കൊച്ചി: കെടുകാര്യസ്ഥതയാണ് കെഎസ് ആർടിസിയെ തകർക്കുന്നത്. ബസുകൾ വാങ്ങിക്കൂട്ടും. എന്നാൽ അത് നന്നായി സൂക്ഷിക്കില്ല. അതിനോട് ആർക്കും താൽപ്പര്യമില്ല. കമ്മീഷൻ കള്ളക്കളിക്കായി എന്തും വാങ്ങിക്കൂട്ടും. അതുകഴിഞ്ഞാൽ താൽപ്പര്യം പോകും. ഇതിന് തെളിവാണ് ഈ ബസിന്റെ കഥയും.

എൺപതു ലക്ഷം വിലകൊടുത്തു വാങ്ങിയ വോൾവോ ബസ് ആക്രിവിലയ്ക്കു വിൽക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആർ.ടി.സി. ഇപ്പോൾ. ആറുവർഷം മുമ്പ് വാങ്ങിയ വാഹനം ഗ്യാരേജിൽ തുരുമ്പെടുത്തു തുടങ്ങിയതാണ് ഇതിന് കാരണം. എയർകണ്ടീഷനിലും ബാറ്ററിയിലുമാണ് തകരാർ. നന്നാക്കിയെടുക്കാൻ 25,000 രൂപയേ ചെലവു വരൂ. പക്ഷേ അതുപോലും ചെയ്യില്ല. കാരണം ഈ ബസ് ആക്കിറിക്ക് കൊടുക്കണം. അതിന് ശേഷം പുതുതൊന്ന് വാങ്ങണം. അപ്പോൾ തലപ്പത്തുള്ളവർക്ക് വീണ്ടും കിട്ടും കമ്മീഷൻ. ആനവണ്ടിയുടെ ഓട്ടം ഗംഭീരമാകുമെന്ന് കരുതി പെൻഷൻ പോലും മുടങ്ങി കാത്തിരിക്കുന്നവരുടെ പ്രതീക്ഷകളാണ് ഇത്തരം സംഭവങ്ങൾ തകർക്കുന്നത്.

മാസങ്ങൾക്കു മുമ്പുവരെ ആലപ്പുഴ ഡിപ്പോയിൽ നിന്നു ബംഗളൂരുവിലേക്കു സർവീസ് നടത്തിയ ഗരുഡ് സഞ്ചാരി വോൾവോ (ആർ.എ. 102) ബസാണ് ആക്രി ആയി മാറിയത്. തകരാറായി വഴിയിലായതോടെ വോൾവോ ബസ് തകരാർ പരിഹരിക്കുന്ന അരൂരിലെ ഡിപ്പോയിലായി പിന്നീട് കുറേനാൾ. നിസാരപണികൾ തീർത്ത് ആറുമാസം മുമ്പ് എറണാകുളത്തെത്തിച്ചു. എന്നാൽ, സർവീസിന് ഇറക്കിയില്ല. പിന്നീട് ബാറ്ററി കേടായി. രണ്ടാഴ്ച മുമ്പുവരെ എറണാകുളം ഡിപ്പോയുടെ വഴിയോരത്തു കിടന്നു. ഇപ്പോൾ മറ്റൊരു ബസിന്റെ ബാറ്ററി ഘടിപ്പിച്ചു ഗ്യാരേജിലെത്തിച്ചിരിക്കുകയാണ്.

വെറും 25,000 രൂപയിൽ തീരുന്ന പ്രശ്‌നം. എന്നാൽ ഇത്ര തുക ചെലവഴിച്ചു നന്നാക്കി ഓടിച്ചാലും അതിനുള്ള ലാഭം കിട്ടില്ലെന്ന് ആനവണ്ടിയുടെ തലപ്പത്തുള്ളവർ പറയുന്നു. നീളം കൂടിയ വോൾവോ ആയതിനാൽ സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കും പറ്റില്ല. ഇതൊന്നും പക്ഷേ ബസ് വാങ്ങുമ്പോൾ ആരും ഓർക്കില്ല. 80 ലക്ഷത്തിന് ബസ് വാങ്ങിയാൽ പതിവ് രീതിക്ക് അനുസരിച്ച് എട്ട് ലക്ഷം രൂപ ഏമാന്മാർക്ക് കിട്ടും. ഇതു തന്നെയാണ് വോൾവോ ബസിനേയും തളർത്തുന്നത്. ഇനി ഇത് ആക്കിറിയായി മാറും. ഈ ബസ് കുമരകത്തെയും എറണാകുളത്തെയും ടൂറിസംകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഓടിക്കാൻ പദ്ധതിയിട്ടെങ്കിലും അതും സമർത്ഥമായി അട്ടിമറിച്ചു.

മാസങ്ങളായി മുടങ്ങിക്കിടക്കുന്ന കെ.എസ്.ആർ.ടി.സി പെൻഷന് കിട്ടാത്തതു മൂലമുള്ള ആത്മഹത്യകൾ തുരുകയാണ്. മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശിക തീർക്കാൻ 224 കോടി രൂപയാണു കെ.എസ്.ആർ.ടി.സിക്കു വേണ്ടത്. പെൻഷന്റെ പകുതി സർക്കാർ നൽകാമെന്നതാണു കെ.എസ്.ആർ.ടി.സിയുമായി നിലവിലുള്ള ധാരണ. ഇതനുസരിച്ച് ഒരു വർഷം 360 കോടി രൂപ നൽകിയാൽ മതി. ഈമാസം നാലിന് നൽകിയ 70 കോടി രൂപയടക്കം 630 കോടി രൂപ 10 മാസത്തിനിടെ സർക്കാർ നൽകിയിട്ടുണ്ട്. മുഴുവൻ പെൻഷൻ ഏറ്റെടുത്താലും 600 കോടി രൂപ നൽകിയാൽ മതിയെന്നിരിക്കെയാണ് സർക്കാർ ഇതുവരെ 630 കോടി രൂപനൽകിയിരിക്കുന്നത്. ഇതിനു പുറമെ സർക്കാർ ഗ്യാരന്റിയിൽ 505 കോടി രൂപ വായ്പയെടുത്തും നൽകിയിട്ടുണ്ട്. പദ്ധതി വിഹിതമായി മറ്റൊരു 47 കോടി രൂപ വേറെയും നൽകി. ഇത്രയെക്കെയായിട്ടും പ്രതിസന്ധി തീരാത്ത സ്ഥാപനത്തിലാണ് കെടുകാര്യസ്ഥതയും അരങ്ങേറുന്നത്.

സർക്കാർ പെൻഷൻ ഏറ്റെടുത്താൽ തീരുന്നതല്ല കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിയെന്ന് ധനമന്ത്രി തോമസ് ഐസകും വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളവും പെൻഷനും സർക്കാർ നൽകുന്ന രീതി അധികകാലം മുന്നോട്ടു പോകില്ലെന്നും സംസ്ഥാന സർക്കാരിനു പുതിയ റവന്യു ബാധ്യതകൾ ഏറ്റെടുക്കാനാവില്ലെന്നും മന്ത്രി നേരത്തേയും പറഞ്ഞിരുന്നു.