തിരുവനന്തപുരം: അമൃതാനന്ദമയിക്കു ഭാരതരത്‌ന നൽകണമെന്ന രാജ്യസഭ ഉപാധ്യക്ഷൻ പി ജെ കുര്യന്റെ പ്രസ്താവനയെ പരിഹസിച്ചു യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും നേതാക്കൾ രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി ജി സുനിലും കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ചുക്കുട്ടനുമാണു പി ജെ കുര്യനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.

അമൃതാനന്ദമയിക്ക് ഭാരതരത്നം നൽകണമെന്ന് പറഞ്ഞ പി.ജെ കുര്യന് ബിജെപിയിൽ ചേർന്നുകൂടേ എന്നാണു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി.ജി സുനിൽ പറഞ്ഞത്. ഇതിനു പിന്നാലെ തലയ്ക്ക് സുഖമില്ലാത്തതിനുള്ള ഭാരതരത്ന ആദ്യം നൽകേണ്ടത് കുര്യനാണ് എന്നു മഞ്ചുക്കുട്ടനും പ്രതികരിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അങ്ങ് കോൺഗ്രസ് പാർട്ടിക്ക് ഒരു വലിയ ബാധ്യതയും അപമാനവുമാണെന്നു സുനിൽ ഫേസ്‌ബുക്കിൽ കുറിച്ചു. കുറുക്കുവഴികളിലൂടെയും കുതന്ത്രങ്ങളിലൂടെയും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന അങ്ങ് കേരളത്തിൽ വരുമ്പോൾ സ്വയം കൽപ്പിക്കപ്പെടുന്ന സീനിയർ നേതാവ് പദവിയും കുര്യൻ സാർ വിളിയും കോൺഗ്രസ് പാർട്ടിക്കും പ്രവർത്തകർക്കും ഒരു ഗുണവും ഇല്ലെന്ന് മാത്രമല്ല വലിയ അപമാനമാണെന്നും സുനിൽ ആരോപിച്ചിരുന്നു.

'പ്രിയപ്പെട്ട കുര്യൻ സാറിനൊരു തുറന്ന കത്ത് -

ബഹുമാന്യ സാറേ അങ്ങേക്ക് ഒന്ന് ബിജെപിയിൽ ചേർന്നു കൂടെ... കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അങ്ങ് കോൺഗ്രസ് പാർട്ടിക്ക് ഒരു വലിയ ബാധ്യതയും അപമാനവുമാണ്. കുറുക്കുവഴികളിലൂടെയും കുതന്ത്രങ്ങളിലൂടെയും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന അങ്ങ് കേരളത്തിൽ വരുമ്പോൾ സ്വയം കൽപ്പിക്കപ്പെടുന്ന സീനിയർ നേതാവ് പദവിയും കുര്യൻ സാർ വിളിയും കോൺഗ്രസ് പാർട്ടിക്കും പ്രവർത്തകർക്കും ഒരു ഗുണവും ഇല്ലെന്ന് മാത്രമല്ല വലിയ അപമാനമാണ്. സംഘ പരിവാർ സംഘടനകളെയും ശശികലയെയും കുമ്മനത്തെയും കടത്തിവെട്ടി, ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെയും വെള്ളാപ്പള്ളിയെയും സാക്ഷി നിർത്തി അമൃതാനന്ദമയിക്ക് ഭാരതരത്‌നം നൽകണമെന്ന് അങ്ങ് ആവശ്യപ്പെട്ടപ്പോൾ സാക്ഷാൽ ദല്ലാൾ നന്ദകുമാർ വരെ നാണിച്ചു പോയി. പ്രിയപ്പെട്ട സാർ കേരളത്തിലെ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും അങ്ങയെ കൈകാര്യം ചെയ്യുന്നതിന് മുമ്പ് ഈശ്വരനെയോർത്തെങ്കിലും മഹത്തായ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി സർവ്വോപരി മാന്യമായ ജനാധിപത്യ സംസ്ഥാപനത്തിന് വേണ്ടിയെങ്കിലും അങ്ങ് പൊതു പ്രവർത്തനം അവസാനിപ്പിക്കണ'മെന്നും സുനിൽ കുറിച്ചു.

അതിനിടയിൽ കോൺഗ്രസിന്റെ പ്രവാസി സംഘടനയുടെ അധ്യക്ഷൻ തന്നെ കോഴിക്കോട് ബിജെപിയുടെ ദേശീയ നിർവാഹക യോഗത്തിൽ വന്ന മോദിയെ സ്വാഗതം ചെയ്തുകൊണ്ട് സംഘപരിവാർ സംഘനടയുടെ ബാനറിൽ പത്രപരസ്യം നൽകിയ സംഭവം ശക്തമായി ഉന്നയിച്ചിട്ടും വിഷയത്തിൽ മേനോനോട് ഒരു വിശദീകരണം പോലും ചോദിക്കാൻ കഴിയാത്ത ദുർബലതയിലാണ് കേരളത്തിലെ കോൺഗ്രസ് സംഘടന എന്ന് രാജീവ് ഗന്ധി സ്റ്റഡി സർക്കിളിന്റെ കേരളത്തിന്റെ ചുമതലയുള്ള അനൂപ് വി.ആർ അഭിപ്രായപ്പെട്ടു. ഇതിനിടെയാണ് അമൃതാനന്ദമയിക്ക് ഭാരതരത്ന കിട്ടാൻ ആർ.എസ്.എസ് മേധാവിയുടെ മുന്നിൽ അപേക്ഷകനായി പി.ജെ കുര്യനെപ്പോലെ ഉന്നതനായ ഒരാൾ നിൽക്കുന്നത്. ഇനി ഈ പാർട്ടിയിൽ കോൺഗ്രസുകാരനായി തുടരുകയെന്നതാണ് ഏറ്റവും വലിയ പ്രതിരോധമെന്നും വി.ആർ അനൂപ് അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ദിവസം കൊല്ലം വള്ളിക്കാവിൽ അമൃതാന്ദമയിയുടെ 63-മത് പിറന്നാൾ ആഘോഷത്തിൽ സംസാരിക്കവെയാണ് അമൃതാനന്ദമയിക്ക് ഭാരതരത്ന നൽകണമെമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ അഭിപ്രായപ്പെട്ടത്. ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നൽകുന്ന സംഭാവന പരിഗണിച്ച് അമൃതാനന്ദമയിക്ക് ഭാരതരത്ന നൽകണമെന്നായിരുന്നു കുര്യന്റെ അഭിപ്രായം. ഇക്കാര്യം താൻ പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്നും കുര്യൻ പറഞ്ഞിരുന്നു.