- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനം ടിവി കോ- ഓർഡിനേറ്റിങ് എഡിറ്ററുടെ ബന്ധം കുടി പുറത്തു വന്നതോടെ നിലപാട് വ്യക്തമാക്കാതെ ബിജെപി നേതൃത്വത്തിന് കൈകഴുകാനാവില്ല! അനിൽ നമ്പ്യാരെ ചോദ്യം ചെയ്തപ്പോൾ എടുത്തത് അതിരൂക്ഷ നിലപാട്; ജലീലിന്റെ കാര്യം വന്നപ്പോൾ കേസിൽ ചോദ്യം ചെയ്തുവെന്നതിന് കുറ്റം ആരോപിക്കപ്പെട്ടുവെന്ന അർഥമില്ലെന്ന മറ്റൊരു ന്യായവും; സിപിഎം ഇരട്ടത്താപ്പുയർത്തി പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; മന്ത്രി ജലീലിന്റെ രാജിക്ക് മുറവിളി ഉയരുമ്പോൾ
തിരുവനന്തപുരം: ജനം ടിവിയുടെ കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് സ്വപ്നാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ശരിയായ അന്വേഷണം നടന്നാൽ പലരുടെയു നെഞ്ചിടിപ്പ് കൂടുമെന്ന കാര്യം ഇപ്പോൾ കൂടുതൽ ശരിയായിരിക്കുന്നു. ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായർ ബിജെപി പ്രവർത്തകനാണ്. ജനം ടി.വി കോ- ഓർഡിനേറ്റിങ് എഡിറ്ററുടെ ബന്ധം കുടി പുറത്തു വന്നതോടെ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ ബിജെപി നേതൃത്വത്തിന് കൈകഴുകാനാവില്ല-അന്ന് സിപിഎം പുറത്തുവിട്ട പ്രസ്താവനയിലെ വാചകങ്ങളായിരുന്നു ഇത്.
ഇതേ സ്വപ്നാ നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെടി ജലീലിനെ ചോദ്യം ചെയ്തത്. അപ്പോൾ സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രതികരണം മറ്റൊരു തലത്തിലും. ഇഡി ചോദ്യം ചെയ്തുവെന്നതിന്റെ പേരിൽ രാജി വേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയും എൽഡിഎഫ് കൺവീനർ എ.വിജയരാഘവനും വ്യക്തമാക്കി. കേസിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ ആരെയും വിളിച്ചുവരുത്താമെന്നും ചോദ്യം ചെയ്തുവെന്നതിന് കുറ്റം ആരോപിക്കപ്പെട്ടുവെന്ന അർഥമില്ലെന്നുമാണ് എൽഡിഎഫ് കൺവീനർ വിശദീകരിച്ചത്.
കള്ളക്കടത്തുകേസിൽ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്ത മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാനും പ്രതിപക്ഷ കക്ഷികൾ ആലോചിക്കുന്നു. എന്നാൽ, ചോദ്യം ചെയ്തതു കൊണ്ട് മാത്രം രാജിവയ്ക്കണമെന്നു പറയുന്നതിൽ എന്ത് അർഥമാണെന്നാണ് സിപിഎം നേതൃത്വം ചോദിക്കുന്നത്. ജലീൽ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാൽ മാത്രം രാജിയെക്കുറിച്ച് ആലോചിക്കാമെന്നും നേതൃത്വം വ്യക്തമാക്കുന്നു. അതായത് എന്താണോ അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യൽ വിവാദത്തിൽ സിപിഎം പ്രതികരിച്ചത്. അതിന് വിരുദ്ധമാണ് ഇപ്പോൾ പറയുന്നത്. മന്ത്രിയെ സംരക്ഷിക്കാൻ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വരും ദിവസങ്ങളിൽ ഈ സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
ഇന്നലെ രാത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വിവിധ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് നടന്നിരുന്നു. ബിജെപിയും യൂത്ത് കോൺഗ്രസുമാണ് രാത്രിയോടെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ബിജെപി മാർച്ചിനിടെ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷമുണ്ടായി. ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതോടെ പൊലീസ് ലാത്തിവീശി. പൊലീസിന്റെ ലാത്തിചാർജിൽ ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിലേക്ക് മാറ്റി. നാല് തവണ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ മാർച്ച്. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് മുതൽ സംസ്ഥാന വ്യാപകമായ പ്രതിഷേധം അരങ്ങേറുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് കരിദിനം ആചരിക്കുകയാണ് ബിജെപി.
മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെസ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ സംഘടനകളുടെ മാർച്ച്. മന്ത്രി ജലീലിന്റെ മലപ്പുറത്തെ വീടിന്റെ മുന്നിലും പ്രതിഷേധം അരങ്ങേറി. ജലീലിന്റെ കോലം കത്തിച്ചശേഷം ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. പിന്നാലെ ബിജെപി പ്രവർത്തകരെത്തി ബാരികേഡ് തള്ളിമാറ്റാൻ ശ്രമിച്ചു.
ഇവർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളമുണ്ടായി. ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ലാത്തിവീശി. അഞ്ചോളം പ്രവർത്തകർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മെഡിക്കൽ കോളജിലേക്കു മാറ്റി. പ്രവർത്തകർക്ക് പരുക്കേറ്റ വിവരം അറിഞ്ഞ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സെക്രട്ടേറിയറ്റിനു മുന്നിലെത്തി. മന്ത്രി രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. മലപ്പുറത്തും കൊച്ചിയിലും യുഡിഎഫ് യുവജനസംഘടനകൾ മന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് സുൽത്താൻപേട്ടയിലും യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പല ഘട്ടങ്ങളിലായി പ്രതിസന്ധി സൃഷ്ടിച്ച സർക്കാർ ഈ വിവാദത്തെ എങ്ങനെ മറികടക്കുമെന്നത് നിർണ്ണായകമാണ്. സ്വർണക്കടത്തു വിഷയമായതിനാൽ രാഷ്ട്രീയ പ്രത്യാഘാതം എങ്ങനെയാകുമെന്ന് സർക്കാരിനും ആശങ്കയുണ്ട്. വിദേശത്തുനിന്ന് മതഗ്രന്ഥം കൊണ്ടുവന്നതിനെ കേന്ദ്ര ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്. വിദേശകാര്യമന്ത്രാലയവും അന്വേഷണം നടത്തുന്നുണ്ട്. മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റുമായി ഇടപെടുന്നതിനുള്ള ചട്ടങ്ങൾ പൂർണമായി ലംഘിക്കപ്പെട്ടുവെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിഗമനം. അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് മന്ത്രിക്കെതിരാണെങ്കിൽ രാജിയെന്ന ആവശ്യത്തിനു ശക്തിയേറും. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തപ്പോൾ എടുത്തതിന് വിരുദ്ധ നിലപാടാണ് സിപിഎം ഇപ്പോൾ എടുക്കുന്നത്.
അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂർണരൂപം -
രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വർണ്ണക്കടത്ത് കേസിൽ ബിജെപി അനുകൂല ചാനലായ ജനം ടി.വിയുടെ കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതു സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ നിർദ്ദേശിച്ചതായി മാധ്യമങ്ങൾ പുറത്തുവിട്ട പ്രതികളുടെ മൊഴിപകർപ്പുകൾ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതൽ ഇതേ നിലപാട് സ്വീകരിച്ചിട്ടുള്ളത് കേന്ദ്രവിദേശ സഹമന്ത്രി വി.മുരളിധരനാണ്. നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻ.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാൻ മുരളീധരൻ തയ്യാറാകത്തതും ശ്രദ്ധേയം. പ്രതികൾക്ക് പരോക്ഷ നിർദ്ദേശം നൽകുകയാണോ മുരളീധരൻ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തു വന്ന മൊഴിപകർപ്പുകൾ ചെയ്യുന്നത്.
ശരിയായ അന്വേഷണം നടന്നാൽ പലരുടെയു നെഞ്ചിടിപ്പ് കൂടുമെന്ന കാര്യം ഇപ്പോൾ കൂടുതൽ ശരിയായിരിക്കുന്നു. ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായർ ബിജെപി പ്രവർത്തകനാണ്. ജനം ടി.വി കോ- ഓർഡിനേറ്റിങ് എഡിറ്ററുടെ ബന്ധം കുടി പുറത്തു വന്നതോടെ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ ബിജെപി നേതൃത്വത്തിന് കൈകഴുകാനാവില്ല.
ജനം ടി.വിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല. ചോദ്യം ചെയ്യൽ കഴിഞ്ഞയുടൻ തന്നെ അനിൽ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബിജെപിക്ക് എന്തോ മറച്ചു വെയ്ക്കാനുണ്ടെന്ന് വ്യക്തം. രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ പുറത്തു വന്ന ബിജെപി ബന്ധത്തിൽ നിലപാട് വ്യക്തമാക്കാൻ ആ പാർട്ടിയുടെ നേതൃത്വം തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ