന്നും തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനിയും ബസ് സർവീസുകൾ ആരംഭിക്കാത്ത ഗ്രാമപ്രദേശങ്ങളിൽ ആവശ്യാനുസരണം പുതിയ സർവീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ ബസ് സർവീസുകളിൽ 70 ശതമാനത്തിൽ അധികവും സർക്കാരിന്റെ കീഴിലാണു പ്രവർത്തിക്കുന്നത്. തമിഴ്‌നാട്ടിലെ ഓർഡിനറി ബസുകളിൽ മിനിമം നിരക്ക് 5 രൂപയാണ്. ലിമിറ്റഡ് സ്റ്റോപ്പുകളിൽ 6 രൂപയും എക്സ്‌പ്രസ് ബസുകളിൽ 7 രൂപയും ഡീലക്‌സിൽ 11 രൂപയുമാണു നിലവിലെ മിനിമം നിരക്ക്. 8 കോർപറേഷനുകളിലായി 21000 സർക്കാർ ബസുകളാണു ദിവസവും നിരത്തിലിറങ്ങുന്നത്. നഷ്ടത്തിൽ സർവീസ് നടത്തുന്ന കോർപറേഷനുകൾക്ക് സബ്‌സിഡിയായി 1200 കോടി രൂപ ഓരോ മാസവും സർക്കാർ നൽകുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ