തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ് യു സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പരാതിയിൽ എട്ടു പേർക്കെതിരെ കൂടി പൊലീസ് കേസെടുത്തു. കേസെടുത്ത എട്ടുപേരും എസ്എഫ്ഐ പ്രവർത്തകരാണ്. എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചു എന്ന പരാതിയിൽ കെഎസ്‌യു പ്രവർത്തകർക്ക് എതിരെയും കേസ് എടുത്തിരുന്നു.

അതേസമയം തന്നെ ആക്രമിച്ചത് അതി ക്രൂരമായിട്ടാണെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫീന പ്രതികരിച്ചു. യൂണിയൻ ഉദ്ഘാടനത്തിന് ശേഷം എട്ടരയോടെ പുറത്തേയ്ക്ക് പോകുന്ന സമയത്താണ് തങ്ങളെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചതെന്ന് സഫീന മാധ്യമങ്ങളോട് പറഞ്ഞു. 'എന്നെയും ആഷിക്കിനെയും മിഥുനെയും കോളജിൽ വച്ചാണ് ആക്രമിച്ചത്. അതിന് ശേഷം വീട്ടിൽ കയറി ദേവനാരായണനെയും കൂടെ ഉണ്ടായിരുന്ന പത്തുപേരെയും ആക്രമിച്ചു. തേപ്പുപെട്ടി ഉപയോഗിച്ച് തലയ്ക്ക് പരിക്കേൽപ്പിച്ചു. എന്നെ വലിച്ചിഴച്ചു. വീട്ടിലെ സാധനങ്ങൾ നശിപ്പിച്ചു. നീചവും ക്രൂരവുമായി ആക്രമണമാണ് ഉണ്ടായത്. സംഭവത്തിൽ നീതി ലഭിക്കണം. തെരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ പകയാവാം ആക്രമണത്തിന് കാരണം' -സഫീന പറഞ്ഞു.

അക്രമിച്ചതിനും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് പുതിയതായി കേസ് എടുത്തിരിക്കുന്നത്. അക്രമിക്കപെട്ട കെഎസ്‌യു നേതാവ് സഫീനയുടെ മൊഴിയെടുത്തു. സഫീനയെ അക്രമിച്ചതിനു കേസ് നേരത്തെ എടുത്തിട്ടുണ്ട്. വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളുടെ പേരിൽ എസ്എഫ്ഐ നടത്തിയ ആക്രമണം നീതിക്കേടാണെന്ന് സഫീന പറഞ്ഞു.

ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. യൂണിയൻ ഉദ്ഘാടനത്തിനിടെയുണ്ടായ വാക് തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് സംഭവം. സഫ്‌നയ്ക്കു പുറമേ ജനറൽ സെക്രട്ടറി ആഷിക്ക് അഷറഫ്, നിതിൻ തമ്പി, എസ്എഫ്‌ഐ പ്രവർത്തകൻ അനന്ദു എന്നിവർക്കാണ് പുരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജ് യൂണിയൻ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള പരിപാടികൾക്കിടെ ആയിരുന്നു സംഘർഷം.

ക്ലാസ് മുറിയിൽവച്ച് പരിപാടി നടത്തുന്നതിനിടെ ആഷിഖിനെ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്ന് കെഎസ്‌യു ആരോപിക്കുന്നു. ഇത് തടയുന്നതിനിടെയാണ് സഫീനയ്ക്കു മർദനമേറ്റത്. എസ്എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ എത്തി മർദിക്കുമ്പോൾ സഫീന എതിർക്കുന്നതും ഇതിനിടെ നിലത്തു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. നിലത്തുവീണ സഫ്‌നയെയും മറ്റു പ്രവർത്തകരെയും എസ്എഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദിക്കുകയായിരുന്നു.

എസ്എഫ്‌ഐ പ്രവർത്തകരാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്ന് കെഎസ്‌യു ആരോപിക്കുന്നു. വിദ്യാർത്ഥിനിയോട് കെഎസ്‌യു പ്രവർത്തകൻ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചതെന്ന്എസ്എഫ്‌ഐയും ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിലും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. നേരത്തെ നടന്ന പ്രശ്‌നങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവമെന്ന് മ്യൂസിയം പൊലീസ് പറയുന്നു.