തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ അഭിമാനപദ്ധതിയായ സാമൂഹിക സുരക്ഷാ പെൻഷനിൽ ആശങ്ക ശക്തം. പെൻഷൻ വിതരണക്കമ്പനിയായ കേരള സോഷ്യൽ സെക്യൂരിറ്റീസ് പെൻഷൻ ലിമിറ്റഡിന് (കെ.എസ്.എസ്‌പി.എൽ.) നിലവിലുള്ള ഗുണഭോക്താക്കൾക്ക് മുടക്കംവരുത്താതെ പെൻഷൻ വിതരണം ചെയ്യണമെങ്കിൽ വർഷം കണ്ടെത്തേണ്ടത് പതിനായിരം കോടി രൂപയാണ്. എന്നാൽ ഇനി കടം എടുക്കൽ പ്രതിസന്ധിയിലുമാണ്.

സർക്കാർ അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ സങ്കീർണമായ പ്രതിസന്ധിയിലേക്ക് സ്ഥാപനം പോകും. സംസ്ഥാനത്തെ ക്ഷേമനിധികളെല്ലാം ലയിപ്പിച്ച് കെ.എസ്.എസ്‌പി.എല്ലിനെ സംസ്ഥാനത്തിന്റെ ഒറ്റ പെൻഷൻ ഫണ്ടാക്കി മാറ്റുന്നത് പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന വിലയിരുത്തലുമുണ്ട്. പെൻഷൻ മുടങ്ങും മുമ്പേ ഇക്കാര്യങ്ങളിൽ സർക്കാരിന് തീരുമാനമെടുക്കേണ്ടി വരും. കടം 35,000കോടിയുണ്ടെങ്കിലും അപ്പപ്പോൾ നൽകുന്ന ബജറ്റ് വിഹിതത്തിലൂടെ പണം കണ്ടെത്താൻ കഴിയുമെന്നും സർക്കാർ വിലയിരുത്തുന്നുണ്ട്.

കെഎസ്എസ്‌പിഎൽ വലിയ കടക്കെണിയിലേക്ക് പോകുകയാണ്. ജൂൺ 2018ൽ കമ്പനി രൂപീകരിച്ചശേഷം 2022വരെ 32,000 കോടി രൂപയാണ് കടമെടുത്തത്. അതിന്റെ പലിശകൂടി കണക്കാക്കിയാൽ 35,000 കോടിയായി അത് ഉയരും. കെഎസ്എസ്‌പിഎല്ലിന് പണം നൽകുന്ന ബാധ്യതയിൽനിന്ന് സർക്കാർ പിന്മാറിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. നിശ്ചിത മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ, 60 വയസ്സ് കഴിഞ്ഞവർക്ക് 1600 രൂപ മാസപെൻഷൻ എന്നത് രാജ്യത്തുതന്നെ ആദ്യമാണ്. 600 രൂപയിൽനിന്നാണ് കഴിഞ്ഞ സർക്കാർ പെൻഷൻ 1600 രൂപയിൽ എത്തിച്ചത്. 52.27 ലക്ഷം ഗുണഭോക്താക്കൾ ഇതു കൈപ്പറ്റുന്നുണ്ട്.

52 ലക്ഷം ഗുണഭോക്താക്കൾക്കായി കൃത്യമായി പെൻഷൻ വിതരണം ചെയ്യുന്ന ഈ സംവിധാനം നിന്നുപോകുമോയെന്ന ആശങ്കയാണ് ഉയർന്നിട്ടുള്ളത്. കെഎസ്എസ്‌പിഎൽ, കിഫ്ബി തുടങ്ങിയ സ്ഥാനപങ്ങളുടെ കടങ്ങൾ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമായി കൂട്ടണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാടാണ് സംസ്ഥാനത്തിന്റെ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. അങ്ങനെ കണക്കുകൂട്ടിയാൽ ഇനിയും പണം കടമെടുക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ലെന്നുവരും. അത് ഈ പദ്ധതിയുടെ മരണമണിയാകുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.

കുടിശ്ശിക വരുത്താതെ മെയ്‌ വരെ പെൻഷൻ വിതരണം ചെയ്തു. വരുംവർഷങ്ങളിൽ ഈ തുകകൂടി കണക്കിലെടുത്ത് വായ്പാപരിധി വെട്ടിച്ചുരുക്കുമെന്ന കേന്ദ്രഭീഷണിയാണ് പ്രതിസന്ധിക്ക് കാരണം. നിലവിലുള്ള ഗുണഭോക്താക്കൾക്ക് മാസം 1600 രൂപവെച്ച് നൽകാന്മാത്രം വർഷം 10,036 കോടി രൂപ കമ്പനി കണ്ടെത്തണം. സർക്കാർ ജാമ്യം പിൻവലിച്ച സാഹചര്യത്തിൽ വായ്പ നൽകാൻ സ്ഥാപനങ്ങൾ തയ്യാറാകാൻ ഇടിയില്ല.

ബിവറേജസ് കോർപ്പറേഷൻ, കെ.എസ്.എഫ്.ഇ., പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം എന്നിവിടങ്ങളിൽനിന്ന് വായ്പ എടുക്കത്തക്ക വിധമാണ് കെ.എസ്.എസ്‌പി.എൽ. രൂപവത്കരിച്ചത്. 2021-'22-ലെ പെൻഷൻ വിതരണം ചെയ്യാൻ കണ്ടെത്തിയ തുകകൂടി പരിഗണിക്കുമ്പോൾ 30,000 കോടിയിലധികം കമ്പനി വായ്പയെടുത്തിട്ടുണ്ട്.

സാമൂഹ്യ സുരക്ഷാപെൻഷനുകൾ വിതരണം ചെയ്യാൻ മാത്രമായി രൂപീകരിച്ച ഈ കമ്പനിയുടെ ഡയറക്ടർമാർ ധനമന്ത്രിയും സർക്കാർ ഉദ്യോഗസ്ഥരുമാണ്. ധനമന്ത്രി ബാലഗോപാലാണ് മേധാവി. ധനമന്ത്രാലയത്തിലെ 400ാം നമ്പർ മുറിയാണ് രജിസ്‌ട്രേഡ് ഓഫിസ്. സിഎജി റിപോർട്ടനുസരിച്ച് കെഎസ്എസ്‌പിഎൽ 2019-20ൽ 6,843 കോടി രൂപ കടമെടുത്തു. 2020-21ൽ 8,604ആയി. ഈ വർഷം 6,700 കോടിയായി. ഈ വർഷത്തെ റിപോർട്ട് ഇനിയും വരാനുണ്ട്. ഇതുവരെ കമ്പനി 10,036 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. ഒരാൾക്ക് പ്രതിമാസം 1600 രൂപ വീതമാണ് നൽകുക. ഇതിനാവശ്യമായ പണത്തിന്റെ 90 ശതമാനവും കടമെടുത്താണ് കണ്ടെത്തുന്നത്. ഈ വർഷം ആദ്യപാദത്തിൽ 2,500 കോടി രൂപ കടമെടുത്തു.

കിഫ്ബിയായിരിക്കും കേരളത്തെ കടക്കെണിയിലാക്കുകയെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ അതിനേക്കാൾ വലിയ കുരിശായി മാറിയിരിക്കുകയാണ് കെഎസ്എസ്‌പിഎൽ. കെഎസ്എഫ്ഇ, ബെവ്‌കൊ, മോട്ടർ വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് തുടങ്ങിയവരാണ് പ്രധാനമായും പണം നൽകുന്നവർ. കൺസോർഷ്യം 50 ശതമാനം പണം നൽകും. ബാക്കി പണം കെഎസ്എഫ്ഇയാണ് നൽകുന്നത്. സർക്കാർ ഉറപ്പ് നൽകിയില്ലെങ്കിൽ ഇപ്പോൾ പണം നൽകുന്ന സ്ഥാപനങ്ങൾക്ക് പണം നൽകാൻ കഴിയാതെ വരും. ചുരുക്കത്തിൽ ആഗ്രഹമുണ്ടെങ്കിലും നടക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.