തലശേരി: കെ.എസ്.യു ബ്രണ്ണൻ കോളേജ് യൂണിറ്റ് കമ്മിറ്റി ക്യാംപസിൽ സ്ഥാപിച്ച കൊടിമരവും കൊടിയും പിഴുതുമാറ്റി നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ബുധനാഴ്‌ച്ചയാണ് കെ. എസ്.യു പ്രവർത്തകർ ക്യാംപസിൽ കൊടിമരം സ്ഥാപിച്ചത്. ഏറെകാലത്തിന് ശേഷമാണ് കെ. എസ്.യുവിന്റെ കൊടിമരം ബ്രണ്ണനിൽ സ്ഥാപിക്കുന്നത്. പെൺകുട്ടികളടക്കമുള്ള പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ കൊടിമരം സ്ഥാപിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിലും പ്രചരിപ്പിച്ചിരുന്നു.

ഇതിനു ശേഷമാണ് ഇന്ന് രാവിലെ കൊടിമരം പിഴുതുമാറ്റിയ നിലയിൽ കണ്ടെത്തിയത്. ഇരുളിന്റെ മറവിൽ കൊടിമരം നശിപ്പിച്ചത് എസ്. എഫ്. ഐ പ്രവർത്തകരാണെന്നാണ് കെ. എസ്.യുവിന്റെ ആരോപണം. കൊടിമരവും കൊടിയും പിഴുതുകൊണ്ടുപോവുകയായിരുന്നു. ഇതുകണ്ടെത്താനായിട്ടില്ല.

തങ്ങൾക്ക് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിക്കെതിരെ കെ. എസ്.യു കോളേജ് യൂനിയൻ കമ്മിറ്റി കോളേജ് പ്രിൻസിപ്പലിനും ധർമടം പൊലിസിനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കെ. എസ്. യു പ്രവർത്തകർ ക്യാംപസിൽ പ്രകടനം നടത്തി. ക്യാംപസിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ച്് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് കെ.എസ്.യു യൂനിറ്റ് കമ്മിറ്റികൾ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തിൽ യൂനിറ്റ് പ്രസിഡന്റ് എം.സി അതുൽ, കെ.കെ ഉത്തര, കെ.അഭിരാം , എം.കെസക്കറിയ, സോന എന്നിവർ സംസാരിച്ചു.