- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിന് വേണ്ടി പ്രധാനമന്ത്രിക്കും അഡ്മിനിസ്ട്രേറ്റർക്കുമെതിരെ ട്വീറ്റ്; കെ.എസ്.യുവിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ട്വീറ്റ് ചെയ്തതിന് കെ.എസ്.യുവിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തെന്ന് ആരോപണം. കേന്ദ്രസർക്കാരിന്റെയും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെയും നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ട്വീറ്റ് ചെയ്തിരുന്നു.
ഇതിനു തൊട്ടു പിന്നാലെയാണ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ലക്ഷദ്വീപിലെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്.
ചുമതലയേറ്റത് മുതൽ പ്രഫുൽ പട്ടേൽ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികൾ ആരോപിക്കുന്നത്.
മാത്രമല്ല കോവിഡ് പ്രോട്ടോകോളിൽ ഇളവ് നൽകിയതോടെ ദ്വീപിൽ കോവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവൻ കൊവിഡിൽ മുങ്ങിയപ്പോഴും ഒരു വർഷത്തോളം രോഗത്തെ കടലിനപ്പുറം നിർത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്.
മറുനാടന് ഡെസ്ക്