തിരുവനന്തപുരം: കെഎസ്ആർടിസിയെ നവീകരണത്തിന്റെ പാതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടോമിൻ തച്ചങ്കരി എംഡിയായി ചുമതലയേറ്റത്. സ്ഥാനമേറ്റ അന്നു മുതൽ അദ്ദേഹം പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ്. പൊതുസ്ഥലംമാറ്റം നടപ്പിലാക്കി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ ശ്രമിക്കുന്ന എംഡിക്കെതിരെ തൊഴിലാളി യൂണിയനുകളും രംഗത്തുണ്ട്. ഇതിനിടെ ദ്വീർഘദൂര സർവീസുകളെ കൂടുതൽ ആകർഷകമാക്കാനുള്ള പദ്ധതികളും തച്ചങ്കരി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് റെഡ് ബസുമായി കോർപ്പറേഷൻ കൈകോർത്തത്. ഇതോടെ കെഎസ്ആർടിസി ഓൺലൈനിൽ നിന്നും മാത്രം ടിക്കറ്റെടുക്കുന്ന സംവിധാനം അവസാനിപ്പിച്ച് സ്വകാര്യ യാത്രാ ബുക്കിങ് ഏജൻസികളെയും കെഎസ്ആർടിസി ആകർഷിച്ചു തുടങ്ങി.

ഇപ്പോൾ ദ്വീർഘദൂര യാത്രക്കാരെ വലയ്ക്കുന്ന പ്രശ്‌നത്തിന് പരിഹാരമായി ഒരു മാർഗം കണ്ടെത്തിയിരിക്കയാണ് തച്ചങ്കരി. കെഎസ്ആർടിസിയെ നവീകരിക്കാൻ വേണ്ടി 'മൈസൂർ മോഡൽ' പരീക്ഷിക്കാൻ ഒരുങ്ങിയിരിക്കയാണ് അദ്ദേഹം. രാജ്യത്ത് ബസ് യാത്രക്കാർക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കുന്നത് മൈസൂർ കെഎസ്ആർടിസിയാണ്. അവിടെ നടപ്പിലാക്കിയ കാര്യങ്ങൾ മാതൃകാപരമാണ് താനും. ഈ മാതൃകയിൽ കെഎസ്ആർടിസിയെയും മാറ്റാനാണ് തച്ചങ്കരിയുടെ പദ്ധതി.

ദ്വീർഘദൂര സർവീസുകളിൽ നിന്നും യാത്രക്കാർ അകന്നു നില്ക്കാൻ പലപ്പോഴു കാരണം ബസുകളെ ട്രാക്കു ചെയ്യാൻ കഴുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ തീവണ്ടകളെ ആശ്രയിക്കുന്ന നല്ലൊരു ശതമാനമുണ്ട്. ഇതിന് പരിഹാരമായി കെഎസ്ആർടിസി ബസുകളെ ട്രാക്കു ചെയ്യാൻ വേണ്ടി യൂബർ മാതൃകയിൽ ജിപിഎസ് സംവിധാനം കൊണ്ടുവരനാണ് നീക്കം. ഇതിനുള്ള പദ്ധതികളും തയ്യാറായിട്ടുണ്ട്. ബസുകൾ എവിടൈ എത്തി എന്നറിയാനുള്ള മാർഗ്ഗമാകും ഈ സംവിധാനത്തിലുണ്ടാകുക.

ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുമായി ബന്ധപ്പെടുത്തിയാണ് ഈ പരിഷ്‌ക്കരണങ്ങൾ കൊണ്ടുവരിക. യാത്രക്കാർക്ക് ബസ് എവിടെ എത്തി എന്നറിയാൻ ബസ് സ്റ്റാൻഡുകളിൾ അറൈവൽ ടൈം കാണിക്കും വിധം ബോർഡുകൾ സ്ഥാപിക്കും. ഇത് കൂടാതെ ട്രാവൽ കാർഡ് സംവിധാനം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. ഇതിനുള്ള സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്തും. അതിനുള്ള ചർച്ചകളും ഇതോടൊപ്പം നടക്കുന്നുണ്ട്. കെഎസ്ആർടിസി നവീകരണത്തിനായി കേന്ദ്രസർക്കാറിൽ നിന്നും ഫണ്ടുകൾ വകയിരുത്തിയിട്ടുണ്ട്.

നവീകരണത്തിനായി 20 കോടി വകയിരുത്തിയതിൽ തുക ഇനിയും ചെലവാക്കാൻ അധികാരികൾക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് ഈ ഫണ്ട് ഉപയോഗിക്കുന്ന വിധത്തിലേക്കായിരിക്കും പുതിയ പദ്ധതികൾ. ബസ് എവിടെ എത്തി എന്നറിയുന്ന വിധത്തിൽ കാര്യങ്ങൾ മാറിയാൽ പ്രൈവറ്റ് ബസുകളേക്കാൾ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ കെഎസ്ആർടിസി നവീകരണ പദ്ധതിയുടെ ഭാഗമായി റെഡ്ബസുമായി കരാറിലായിരുന്നു. കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ നിലവിൽ ബുക്ക് ചെയ്തിരുന്ന അവസ്ഥ പരിഷ്‌ക്കരിച്ചു കൊണ്ടാണ് നഷ്ടത്തിലോടുന്ന ആനവണ്ടിയെ കരകയറ്റാൻ വേണ്ടി പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

മെയ് 21 മുതൽ കെഎസ്ആർടിസി ടിക്കറ്റുകൾ റെഡ് ബസിൽ ലഭ്യമായി തുടങ്ങും. കേരളത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന കെഎസ്ആർടിസിയുടെ സേവനം കൂടുതൽ വ്യാപിപ്പിക്കുന്നതിന്് വേണ്ടിയാണ് റെഡ്ബസുമായി കൈകോർക്കുന്നത്. ഇതിനോടകം 20 സംസ്ഥാനങ്ങലിലെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്ങുകൾ റെഡ്ബസുമായി കൈകോർത്ത് പ്രവർത്തിക്കുന്നുണ്ട്. റെഡ്ബസിന് പുറമേ കെഎസ്ആർടിസിയുടെ നിലവിലെ വെബ്സൈറ്റ് (www.ksrtconline.com) വഴിയും ബുക്കു ചെയ്യാനുള്ള അവസരം ലഭ്യമാകുന്നതാണ്. റെഡ്ബസുമായി കരാറിൽ ഏർപ്പെടുന്നത് വഴി 'makemy trip', 'goibibo' സൈറ്റുകൾ വഴിയും ഇനി കെഎസ്ആർടിസി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുവാൻ കഴിയുന്നതാണ്. യാത്രക്കാർക്ക് ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

റെഡ് ബസുമായി കരാറിൽ ഏർപ്പെടുമ്പോൾ മുൻകൂറായി അവർക്ക് റീച്ചാർജ്ജ് വൗച്ചർ നൽകുന്നത് വഴി കെഎസ്ആർടിസിക്ക് പണം സ്വരൂപിക്കാൻ സാധിക്കും. റെഡബസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരന് 4.5 ശതമാനം സർവീസ് ചാർജ്ജ് ഈടാക്കും. നിലവിൽ കെഎസ്ആർടിസി ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന് 20 രൂപ സർവീസ് ചാർജ്ജ് ഈടാക്കുന്നുണ്ട്. എന്നാൽ, ഇതിൽ 5.50 രൂപ മാത്രമാണ് മറ്റു തുക വെബ്സൈറ്റ് ഡെവലപ്പ് ചെയ്ത കെൽട്രോണിനാണ് ലഭിക്കുന്നത്. കെട്രോൺട്രോണിൽ നിന്നും ഊരാളുങ്കൽ സൊസൈറ്റി ഉപകരാർ എടുക്കുകയും റേഡിയന്റ് എന്ന കമ്പനിയെ ഏൽപ്പിക്കുകുമാണ് ചെയ്തിരിക്കുന്നത്. ഓൺലൈൻ ബുക്കിങ് വ്യാപകമായതോടെ കെൽട്രോണുമായുള്ള കരാർ കോർപ്പറേഷന് വലിയ നഷ്ടമാണ് ഉണ്ടായത്.