തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ വീണ്ടും കടുത്ത ആരോപണങ്ങളുമായി കെടി ജലിൽ എംഎൽഎ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം കള്ളപ്പണ നിക്ഷപമുണ്ടെന്ന് ജലീൽ ആരോപിച്ചു. മലപ്പുറം എആർ നഗർ സഹകരണ ബാങ്കിൽ പലരുടെയും പേരിലാണ് ഈ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളതെന്നും ജലീൽ വെളിപ്പെടുത്തി. ഒരു അംഗനവാടി ടീച്ചറുടെ പേരിൽ 80 ലക്ഷം രൂപയുടെ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഈ ടീച്ചർ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ജലീൽ പറയുന്നു.

ദേവി എന്ന അംഗനവാടി ടീച്ചറുടെ പേരിൽ 80 ലക്ഷത്തിന്റെ കള്ളപ്പണം നിക്ഷേപിച്ചു. ഇഡി നോട്ടീസ് ലഭിച്ചപ്പോഴാണ് ഈ വിവരം അവരറിയുന്നത്. എആർ നഗർ ബാങ്കിലെ ഉദ്യോഗസ്ഥനായ ഹരികുമാർ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരനാണ്. തട്ടിപ്പ് പുറത്തായതോടെ ഹരികുമാർ നിരവധി തവണ അംഗനവാടി ടീച്ചറെ ടെലിഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. സത്യം പുറത്തുവരുമ്പോൾ ഹരികുമാറിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ജലീൽ തുറന്നടിച്ചു.

മന്ത്രിയായിരുന്ന സമയത്ത് കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ അഴിമതി പണമാണിത്. ആകെ 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എആർ നഗർ ബാങ്കിലുണ്ടെന്നാണ് നിഗമനം. മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരള ബാങ്കിൽ ചേരാൻ വിസമ്മതിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഈ കള്ളപ്പണ നിക്ഷേപമാണെന്നും ജലീൽ പറയുന്നു.എ. ആർ നഗർ തന്റെ കുറേ ആളുകളെവെച്ച് കുഞ്ഞാലിക്കുട്ടി നടത്തിക്കൊണ്ടുപോകുകയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമന്നും ജലീൽ അറിയിച്ചു.

അന്നത്തെ ബാങ്ക് സെക്രട്ടറി സ്വന്തം പേരിലുള്ള അക്കൗണ്ടിലൂടെ 12 കോടിയുടെ ഇടപാട് നടത്തിയതായും ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു.സെക്രട്ടറി 17 കോടിയുടെ ഇടപാട് നടത്തിയതായി സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസമാണ് എ. ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 2018മുതൽ തന്നെ ബാങ്കിൽ ക്രമക്കേടുകൾ നടക്കുന്നതായി സഹകരണവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബാങ്കിൽ നിന്ന് സെക്രട്ടറിയായി വിരമിച്ചയാൾ പിറ്റേന്ന് തന്നെ ഡയറക്ടർ ആയി ചുമതലയേറ്റത് മുതൽ ക്രമക്കേടുകളുടെ പേരിൽ ആരോപണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.