തിരുവനന്തപുരം: ചോദ്യപേപ്പർ തയ്യാറാക്കലും മൂല്യനിർണയവും സംബന്ധിച്ച് വിവാദങ്ങൾക്ക് പിന്നിലും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമായോ? ഉത്തര സൂചിക ശരിയല്ലെന്ന് പറയുന്നത് അദ്ധ്യാപകരാണ്. എന്നാൽ ഇതു മതിയെന്ന് വിദ്യാഭ്യാസ വകുപ്പും. കുട്ടികൾ ജയിക്കണമെങ്കിൽ ഉത്തര സൂചികയിൽ അദ്ധ്യാപകരുടെ നിലപാട് അംഗീകരിക്കേണ്ടതുണ്ട്. തെറ്റായ ഉത്തര സൂചികയാണെങ്കിൽ കുട്ടികൾ തോൽക്കും. അത് വിജയശതമാനത്തേയും ബാധിക്കും. ഇതാണ് സർക്കാരിന്റെ മനസ്സിലെ ആഗ്രഹമെന്നാണ് പുറത്തു വരുന്ന സൂചനകൾ. കൂടുതൽ കുട്ടികൾ ജയിച്ചാൽ ഉപരിപഠനത്തിന് കൂടുതൽ സീറ്റുകൾ വേണം. അതുണ്ടാക്കുമ്പോൾ സർക്കാരിന് അധിക ബാധ്യതയുണ്ടാകും. അതുകൊണ്ടാണ് വിജയ ശതമാനം കഴിഞ്ഞ തവണത്തേക്കാൾ കൂടാതിരിക്കാനുള്ള ഉത്തര സൂചികാ നിർമ്മാണം എന്നാണ് ഉയരുന്ന വിവാദം.

സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നവരെ അച്ചടക്ക നടപടിയിലൂടെ പുറത്താക്കും. അക്കാദമിക് വിഷയത്തിൽ അഭിപ്രായം പറയാനുള്ള അദ്ധ്യാപകരുടെ അവകാശം ഹനിക്കുന്നതിനെതിരേ പാലക്കാടും കണ്ണൂരും ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയിൽനിന്ന് പാലക്കാട് ജില്ലയിലെ 11 അദ്ധ്യാപകർ രാജിവെച്ചിട്ടുണ്ട്. പി. പ്രേമചന്ദ്രനെതിരായ നടപടികളിൽ അദ്ദേഹം കൂടി ഉൾപ്പെടുന്ന ഇടതുപക്ഷ സംഘടനയായ കെ.എസ്.ടി.എ. ഇടപെടൽ നടത്തുന്നില്ല എന്നതാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇതും ഏറെ ചർച്ചയായിട്ടുണ്ട്. സിപിഎം മന്ത്രി ഇല്ലാത്ത കെ എസ് ഇ ബിയിലും കെ എസ് ആർ ടി സിയിലും അനാവശ്യ സമരങ്ങൾ നടത്തുകയാണ് യൂണിയനുകൾ. എന്നാൽ പറയേണ്ട അഭിപ്രായം പറഞ്ഞതിന് അദ്ധ്യാപകർക്ക് രക്ഷയുമില്ല.

അദ്ധ്യാപകർ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾക്കെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ ഉരുക്കുമുഷ്ടി പ്രയോഗം കടുത്ത വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.പയ്യന്നൂരിലെ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകൻ പി. പ്രേമചന്ദ്രൻ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ നടപടികൾ തുടരുകയാണ്. ഇതിനിടയിലാണ് മൂല്യനിർണയത്തിനുള്ള ഉത്തര സൂചിക അട്ടിമറിച്ചെന്ന് ആരോപിച്ച് ഹയർ സെക്കൻഡറി കെമിസ്ട്രി മൂല്യനിർണയം അദ്ധ്യാപകർ ബഹിഷ്‌കരിക്കുന്നത്. മുൻ വർഷങ്ങളിൽ കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്ക് ലഭിച്ചിരുന്ന ഉയർന്ന ഗ്രേഡ് അട്ടിമറിക്കുക എന്നതാണ് ഇതിനുപിന്നിലുള്ള ലക്ഷ്യമെന്നും സി.ബി.എസ്.ഇയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥ ലോബിയും തമ്മിലുള്ള ഒത്തുകളിയാണിതെണെന്നും ആരോപണം ഉയരുന്നു.

ഫോക്കസ് ഏരിയ നിശ്ചയിച്ച് അതിൽനിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി എസ്.എസ്.എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിലെ അപാകതകൾക്കെതിരേ പ്രതികരിച്ചതിനാണ് പി. പ്രേമചന്ദ്രനെതിരേ വകുപ്പ് കാരണം കാണിക്ക് നോട്ടീസ് നൽകിയിരുന്നത്. ഫോക്കസ് ഏരിയ എന്ന സങ്കൽപം തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് ഇത്തവണത്തെ ചോദ്യപ്പേപ്പർ തയ്യാറാക്കലിൽ നടന്നിരിക്കുന്നതെന്നാണ് പ്രേമചന്ദ്രൻ പ്രധാനമായി ചൂണ്ടിക്കാട്ടിയത്. 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 60 എ വകുപ്പ് ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രേമചന്ദ്രന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നോട്ടീസ് നൽകി. വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ ആശയക്കുഴപ്പമുണ്ടാക്കി എന്നാണ് നോട്ടീസിൽ ആരോപിച്ചിരിക്കുന്നത്.

ഈ നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് അന്വേഷണം തുടരുകയാണ് ഇപ്പോഴും വിദ്യാഭ്യാസവകുപ്പ്. ഇതിന്റെ ഭാഗമായി അദ്ദേഹത്തെ വ്യാഴാഴ്ച വിദ്യാഭ്യാസ വകുപ്പ് ഹിയറിങ്ങിന് വിളിച്ചിരുന്നു. വകുപ്പിന്റെ ഇത്തരം നടപടികൾക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മൂല്യനിർണ്ണയത്തിനുള്ള ഉത്തര സൂചികയിലും ഫോക്കസ് ഏരിയ, നോൺ ഫോക്കസ് ഏരിയ തിരിച്ചുള്ള അശാസ്ത്രീയ വേർതിരിവാണ് പ്രശ്നത്തിനിടയാക്കിയത്. പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയ്ക്കാൻ കരുതിക്കൂട്ടി നടത്തുന്ന നടപടിയാണിതെന്നാണ് ഒരുവിഭാഗം അദ്ധ്യാപകർ ആരോപിക്കുന്നത്.

മുൻ വർഷങ്ങളിൽ വിജയശതമാനം കൂടുകയും വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ കോളേജുകളിലെ സീറ്റുകൾ തികയാതാവുകയും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കേണ്ടിവരികയും ചെയ്തു. ഇത്തരം പ്രശ്‌നങ്ങൾ ഈ വർഷം ഉണ്ടാകാതിരിക്കാൻ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട മാർക്കിൽ കുറവുവരുത്താനാണ് വിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. സർക്കാർ ജീവനക്കാർ സർക്കാർ നയത്തിനെതിരേ സംസാരിക്കുന്നത് വിലക്കുന്ന കെഎസ്ആറിലെ ചട്ടം ചൂണ്ടിക്കാട്ടിയാണ് അദ്ധ്യാപകർക്കെതിരേ നടപടിയെടുക്കുന്നത്.

എന്നാൽ അക്കാദമിക് വിഷയത്തിൽ അദ്ധ്യാപകർ നടത്തുന്ന അഭിപ്രായപ്രകടനത്തെ ഈ ചട്ടത്തിന്റെ കീഴിൽ ഉൾപ്പെടുത്താനാകില്ല എന്നതാണ് അദ്ധ്യാപകർ ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട വിഷയം.