തിരുവനന്തപുരം: സ്വിഫ്റ്റ് ബസുകൾ നിരത്തിൽ ഇറങ്ങിയതോടെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചെന്ന് വ്യക്തമാക്കി കെഎസ്ആർടിസി. സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുകയാണെന്നു കാണിച്ച് വ്യാഴാഴ്ച കെഎസ്ആർടിസി ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. വിഷു - ഈസ്റ്റർ ദിനങ്ങളിൽ യാത്രക്കാർക്കായി പ്രത്യേക സർവീസുകൾ സ്വിഫ്റ്റ് ബസുകൾ ഏർപ്പെടുത്തിയിരുന്നു. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്രയ്ക്ക് വഴി ഒരുങ്ങിയതോടെ സ്വകാര്യ ബസ് ലോബികൾ നിരക്ക് താഴ്‌ത്താൻ നിർബന്ധിതമാകുകയായിരുന്നുവെന്ന് കെഎസ്ആർടിസി പറയുന്നു. സ്‌ക്രീൻഷോട്ടുകളും ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സംരഭത്തെ തകർക്കാൻ മനഃപൂർവ്വമായ ശ്രമങ്ങൾ നടക്കുകയാണെന്ന് വ്യക്തമാക്കി കെഎസ്ആർടിസി നേരത്തെ രംഗത്ത് വന്നിരുന്നു. സ്വകാര്യ ഓപ്പറേറ്റർമാരുടെ കുത്തക റൂട്ടുകളിൽ സർവീസ് നടത്തുന്നതിനാലാണ് കെ സ്വിഫ്റ്റിനെതിരെ പ്രചാരണമുയരുന്നതെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്.

കോടികളുടെ തട്ടിപ്പാണ് ഈ റൂട്ടുകളിൽ ഇവർ നടത്തുന്നതെന്നും ഇക്കാര്യത്തിൽ മാറ്റമുണ്ടാക്കാനുള്ള കെഎസ്ആർടിസിയുടെ ശ്രമങ്ങളാണ് ഈ പ്രചരണങ്ങൾക്കു പിന്നിലുള്ളവരെ പ്രകോപിപ്പിച്ചതെന്നും കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചതിന് പിന്നാലെ ഉണ്ടായ തുടർച്ചയായ അപകടങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നതിനിടെയാണ് വിശദീകരണവുമായി കെഎസ്ആർടിസി നേരത്തെ രംഗത്തെത്തിയത്.

കെ. സ്വിഫ്റ്റിന്റെ സർവ്വീസുകൾ ആരംഭിച്ചതിന് ശേഷം മൂന്നാം തവണ അപകടത്തിൽപ്പെട്ടിരുന്നു. ഏപ്രിൽ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്. പിന്നാലെ അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്തിരുന്നു.

അതേ സമയം പുതിയതായി ആരംഭിച്ച കെ സ്വിഫ്റ്റ് സർവീസ് ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയായതോടെ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് പോയ ബസും കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സർവീസുമാണ് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സർവീസുകളിൽ ഒരു ബസ് കല്ലമ്പലത്തുവെച്ച് ലോറിയുമായി തട്ടി അപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടത്തിൽ ബസിന്റെ 35000 രൂപ വില വരുന്ന സൈഡ് മിറർ തകരുകയും ചെയ്തു. ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തിൽപ്പെട്ടു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മറ്റൊരു കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ വച്ചാണ് അപകടം ഉണ്ടായത്. കെ സ്വിഫ്റ്റ് ബസിൽ ഒരു സ്വകാര്യ ബസ് ഉരസുകയായിരുന്നു. സൈഡ് ഇൻഡിക്കേറ്ററിന് സമീപം പോറൽ സംഭവിച്ചിരുന്നു

കെ സ്വിഫ്റ്റ് ബസ് ആദ്യ ദിനം തന്നെ തുടർച്ചയായി അപകടത്തിൽപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആർ ടി സി എം.ഡി ബിജു പ്രഭാകർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. മനഃപൂർവ്വം അപകടമുണ്ടാക്കി കെ സ്വിഫ്റ്റ് സർവീസുകളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും, ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം.

കുറിപ്പിന്റെ പൂർണരൂപം:

ആരെയും തോല്പിക്കാനല്ല...
സാധാരണ യാത്രക്കാരുടെ ന്യായമായ യാത്രാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് കെഎസ്ആർടിസിയുടെ പുതിയ സംരംഭമായ കെ-സ്വിഫ്റ്റ്...
ആയതിന് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു...
പ്രിയരേ...
നിങ്ങൾ വസ്തുതകൾ മനസ്സിലാക്കൂ...
കെഎസ്ആർടിസിയുടെ നൂതന സംരംഭമായ കെ-സ്വിഫ്റ്റ്, സർവ്വീസ് ആരംഭിച്ചതുമുതൽ വ്യാപകമായ രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതയിൽ സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും പടച്ചുവിട്ട അസത്യങ്ങൾ തിരിച്ചറിയൂ...
ഞങ്ങൾ ഇന്നലെ പോസ്റ്റ് ചെയ്ത 'കെഎസ്ആർടിസി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്?' എന്ന സ്റ്റോറി വന്ന് മണിക്കൂറുകൾക്കകം സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസുകൾ അവരുടെ കൂടിയ നിരക്കുകൾ കുറച്ചു തുടങ്ങി. കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ആഗ്രഹിച്ചതും അത്രയേ ഉള്ളൂ, ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര സൗകര്യം ഏർപ്പെടുത്തുക.

കേരള സർക്കാർ നിരത്തിലിറക്കിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ വ്യാപകമായി അപകടം ഉണ്ടാക്കുന്നു എന്ന് പറഞ്ഞവർ തന്നെ അത് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യം നിലനിൽക്കുകയാണ്. ഇന്നലെ വൈകിട്ട് സ്വകാര്യ ബസിന്റെ ബാംഗ്ലൂർ - തിരുവനന്തപുരം സർവ്വീസ് 4000 മുതൽ 5000 രൂപ വരെയാണ് ഈടാക്കിയത്. എന്നാൽ ബുക്കിങ് സൈറ്റിൽ നോക്കുമ്പോൾ "From Rs.1599" എന്ന രീതിയിൽ കബളിപ്പിക്കപ്പെടുന്ന തരത്തിലാണ്.

വിഷു, ഓണം, ക്രിസ്തുമസ് തുടങ്ങിയ അവധി ദിവസങ്ങളിൽ മാത്രം പത്രമാധ്യമങ്ങൾ ഈ കൊള്ളയുടെ വാർത്തകൾ ഇട്ടതിനുശേഷം മറ്റൊരു വിഷയത്തിലേയ്ക്ക് മാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ? അന്നു കെഎസ്ആർടിസിയുടെ ബസുകൾ കൊണ്ട് നമുക്ക് ഇതിനൊരു പരിഹാരം കാണുവാൻ സാധിച്ചിരുന്നുമില്ല. അതിനെല്ലാം പരിഹാരമാർഗ്ഗം എന്ന നിലയിലാണ് കെഎസ്ആർടിസി സ്വിഫ്റ്റിന്റ ഉദയം.

ഇന്നലെ കെഎസ്ആർടിസി ഫേസ്‌ബുക് പോസ്റ്റ് വന്നതിനുശേഷം സ്വകാര്യ ബസ് ലോബികൾ അമിത നിരക്ക് കുറച്ചതിന്റെ സ്‌ക്രീൻ ഷോർട്ട് ഞങ്ങൾ ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു.

കെഎസ്ആർടിസി എന്നും യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം.

അതേ സമയം വിഷു, ഈസ്റ്റർ അവധിയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് സ്ലീപ്പർ ബസ് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് അടക്കം സർവീസുകൾ നടത്തുന്നുണ്ട്. ഏപ്രിൽ 17 ന് വൈകുന്നേരം 6.30ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് ആലപ്പുഴ, തൃശ്ശൂർ, പാലക്കാട് സേലം വഴി ചെന്നൈയിലേക്കും വൈകുന്നേരം 7.30-ന് തിരുവനന്തപുരത്തുനിന്ന് നാഗർകോവിൽ, തിരുനൽവേലി, മഥുര, ട്രിച്ചി വഴി ചെന്നൈയിലേക്കുമാണ് സർവ്വീസ് നടത്തുക. ആദ്യത്തെ സർവീസിന് 2181 രൂപയും രണ്ടാമത്തേതിന് 1953 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഇതേ ബസുകൾ 18-ന് വൈകുന്നേരം 6.30-ന് സേലം വഴി തിരുവനന്തപുരത്തേക്കും 7.30 -ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും സർവ്വീസുകൾ നടത്തും.