കൊല്ലം: കെ എസ് ആർ ടി സിയുടെ സിഎംഡി സ്ഥാനം ടോമിൻ തച്ചങ്കരി ഏറ്റെടുക്കുന്നത് കടുത്ത വെല്ലുവിളിയോടെയാണ്. നാശത്തിലേക്ക് കൂപ്പു കുത്തുന്ന കെ എസ് ആർ ടി സിയെ രക്ഷിക്കാൻ അവസാന ശ്രമമെന്ന നിലയിലാണ് കർകശക്കാരനായ തച്ചങ്കരി ആനവണ്ടിയുടെ ചുമതല ഏറ്റെടുക്കുന്നത്.

ഇടതുസർക്കാർ അധികാരത്തിൽവന്നശേഷം ഇരട്ടിപദവി ലഭിക്കുന്ന രണ്ടാമത്തെ ഐ.പി.എസുകാരനാണു ടോമിൻ തച്ചങ്കരി. കെ.എസ്.ആർ.ടി.സി. സി.എം.ഡിയായിമാത്രം നിയമിച്ചാൽ അത് തരംതാഴ്‌ത്തലിനു തുല്യമാകുമെന്നു തച്ചങ്കരി മുഖ്യമന്ത്രിയെ ധരിപ്പിച്ചതിനെതുടർന്നാണു പൊലീസിലെ പദവികൂടി നൽകി അദ്ദേഹത്തെ ഗതാഗതകോർപ്പറേഷനിലേക്കു നിയമിച്ചത്. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിലെ ലാഭത്തിലാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തച്ചങ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചുമതല ഏറ്റെടുക്കും മുമ്പേ തച്ചങ്കരി ജോലി തുടങ്ങിയത്. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കൊല്ലത്ത് തച്ചങ്കരി എത്തി. കെ എസ് ആർ ടി സി ഡിപ്പോയിൽ മിന്നിൽ പരിശോധനയും നടത്തി. ഞെട്ടിക്കുന്ന തിരിച്ചറിവുകളാണ് തച്ചങ്കരിക്ക് ലഭിച്ചത്.

കൊല്ലം ഡിപ്പോയിൽ എത്തിയ തച്ചങ്കരിയെ ആരും തിരിച്ചറിഞ്ഞില്ല. താനാണ് അടുത്ത എംഡിയെന്ന് ജീവനക്കാരോട് പറഞ്ഞു. പേര് പറഞ്ഞതോടെ കളി കാര്യമാകുമെന്ന് ജീവനക്കാർ ഭയന്നു. സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ മാത്രമാണ് കാര്യമായ പണി നടന്നത്. എല്ലായിടത്തും തച്ചങ്കരി പോയി. ഡീസൽ പമ്പിൽ പോയപ്പോൾ അവിടെയുള്ള ആൾക്ക് അതുമായി ബന്ധപ്പെട്ട് യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ല. ഡീസലിന്റെ ശുദ്ധത പരിശോധിക്കാനുള്ള നടപടികളെടുത്തു. അതിന് ശേഷം അളവും പരിശോധിച്ചു. വലിയ ക്രമക്കേടൊന്നും തച്ചങ്കരി കണ്ടില്ല. കമ്പിട്ടു നോക്കിയാണ് അവിടെയുണ്ടായിരുന്ന ജീവനക്കാരൻ അളവ് നോക്കിയതെന്നതും തച്ചങ്കരിയെ ഞെട്ടിച്ചു. അവിടെ നിന്ന് പോയത് വർക് ഷോപ്പിൽ. ഞെട്ടിക്കുന്ന സത്യങ്ങളാണ് തിരിച്ചറിഞ്ഞത്.

23 ബസുകളാണ് ഗാരേജിലുള്ളത്. ഇതിൽ ജെന്റം ബസുകൾ പോലും ഉണ്ട്. എല്ലാത്തിനും ചെറിയ കേട് പാട് മാത്രം. പക്ഷേ പണി ചെയ്തിട്ടുമില്ല. ഇതിന്റെ കാരണം ജീവനക്കാരോട് തന്നെ തിരക്കി. 500 രൂപയുടെ സാധനം വരെ വാങ്ങാനെ വർക് ഷോപ്പിലുള്ളവർക്ക് അധികാരവും അവകാശവും ഉള്ളൂ. കിടക്കുന്ന പല ബസിനും ആയിരം രൂപ മുതൽ 5000 രൂപവരെ സ്‌പെയർ പാർട്‌സ് വേണം. അതു വാങ്ങാൻ കഴിയില്ല. ഇതിനായി ഹെഡ് ഓഫീസിലേക്ക് കത്തെഴുതും. പണം അനുവദിച്ച് മറുപടി വന്നാൽ മാത്രമേ സ്‌പെയർ പാർട്‌സ് വാങ്ങാനാവൂ. അതുകൊണ്ട് തന്നെ ചെറിയ പണി വന്നാൽ പോലും ദീർഘകാലം ബസുകൾ ഗാരേജിൽ കിടക്കും. അതായത് ബസ് നന്നാക്കാൽ 5000 രൂപ ചെലവാക്കാൻ ഗാരേജുകൾക്ക് അധികാരമില്ല. ഇങ്ങനെ ബസ് ഓടാത്തത് മൂലം ദിവസം പതിനായിരം രൂപയുടെ നഷ്ടമാണ് കെ എസ് ആർ ടിസിക്ക് കിട്ടുന്നത്.

എംഡിയാണ് വന്നതെന്ന് അറിഞ്ഞ് ജീവനക്കാർ ആവേശത്തോടെ തച്ചങ്കരിക്കൊപ്പം കൂടി. എല്ലാം പറഞ്ഞു. ചട്ടങ്ങളിലെ പോരായ്മയാണ് കെ എസ് ആർ ടി സിയെ വലയ്ക്കുന്നത്. തീരുമാനം എടുക്കാൻ ആളില്ല. എടുത്താലും നടപ്പാക്കിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല. ഇതു കൊണ്ട് തന്നെ ജീവനക്കാർ ഉഴപ്പുന്നു. അസമയത്ത് പെയിന്റ് അടിക്കുന്നവരെ പോലും കെ എസ് ആർ ടി സിയുടെ കൊല്ലം ഡിപ്പോയിൽ തച്ചങ്കരി കണ്ടു. മിന്നിൽ സന്ദർശനമായതു കൊണ്ട് ആർക്കും ഒന്നും നേരയാക്കാൻ കഴിയാത്തതു കൊണ്ട് എല്ലാം നേരിട്ട് മനസ്സിലാക്കാൻ ആയി. മാധ്യമ പടയ്ക്കും സന്ദർശന വിവരം തച്ചങ്കരി പറഞ്ഞു കൊടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലാം രഹസ്യമായി ക്ലീൻ ക്ലീനായി നടന്നു. ചുമതലയേറ്റ ശേഷവും ഇത്തരം പരിശോധനകൾ തുടരും.

ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാനാണ് തച്ചങ്കരി പ്രധാനമായും ആലോചിക്കുന്നത്. പരമാവധി സർവ്വീസുകൾ നടത്താനാണ് ഉദ്ദേശം. തിങ്കളാഴ്ച ചുമതലയേൽക്കുന്ന തച്ചങ്കരിയെ കാണാനെത്തിയ ഗതാഗത കോർപ്പറേഷനിലെ യൂണിയൻ നേതാക്കളോടു തച്ചങ്കരി കൃത്യമായി മറുപടി പറഞ്ഞു. ഞാൻ വരട്ടെ, എല്ലാം ശരിയാകും. പക്ഷേ, യൂണിയൻ നേതാക്കളുടെ ജോലിയിലെ പ്രവർത്തനമികവ് കൃത്യമായി പരിശോധിച്ചിരിക്കുമെന്നും തച്ചങ്കരി അറിയിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ചുള്ള നടപടികൾ തച്ചങ്കരി എടുക്കുമെന്നാണ് സൂചന. ഇതിനെ ജീവനക്കാർ എങ്ങനെ എടുക്കുമെന്നതാണ് സൂചന.

സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയെ അഴിച്ചുപണിയാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് തച്ചങ്കരി കെ എസ് ആർ ടി സിയിൽ എത്തുന്നത്. നഷ്ടത്തിലായിരുന്ന മാർക്കറ്റ് ഫെഡ്, കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി, കൺസ്യൂമർഫെഡ് എന്നിവിടങ്ങളിൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കെഎസ്ആർടിസിയുടെ തലപ്പത്ത് എത്തിച്ചതെന്നാണ് സൂചന.