- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അദീപിന് വേണ്ടി യോഗ്യതയിൽ മാറ്റം വരുത്തിയ ഫയൽ മന്ത്രിസഭായോഗത്തിൽ എത്താതിരിക്കാനും ജലീൽ ഇടപെട്ടു; അട്ടിമറിക്കാൻ ശ്രമിച്ചത് പൊതുഭരണ വകുപ്പിന്റെ നിർദ്ദേശം; ലോകായുക്താ വിധിയിലെ അപ്പീൽ ഇനി നിർണ്ണായകം; തുടർഭരണം കിട്ടിയാലും ജലീലിനെ ഇനി മന്ത്രിയാക്കില്ല? സിപിഎം കടുത്ത തീരുമാനത്തിന്
തിരുവനന്തപുരം: ഇടതുപക്ഷത്തിന് തുടർഭരണം കിട്ടിയാലും ഇനി കെ ടി ജലീൽ മന്ത്രിയാകില്ല? തവനൂരിൽ നിന്ന് ജലീൽ ജയിച്ചാലും ഭരണ തുടർച്ചയിൽ ജലീലിന് മന്ത്രിസ്ഥാനം കിട്ടാൻ ഇടയില്ല. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ബന്ധുവിനെ നിയമിക്കാനായി യോഗ്യതയിൽ മാറ്റംവരുത്തിയ വിവാദത്തിലെ ലോകായുക്താ ഉത്തരവാണ് ഇതിന് കാരണം. ഈ വിധിയിൽ ഹൈക്കോടതിയിൽ ജലീൽ നൽകുന്ന അപ്പിലിൽ തീരുമാനം നിർണ്ണായകമാകും.
ലോകായുക്തയുടെ ഉത്തരവിന്റെ പൂർണ്ണ രൂപം ഇതുവരെ പുറത്തു വന്നിട്ടില്ല. ഈ ഉത്തരവ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും. അത് കിട്ടിയാൽ ഉടൻ ജലീൽ ഹൈക്കോടതിയിൽ അപ്പീൽ നൽകും. വിധി പകർപ്പിലെ ഓരോ വരിയും ജലീലിന് നിർണ്ണായകമാണ്. അതിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന തീരുമാനവും എന്തെന്നറിയാൻ കാത്തിരിക്കുകയാണ് പ്രതിപക്ഷം.
അദീബിന്റെ നിയമനത്തിൽ മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതിനാൽ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നു നീക്കണമെന്നായിരുന്നു ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തെളിവുകളും ജലീലിന് എതിരാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ നിന്ന് അനൂകല തീരുമാനം ഉണ്ടാകുമോ എന്ന് സിപിഎമ്മിനും ഉറപ്പില്ല. ഇതാണ് തുടർഭരണത്തിൽ മന്ത്രിയായി ജലീലിനെ പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തുന്നത്.
ബന്ധു നിയമനത്തിന്റെ പേരിൽ മുമ്പ് ഇപി ജയരാജൻ രാജിവച്ചിരുന്നു. പിന്നീട് കേസിൽ നിന്ന് കുറ്റവിമുക്തനായ ശേഷമാണ് തിരിച്ചെത്തിയത്. ഈ സാഹചര്യത്തിൽ ജലീലിനെ സംരക്ഷിക്കരുതെന്ന അഭിപ്രായം സിപിഎമ്മിൽ സജീവമാണ്. ലോകായുക്താ വിധി അതിനിർണ്ണായകമാണെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് തുടർഭരണം കിട്ടിയാലും ജലീലിനെ മന്ത്രിയാക്കേണ്ടതില്ലെന്ന ചർച്ച സിപിഎമ്മിൽ സജീവമാകുന്നത്.
യോഗ്യതയിൽ മാറ്റം വരുത്തിയ ഫയൽ മന്ത്രിസഭായോഗത്തിലെത്താതിരിക്കാനും മന്ത്രി കെ.ടി. ജലീൽ ഇടപെട്ടു എന്ന് വ്യക്തമായിട്ടുണ്ട്. പൊതുഭരണ വകുപ്പിന്റെ അഭിപ്രായം മറികടന്നായിരുന്നു ജലീലിന്റെ ഇടപെടൽ. യോഗ്യതാ മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്നും ജലീൽ നിർദ്ദേശിച്ചു. ഫയലിൽ പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടതിന്റെ രേഖകളും പുറത്തുവന്നു. ഇതോടെ മുഖ്യമന്ത്രിയും വിവാദത്തിലായി. ഭരണ മാറ്റം ഉണ്ടായാൽ ജലീലിനെതിരെ ക്രിമിനൽ കേസ് വരാനും സാധ്യത ഏറെയാണ്.
സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ കെ.ടി. അദീബിന്റെ ഡെപ്യൂട്ടേഷൻ നിയമനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ എതിർത്തിരുന്നെങ്കിലും മന്ത്രിയുടെ താത്പര്യപ്രകാരം ഉദ്യോഗസ്ഥർ പിൻവാങ്ങിയെന്നു രേഖകൾ വ്യക്തമാക്കുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരുടെ തസ്തിക സൃഷ്ടിച്ചതും വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചതും ധനവകുപ്പിന്റെ അഭിപ്രായത്തോടെ മന്ത്രിസഭാ തീരുമാനപ്രകാരമാണ്. അതിനാൽ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റംവരുത്തുമ്പോൾ മന്ത്രിസഭാ യോഗത്തിൽ വെക്കേണ്ടതുണ്ടോയെന്നാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ആരാഞ്ഞത്.
പുറംകരാർ ജോലി, തസ്തിക സൃഷ്ടിക്കൽ എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് ഫയൽ നേരത്തേ മന്ത്രിസഭാ യോഗത്തിൽ െവച്ചത്. അതിനാൽ അധികയോഗ്യത നിശ്ചയിച്ചുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്നായിരുന്നു മന്ത്രി ജലീലിന്റെ നിർദ്ദേശം. ഈ ഫയലിൽ 2016 ഓഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രി ഒപ്പുവെക്കുകയും ചെയ്തു. അദീബിന്റെ നിയമനകാര്യത്തിൽ ജലീൽ അമിത താത്പര്യം കാട്ടിയിരുന്നു.
വ്യവസ്ഥകളനുസരിച്ച്, സ്വകാര്യബാങ്കിലെ ജീവനക്കാരനായ അദീബിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാനാകില്ലെന്ന് വകുപ്പിലെ അഡീഷണൽ സെക്രട്ടറി ഫയലിൽ എഴുതിയിരുന്നു. ഇതിനുപിന്നാലെ മന്ത്രിയുടെ ഭാഗത്തുനിന്ന് ഇടപെടലുമുണ്ടായി. സംസ്ഥാന ധനകാര്യ വികസന കോർപ്പറേഷൻ എം.ഡി.യായി സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥനെ മുമ്പ് നിയമിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ അഭിമുഖത്തിൽ പലരും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അദീപ് അഭിമുഖത്തിൽ ഹാജരായിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ യോഗ്യത നിശ്ചയിക്കുകയായിരുന്നു. യോഗ്യതയിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീൽ പൊതുഭരണ സെക്രട്ടറിക്ക് നൽകിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലിൽ ഒപ്പിട്ടിരുന്നു എന്ന വിവരം പുറത്തുവരുന്നത്.
2013 ജൂൺ 29-നുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത, ബിരുദവും മാർക്കറ്റിങ് ആൻഡ് ഫിനാൻസിൽ സ്‌പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കിൽ സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ്. ഇത് തിരുത്തി ബിരുദവും മാർക്കറ്റിങ് ആൻഡ് ഫിനാൻസിൽ സ്‌പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കിൽ എച്ച്.ആർ./സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ./ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് അദീപിനു വേണ്ടിയായിരുന്നു എന്നാണ് ആരോപണം.
ഒരു തസ്തികയുടെ യോഗ്യതകൾ പരിഷ്‌കരിക്കാൻ നടപടിക്രമങ്ങളുണ്ട്. ബന്ധപ്പെട്ട വകുപ്പിൽനിന്നുണ്ടാകുന്ന നിർദ്ദേശങ്ങൾ വിദഗ്ധസമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കണം. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗ്യതാ പരിഷ്‌കാരത്തിനുള്ള ശുപാർശ തയ്യാറാക്കേണ്ടത്. ഇതിന് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെയും നിയമ വകുപ്പിന്റെയും അനുമതി വേണം. പി.എസ്.സിക്കു വിട്ട തസ്തികയാണെങ്കിൽ പി.എസ്.സിയുമായും കൂടിയാലോചന നടത്തണം. ഇതെല്ലാം ലംഘിക്കപ്പെട്ടെന്നാണ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ