തലശേരി: പാലയാട് ലീഗൽ സ്റ്റഡീസ് ക്യാംപസിൽ കെ എസ് യു നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ ധർമടം പൊലിസ് കേസെടുത്തു. കെ എസ് യു ജില്ലാ സെക്രട്ടറി ഫർഹാൻ, മണ്ഡലം പ്രസിഡന്റ് രാഗേഷ്, അർഷരാജ് എന്നിവർക്കാണ് ചൊവ്വാഴ്‌ച്ച രാവിലെ മർദ്ദനമേറ്റത്.

തെരഞ്ഞെടുപ്പ് വിഷയങ്ങൾ ആരോപിച്ച് മുർഷിദെന്ന വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിക്കുകയാണെന്ന വിവരം അറിഞ്ഞ് കെ.എസ്.യു ജില്ലാ സെക്രട്ടറി ഫർഹാൻ , മണ്ഡലം പ്രസിഡന്റ് രാഗേഷ്, അർഷരാജും പാലയാട് എൽ.എൽ.ബി കോളേജിലെത്തിയിരുന്നു. തുടർന്ന് മൂവരും ചേർന്ന് മുർഷിദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശേഷം പാലയാട് യൂണിവേഴ്സിറ്റി ക്യാംപസിലെത്തുകയും ചെയ്തു.

ഇവിടെ വച്ച് 15 ഓളം വിദ്യാർത്ഥികളടങ്ങുന്ന സംഘം മൂവരെയും മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. പട്ടിക ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നും സംഭവത്തിന് പിന്നിൽ എസ് എഫ ഐ യാണെന്നും പരുക്കേറ്റവർ പറഞ്ഞു.