തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ ഇടപെടാൻ ഒരുങ്ങി ധനകാര്യ വകുപ്പ്. ശമ്പള പ്രശ്‌നം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ അനിശ്ചിതകാല സമരത്തിലേക്ക് സിഐടിയു അടക്കമുള്ളവർ നീങ്ങിയേക്കുമെന്ന സൂചനക്കിടെയാണ് ശമ്പള പ്രശ്‌നം പരിഹരിക്കാൻ നീക്കം തുടങ്ങിയത്. കെഎസ്ആർടിസി അധികൃതരുമായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ചർച്ച നടത്തി.ഇന്നലെ സിഐടിയു നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ശമ്പള പ്രതിസന്ധിയിൽ ഇടപെടണമെന്ന് മുഖ്യമന്ത്രി ധനവകുപ്പിനോട് നിർദ്ദേശിച്ചു.

ഇതോടെ ധനമന്ത്രി കെഎസ്ആർടിസി അധികൃതരുമായി ചർച്ച നടത്തുകയായിരുന്നു. ശമ്പള വിതരണത്തിനായി 82 കോടി രൂപയാണ് ആവശ്യമായുള്ളത്. നിലവിൽ സർക്കാർ അനുവദിച്ച 30 കോടി രൂപയാണ് കെഎസ്ആർടിസിയുടെ കൈയില്ലുള്ളത്. ബാക്കി തുക കെടിഡിഎഫ്‌സിയിൽ നിന്നടക്കം വായ്പയായി കണ്ടെത്താനാണ് ശ്രമം. ഇതിൽ സർക്കാർ ഗ്യാരന്റി നൽകണം. അധിക ധനസഹായം കണ്ടെത്തുന്നതും, വായ്പയ്ക്ക് ഈട് നിൽക്കുന്നതുമടക്കമുള്ള കാര്യങ്ങൾ ധനമന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നാണ് വിവരം. ശനിയാഴ്ചയ്ക്കുള്ളിൽ ശമ്പള വിതരണം നടത്താനാണ് ശ്രമം.

അതേസമയം ശമ്പളം വൈകുന്നത്തിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് സിഐടിയു. ജീവനക്കാരുടെ ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന ഗതാഗതന്ത്രിയുടെ പ്രസ്താവന അപക്വവും അനവസരത്തിൽ ഉള്ളത്താണെന്നും സിഐടിയു വിമർശിച്ചു. വെള്ളിയാഴ്ച ചീഫ് ഓഫീസിന് മുന്നിൽ സിഐടിയു പ്രതിഷേധ സംഗമവും, അനിശ്ചിതകാല പ്രക്ഷോഭ പ്രഖ്യാപനവും നടത്തും. ശനിയാഴ്ച മന്ത്രിമാരുടെ വീടുകളിലേക്ക് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പട്ടിണി മാർച്ച് സംഘടിപ്പിക്കാൻ ബിഎംഎസും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, 700 സിഎൻജി ബസ്സ് വാങ്ങാൻ 455 കോടി രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിദേശ പര്യടനം കഴിഞ്ഞ് സിഎംഡി നാളെ തിരിച്ചെത്തുന്നതോടെ എല്ലാം ശകിയാകുമെന്ന് വീണ്ടും പ്രതീക്ഷ. എന്നാൽ, കെഎസ്ആർടിസിയുടെ ശമ്പള പ്രതിസന്ധി ഇന്നത്തെ മന്ത്രിസഭായോഗത്തിലും ചർച്ചയായില്ല. പക്ഷേ, സിഎൻജി ബസ്സ് വാങ്ങാൻ 455 കോടി രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. 700 ബസ്സ് വാങ്ങാനാണ് തുക അനുവദിച്ചത്.

ഇതുവരെയും ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം കൊടുത്തിട്ടില്ല. എന്ന് കൊടുക്കുമെന്ന കാര്യത്തിൽ തീരുമാനം ഇനിയും ആയിട്ടുമില്ല. പകുതി ശമ്പളമെങ്കിലും കൊടുക്കാൻ കഴിയുമോ എന്ന ചർച്ച കെഎസ്ആർടിസിയിൽ നടക്കുന്നനിടെയാണ് സിഎൻജി ബസുകൾ വാങ്ങാൻ 455 കോടി രൂപയുടെ സർക്കാർ സഹായം. കിഫ്ബി വഴിയാണ് സഹായം എത്തിക്കുക. പത്ത് മാസത്തിനകം ബസുകൾ വാങ്ങാനാണ് പദ്ധതി. ആയിരം സിഎൻജി ബസ് വാങ്ങാൻ 2016 ലെ ബജറ്റിൽ തീരുമാനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല.

നിലവിൽ കെഎസ്ആർടിസിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്നത് ഒരു സിഎൻജി ബസ് മാത്രമാണ്. പരിസ്ഥിതി സൗഹൃദമെങ്കിലും കയറ്റിറക്കമുള്ള കേരളത്തിന്റെ നിരത്തുകളിൽ ബസ് പ്രായോഗികമല്ലെന്ന വിമർശനം കെഎസ്ആർടിസിക്ക് അകത്ത് തന്നെയുണ്ട്. ഇന്ധന വില ഡീസലിനൊപ്പം ഉയർന്ന സാഹചര്യവും ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.