കോഴിക്കോട്: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീൽ കൂടുതൽ കുരുക്കിലേക്ക്. മന്ത്രിക്കെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനൽ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്ത് എത്തി. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മനേജർ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് മന്ത്രി കെ.ടി.ജലീൽ വഴിവിട്ട് ഇടപെട്ടെന്നാണ് തെളിവുകൾ സഹിതമുള്ള ഫിറോസിന്റെ ആരോപണം. ജനറൽ മാനേജർ സ്ഥാനം കെടി അദീബ് രാജിവച്ചെങ്കിലും പ്രശ്‌നം തീരില്ലെന്നാണ് മുസ്ലിം ലീഗ് നൽകുന്ന സൂചന. ഇതിന്റെ ഭാഗമായാണ് പുതിയ വെളിപ്പെടുത്തൽ.

വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് ഉത്തരവിറക്കാൻ ആവശ്യപ്പെട്ട്ക്കൊണ്ട് ജലീൽ തന്റെ ലെറ്റർപാഡിൽ സെക്ഷനിലേക്ക് നോട്ട് നൽകി. 28-7-2016 നാണ് മന്ത്രി കുറിപ്പ് നൽകിയത്. കെ.ടി.ജലീലിന്റെ ബന്ധു അദീബിന്റെ യോഗ്യത തസ്തികയുടെ യോഗ്യതയായി കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടുള്ള കുറിപ്പായിരുന്നു ഇത്. എന്നാൽ മന്ത്രിയുടെ കുറിപ്പ് സെക്ഷനിൽ വന്നപ്പോൾ വിദ്യാഭ്യാസ യോഗ്യതമാറ്റാൻ മന്ത്രിസഭാ യോഗത്തിന് മുന്നിൽ വെക്കേണ്ടതുണ്ടോ എന്നറിയാൻ കുറിപ്പ് മുഖ്യമന്ത്രിക്ക് കൈമാറാൻ വകുപ്പ് സെക്രട്ടറിയായ എ.ഷാജഹാൻ ഐഎഎസ് വിയോജന നോട്ട് എഴുതി.

തൊട്ടടുത്ത ദിവസം തന്നെ മന്ത്രി ഇതിൽ വീണ്ടും കുറിപ്പെഴുതി. കൂട്ടി ചേർക്കുന്നത് അധിക യോഗ്യത ആയതിനാൽ മന്ത്രിസഭയുടെ മുന്നിൽ വെക്കേണ്ട ആവശ്യമില്ലെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. എന്നാൽ കൂട്ടിച്ചേർത്തത് അധിക യോഗ്യതയല്ലെന്നും അടിസ്ഥാന യോഗ്യതയാണെന്നും പി.കെ.ഫിറോസ് ആരോപിക്കുന്നു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ജലീൽ മുഖ്യമന്ത്രിയെ കൊണ്ട് ഒപ്പ് വെപ്പിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന കാര്യ വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഏതായാലും യോഗ്യതയിൽ മാറ്റം വരുത്തിയത് ജലീൽ ഇടപെട്ടാണെന്നാണ് പുതിയ ആരോപണവും വ്യക്തമാക്കുന്നത്.

ജലീലിന്റെ ഭാര്യയുടെ സ്ഥാനക്കയറ്റം എൽഡിഎഫ് കാലത്ത്; വാദം പൊളിയുന്നു. കേട്ടുകേൾവിയില്ലാത്ത കാര്യമാണ് ഇത്. മന്ത്രിസഭയെത്തന്നെ മറികടന്ന അനുഭവമാണിത്. ജയരാജനെ പേടിക്കാത്ത മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിനെ ഭയക്കുന്നു. ഇക്കാര്യത്തിൽ ജലീൽ കബളിപ്പിച്ചോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. മന്ത്രി സംവാദത്തിനു ഭയക്കുന്നതു തെളിവുകൾ ഞങ്ങളുടെ കയ്യിൽ കിട്ടിയതുകൊണ്ടാണ്. എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. വിജിലൻസിന് ഞങ്ങൾ കൊടുത്ത പരാതിയിൽ മന്ത്രി തന്നെ അന്വേഷണം ആവശ്യപ്പെടണം. എന്നിട്ടു മന്ത്രി രാജിവച്ചു മാറിനിൽക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണെന്നും ഫിറോസ് പറഞ്ഞു.

കോർപ്പറേഷൻ എം.ഡിയുടെ വിദ്യാഭ്യാസ യോഗ്യത പുനർ നിർണ്ണയിക്കാൻ ക്യാബിനറ്റ് തീരുമാനവും ധനവകുപ്പിന്റെ അനുമതിയും വേണമെന്നിരിക്കെയാണ് ഇതിനെ മറികടന്ന് തന്റെ ബന്ധുവായ കെ.ടി അദീപിന് നിയമനം നൽകാൻ മന്ത്രി ഇടപെട്ടതെന്ന രേഖകളാണ് ഇതോടെ പുറത്തു വന്നിട്ടുള്ളത്. കോർപ്പറേഷൻ എം.ഡിയുടെ തസ്തിക നിർമ്മിച്ചത് ക്യാബിനറ്റ് തീരുമാനത്തിലൂടെയായതിനാൽ വിദ്യാഭ്യാസ യോഗ്യത പുനർനിർണ്ണയിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം വേണമെന്നാണ് ചട്ടം. എന്നാൽ ഇത് വേണ്ടതില്ലെന്നും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. അങ്ങനെ ഇരു ചെവിയറിയാതെ കാര്യം ജലീൽ നേടിയെടുത്തു. നിയമനത്തിൽ മന്ത്രിയുടെ പങ്ക് കൂടുതൽ വെളിപ്പെട്ടതോടെ ജലീലിന്റെ രാജിക്ക് സിപിഎമ്മിൽ നിന്നു തന്നെ സമ്മർദ്ദമുയരുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ മനസ്സ് തുറന്നിട്ടില്ല.

കോർപ്പറേഷൻ നിയമനം സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നതോടെ കഴിഞ്ഞ തവണ കൂടിയ സിപിഎംസെക്രട്ടേറിയറ്റിലും ഇത് ചർച്ച ചെയ്തിരുന്നു. എന്നാൽ ജലീലിന് പൂർണ്ണ പിന്തുണയാണ് സിപിഎം വിഷയത്തിൽ നൽകി വരുന്നത്.