പത്തനംതിട്ട : വിദേശനാണയ വിനിമയ നിയമപ്രകാരം ധനസഹായം സ്വീകരിക്കാവുന്ന അംഗീകൃത സംഘടനകളുടെ പട്ടികയിൽ യു.എ.ഇയിലെ റെഡ്ക്രെസന്റ് ഉൾപ്പെട്ടിട്ടില്ലാത്തതു സംസ്ഥാനത്തിനു തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഈ റിപ്പോർ്ട്ടും ചർച്ചയാകുന്നത്.

ആരോപണത്തെത്തുടർന്നു സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ സ്ഥാനത്തുനിന്ന് 2018-ൽ നീക്കിയ ഷൈൻ എ. ഹക്കിനെ നിയമം മറികടന്നു ചീഫ് സെക്രട്ടറിക്കു തൊട്ടുതാഴെ ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസറായി നിയമിച്ചതു സംബന്ധിച്ച് അന്വേഷണം വരുമെന്നാണ് വാർത്ത. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത നിൽക്കുന്ന വ്യക്തിയാണ് ഷൈൻ. ബിജെപിയുടെ പരാതിയെ തുടർന്നാണ് ഹക്കിനെ ചീഫ് പ്രോട്ടോകോൾ ഓഫീസർ സ്ഥാനത്തു നിന്നു മാറ്റിയത്. പിന്നീട് അതിന് മുകളിൽ നിയമിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, അന്നത്തെ ചീഫ് സെക്രട്ടറി എന്നിവർക്ക് ഷൈനിന്റെ നിയമനത്തിൽ പങ്കുണ്ടെന്നാണ് സൂചന. കേന്ദ്രം അറിയാതെ കോൺസ്യുലേറ്റിനെ മറയാക്കി കള്ളക്കടത്തു നടത്താൻ ഉന്നതർ ഷൈനിനെ വിനിയോഗിച്ചെന്നാണ് സംശയമുണ്ടെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ ഹക്കിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുമെന്നാണ് സൂചന. ചീഫ് സെക്രട്ടറിയാണ് ചീഫ് പ്രോട്ടോകോൾ ഓഫീസർ. കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് പ്രോട്ടോകോൾ ഓഫീസറും. ഇതിന് ഇടയിലാണ് ജോയിന്റെ ചീഫ് പ്രോട്ടോകോൾ ഓഫീസർ എന്ന തസ്തിക സർക്കാർ സൃഷ്ടിച്ചത്. ഇതിലാണ് ഷൈനിനെ നിയമിച്ചത്. ഇതിന്റെ സാഹചര്യമാണ് അന്വേഷിക്കുന്നത്.

2010-ലെ ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട് അനുസരിച്ച് 109 സംഘടനകളിൽനിന്നും അവയുടെ ഉപ സംഘടനകളിൽനിന്നുമാണ് സംസ്ഥാന സർക്കാരിനും വിവിധ ഏജൻസികൾക്കും ധനസഹായം സ്വീകരിക്കാൻ അനുമതിയുള്ളത്. രാജ്യങ്ങൾ തമ്മിലുള്ള ധനസഹായത്തിന്റെ പരിധിയിൽ വരുന്നതല്ല ഇത്. ഇതനുസരിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള 34 സംഘടനകളിൽനിന്നും വിവിധ ധനകാര്യ കമ്മിഷനുകളിൽനിന്നും പത്തു പരിസ്ഥിതി സംഘടനകളിൽനിന്നും പണം എഫ്.സി.ആർ.എ. അക്കൗണ്ടിലൂടെ സ്വീകരിക്കാൻ കഴിയുമെന്നാണ് മംഗളം വിശദീകരിക്കുന്നത്.

പന്ത്രണ്ട് സ്പെഷലൈസ്ഡ് ഏജൻസികളും വിവിധ വേൾഡ് ബാങ്ക് ഗ്രൂപ്പുകളും കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടുന്നു. റീജണൽ ഡവലപ്മെന്റ് ബാങ്കുകൾ, ഇരുപത്തിഅഞ്ച് രാജ്യാന്തര സംഘടനകൾ എന്നിവയും ഇതിൽപ്പെടും. യു.എ.ഇ. ആസ്ഥാനമായ ഒരു സംഘടനയിൽനിന്നും ഇത്തരത്തിൽ വിദേശ ധനസഹായം സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ല. കോൺസുലേറ്റിനെ മറയാക്കി ഖുറാൻ ഇറക്കുമതി ചെയ്ത ജലീലിന്റെ നടപടി ഇതിൽനിന്നു വ്യത്യസ്തമാണ്. സംസ്ഥാന പ്രേട്ടോക്കോൾ ഓഫീസർ അറിയാതെ നികുതി ഒഴിവാക്കി കോൺസുലേറ്റിലൂടെ ഇത്തരം ഇറക്കുമതികൾ നടത്താൻ പാടില്ലെന്നതാണ് നിയമവും ചട്ടവും. അതുകൊണ്ട് തന്നെ കേസിൽ ജലീൽ കുടുങ്ങുമെന്ന സൂചനകളും റിപ്പോർട്ടിലുണ്ട്.

തിരുവനന്തപുരത്തു യു.എ.ഇ. കോൺസുലേറ്റ് തുടങ്ങിയ കാലം മുതൽ 2018 വരെ ഷൈനായിരുന്നു സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ. ശിവശങ്കർ ഉൾപ്പെടെയുള്ള ഉന്നതർ ഷൈനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നത് സെക്രട്ടറിയേറ്റിൽ പാട്ടായ കാര്യമാണ്. ഷൈനിനു പകരം 2018-ൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറായ സുനിൽകുമാറിനു മുന്നിൽ നയതന്ത്ര ബാഗേജിലൂടെ വരുന്ന പാഴ്സലുകൾ സംബന്ധിച്ച ഒരു വിവരവും എത്തിയിട്ടില്ലെന്ന് അദ്ദേഹത്തെ ചോദ്യംചെയ്തതിലൂടെ അധികൃതർക്കു വ്യക്തമായിട്ടുണ്ട്.

ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസറായിരുന്ന ഷൈനാണ് ഇക്കാര്യങ്ങളിൽ ഇടപെട്ടിട്ടുള്ളതെന്നാണ് മംഗളത്തിന്റെ വാർത്ത.