- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂകാംബികയിലേക്ക് പുറപ്പെട്ട ബസ് ഗോവയിൽ എത്തിയത് അടക്കമുള്ള വിവാദങ്ങൾ പബ്ലിസിറ്റിയായി; പെർഫോമൻസിൽ കെ സ്വിഫ്റ്റ് അടിപൊളി; 55775 യാത്രക്കാരുമായി 1078 യാത്രകൾ; ഒരു മാസത്തിനിടെ സ്വിഫ്റ്റിന്റെ വരുമാനം 3,01,62,808 രൂപ; വൻ വിജയമെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: ഉദ്ഘാടനത്തിന് പിന്നാലെ ഉണ്ടായ അപകടങ്ങളും മൂകാംബികയിലേക്ക് പുറപ്പെട്ട് ഗോവയിൽ എത്തിയത് അടക്കമുള്ള വിവാദങ്ങളും കത്തി നിൽക്കുമ്പോഴും സംസ്ഥാന, അന്തർ-സംസ്ഥാന ദീർഘദൂര യാത്രകളിൽ വിജയക്കുതിപ്പിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ്.
സംസ്ഥാന സർക്കാർ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ഒരു മാസത്തെ വരുമാനക്കണക്ക് പുറത്ത് വിട്ടുകൊണ്ടാണ് വിജയകരമെന്ന് അധികൃതർ വിലയിരുത്തിയത്.
ഒരു മാസം പിന്നിട്ടപ്പോൾ സ്വിഫ്റ്റിന്റെ വരുമാനം 3,01,62,808 രൂപയാണെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. 549 ബസുകൾ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളിൽ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്പോൾ സ്വിഫ്റ്റ് ബസ് പദ്ധതി വൻ വിജയത്തോടെയാണ് മുന്നേറുന്നതെന്നും സർക്കാർ അവകാശപ്പെട്ടു.
എസി സീറ്റർ, നോൺ എസി സീറ്റർ, എസി സ്ലീപ്പർ എന്നീ വിഭാഗത്തിലുള്ള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സർവീസ് നടത്തുന്നത്. നോൺ എസി വിഭാഗത്തിൽ 17 സർവീസും എസി സീറ്റർ വിഭാഗത്തിൽ അഞ്ച് സർവീസും, എസി സ്ലീപ്പർ വിഭാഗത്തിൽ നാല് സർവീസുകളുമാണ് ദിനംപ്രതിയുള്ളത്.
കോഴിക്കോട്-ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം-ബംഗളൂരു, തിരുവനന്തപുരം-ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പർ ബസ് ഒരു ദിവസം ഓടുന്നത്. എസി സീറ്റർ വിഭാഗത്തിൽ കോഴിക്കോട്-ബംഗളൂരു, തിരുവനന്തപുരം-പാലക്കാട് രണ്ട് വീതം സർവീസും, പത്തനംതിട്ട-ബംഗളൂരു ഒരു സർവീസും നടത്തുന്നുണ്ട്.
നോൺ എസി വിഭാഗത്തിൽ തിരുവനന്തപുരം-കോഴിക്കോട് മൂന്ന്, തിരുവനന്തപുരം-കണ്ണൂർ ഒന്ന്, നിലമ്പൂർ-ബംഗളൂരു ഒന്ന്, തിരുവനന്തപുരം-പാലക്കാട് ഒന്ന്, തിരുവനന്തപുരം-നിലമ്പൂർ ഒന്ന്, തിരുവനന്തപുരം-സുൽത്താൻബത്തേരി രണ്ട്, പത്തനംതിട്ട-മൈസൂർ ഒന്ന്, പത്തനംതിട്ട-മംഗലാപുരം ഒന്ന്, പാലക്കാട്-ബംഗളൂരു ഒന്ന്, കണ്ണൂർ-ബംഗളൂരു ഒന്ന്, കൊട്ടാരക്കര-കൊല്ലൂർ ഒന്ന്, തലശ്ശേരി-ബംഗളൂരു ഒന്ന്, എറണാകുളം-കൊല്ലൂർ ഒന്ന്, തിരുവനന്തപുരം-മണ്ണാർക്കാട് ഒന്ന് എന്നിങ്ങനെ 17 സർവീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്. സീസൺ സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടുതൽ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്.
ഉദ്ഘാടന ദിവസം മുതലുണ്ടായ അപകടങ്ങളെത്തുടർന്ന് സ്വിഫ്റ്റ് സർവീസ് നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന സാഹചര്യമുണ്ടായിരുന്നു.
സർവിസ് ആരംഭിച്ചതുമുതൽ മുൻവിധിയോടെ ചില മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും സ്വിഫ്റ്റിനെ തകർക്കാനുള്ള മനഃപൂർവമായ ശ്രമം നടക്കുന്നുവെന്ന് കെഎസ്ആർടിസി അധികൃതർ വിമർശനം ഉന്നയിച്ചിരുന്നു.
സ്വിഫ്റ്റിന്റെ റൂട്ടുകൾ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റർമാരുടെ കുത്തക റൂട്ടുകളാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സ്വിഫ്റ്റിന്റെയും സ്വകാര്യ ബസുകളുടെയും ബെംഗളുരു-എറണാകുളം റൂട്ടിലെ സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകളുടെ നിരക്കുകൾ പറഞ്ഞുകൊണ്ടുള്ള കുറിപ്പ്, സ്വകാര്യ ബസുകാരുടെ വെള്ളി-ഞായർ കൊള്ള യാത്രക്കാർ എളുപ്പത്തിൽ തിരിച്ചറിയുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. കെ സിഫ്റ്റിനെ ലക്ഷ്യമിട്ടുള്ള വിവാദങ്ങൾ സർവീസിന്റെ പബ്ലിസിറ്റി വർദ്ധിക്കുന്നതിന് ഇടയാക്കിയെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
മൂകാംബികയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിൽ എത്തിയെന്ന വാർത്ത കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും ഇതിന്റെ വാർത്ത കട്ടിംഗും, ചില പ്രദേശിക ചാനലുകൾ ചെയ്ത വീഡിയോകളും ഇതിന്റെ ഭാഗമായി വ്യാപകമായി പ്രചരിച്ചിരുന്നു.
മൂകാംബികയിലേക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവൻ ബീച്ചിൽ എത്തിയെന്നും രാവിലെ കണ്ടത് അർദ്ധനഗ്‌നരായ വിദേശികളെയാണ് എന്നുമാണ് നേരത്തെ പ്രചരിച്ച വാർത്തകളുടെ ഉള്ളടക്കം. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണവുമായി കെഎസ്ആർടിസി രംഗത്തെത്തിയിരുന്നു.
കെഎസ്ആർടിസിയുടെ വിശദീകരണം.
മെയ് മാസം 8 ന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി അലഞ്ഞുവെന്നതരത്തിലാണ് റിപ്പോർട്ടുകൾ വന്നത്. വാർത്തയിൽ വന്നത് പോലെ നിലവിൽ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലെക്ക് കെഎസ്ആർടിസി - സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നില്ല.
കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ എയർ ഡീലക്‌സ് ബസുകൾ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവ്വീസ് നടത്തുന്നത്. വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ സിഎംഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ മെയ് 8 ന് കൊട്ടരക്കരക്കയിൽ നിന്നുള്ള സർവ്വീസിലേയും, എറണാകുളത്ത് നിന്നുള്ള സർവ്വീസിലേയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് റൂട്ട് മാറി സർവ്വീസ് നടത്തിയില്ലെന്നും, യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്. കൂടാതെ ആ സർവ്വീസുകളിൽ ട്രെയിനിങ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്‌പെക്ടർമാർ നൽകിയ റിപ്പോർട്ടും ബസ് വഴി മാറി സഞ്ചരിച്ചില്ലെന്നുമാണ്. കൂടാതെ ബസുകളുടെ 7,8,9,10 തീയതികളിലെ ലോഗ് ഷീപ്പ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകൾ സർവ്വീസ് നടത്തിയിട്ടുള്ളൂവെന്നും കണ്ടെത്തി.
കൂടാതെ ബസ് ദിശമാറി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ പരാതിയും വിജിലൻസ് വിഭാ?ഗത്തിന് കിട്ടിയിട്ടുമില്ല. തുടർന്നാണ് ലഭ്യമായ രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പത്ര നവമാധ്യമങ്ങളിൽ വന്നത് പോലെ കെഎസ്ആർടിസി - സ്വിഫ്റ്റ് ബസ് ദിശമാറി ?ഗോവയിലേക്ക് സർവ്വീസ് നടത്തിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയത്.കെഎസ്ആർടിസി, കെഎസ്ആർടിസി - സ്വിഫ്റ്റ് ബസുകൾ അന്തർ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലേക്കാണ് കർണ്ണാടകത്തിലേക്ക് സർവ്വീസ് നടത്തുന്നത്. അത്തരം ഒരു കരാർ ഗോവയുമായി കെഎസ്ആർടിസി ഏർപ്പെട്ടിട്ടുമില്ല. ഗോവയിലേക്ക് സർവ്വീസ് നടത്തണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ?ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ഗോവയിലേക്ക് കടത്തി വിടില്ല.
മറുനാടന് മലയാളി ബ്യൂറോ