- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭയ്ക്ക് മുന്നിലെ മസ്കറ്റിൽ നിന്ന് രണ്ട് പഴംപൊരിയും രണ്ട് കട്‌ലെറ്റും രണ്ടു ചായയും കുടിച്ചാൽ ടാക്‌സ് ഉൾപ്പെടെ ബിൽ 500 രൂപയിൽ അധികം; കെടിഡിസിയിൽ ഈടാക്കുന്നത് ബിൽ പ്രദശിപ്പിക്കാതെയുള്ള ഭക്ഷണ കൊള്ള; ചിത്തരഞ്ജൻ ഇഫക്ടിൽ കണിച്ചുകുളങ്ങരയിൽ വില കുറച്ചു; കെഡിടിസിയും വില ചർച്ചകളിൽ
ആലപ്പുഴ: തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടൽ. കെടിഡിസിയുടേതാണ് ഈ ഹോട്ടൽ. ഇവിടെ കയറി രണ്ട് പഴംപൊരിയും രണ്ട് കട്‌ലെറ്റും രണ്ടു ചായയും കുടിച്ചാൽ ടാക്‌സ് ഉൾപ്പെടെ ബിൽ 550 രൂപയാകും. ഒരു പഴംപൊരിയോ ഒരു കട്‌ലെറ്റോ കിട്ടുകയുമില്ല. ഒരു സെറ്റ് മാത്രമേ നൽകൂ. ഇത് തന്നെയാണ് മിക്ക കെഡിടിസി എ സി റെസ്‌റ്റോറന്റുകളിലേയും വില നിരക്ക്. അമിതമായ തുക അവർ ഈടാക്കുന്നു. ആലപ്പഴയിലെ സ്വകാര്യ ഹോട്ടലുകളിലെ ഭക്ഷണ വിലയോടൊപ്പം സർക്കാർ സ്ഥാപനമായ കെടിഡിസി ഹോട്ടലുകളിലെ നിരക്കും ചർച്ചയാകുന്നു.
പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉന്നയിച്ച കണിച്ചുകുളങ്ങരയിലെ ഹോട്ടലിലെക്കാൾ ഉയർന്ന വിലയാണ് കെടിഡിസി സ്ഥാപനങ്ങളിലെന്ന് ചിലർ ആരോപിക്കുന്നു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന നിയമം മിക്കയിടത്തും പാലിക്കുന്നുമില്ല. അതുകൊണ്ട് തന്നെ കെ ടി ഡി സിയിൽ കയറിയാൽ സാധാരണക്കാർ വലയും. എന്നാൽ, സാധാരണ ഹോട്ടലുകളിലെപ്പോലെ ഭക്ഷണം തയാറാക്കി വയ്ക്കുന്നതല്ല കെടിഡിസി സ്ഥാപനങ്ങളിലെ രീതിയെന്ന് അധികൃതർ പറയുന്നു. ഓർഡർ അനുസരിച്ചാണ് തയാറാക്കുന്നത്. ഏറെക്കാലമായി വില കൂട്ടിയിട്ടില്ല. റിസോർട്ട് പോലുള്ള സംവിധാനങ്ങളിലെ സൗകര്യങ്ങൾ അനുസരിച്ച് വിലയിൽ വ്യത്യാസം വരാമെന്നും അവർ പറയുന്നു.
ഏതായാലും ചിത്തരഞ്ജൻ വിവാദത്തെ തുടർന്ന് ആലപ്പുഴയിലെ ഹോട്ടൽ വില കുറച്ചു .ഹോട്ടൽ ഭക്ഷണത്തിന്റെ വിലനിയന്ത്രണം നിയമസഭയിൽ അവതരിപ്പിക്കുന്ന കാര്യം തനിച്ചു തീരുമാനിക്കാൻ കഴിയില്ലെന്ന് പി.പി.ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.യുഡിഎഫ് സർക്കാരിന്റെ കാലത്ത് തയാറാക്കിയ ബിൽ പുനരുജ്ജീവിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞിട്ടുണ്ട്. അന്നത്തെ ബിൽ സബ്ജക്ട് കമ്മിറ്റിക്കു വിട്ടശേഷം വെളിച്ചം കണ്ടിട്ടില്ലെന്നും ചിത്തരഞ്ജൻ പറഞ്ഞു.
പി.പി.ചിത്തരഞ്ജൻ എംഎൽഎയുടെ പരാതിക്ക് ഇടയാക്കിയ കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു. അപ്പത്തിനു 15 രൂപയിൽനിന്ന് 10 ആക്കി. മുട്ടക്കറിക്ക് 50ൽനിന്ന് 40 ആക്കി. വെജിറ്റബിൾ കുറുമയ്ക്ക് 100ൽനിന്ന് 90 ആക്കി. താൻ ഉന്നയിച്ച പ്രശ്‌നം ചർച്ചയായ ശേഷം കഴിഞ്ഞ ദിവസം വില കുറച്ചതായി അവിടെ ഭക്ഷണം കഴിച്ച ഒരാൾ ഫോണിൽ അറിയിച്ചതായി എംഎൽഎ പറഞ്ഞു. ഇതിനൊപ്പമാണ് കെടിഡിസിയിലെ വില ചർച്ചയാകുന്നത്. ആലപ്പുഴയിൽ തന്നെ കെ ടി ഡി സി ഹോട്ടലുകളിൽ അമിത വില ഈടാക്കുന്നുണ്ട്.
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി പുളിക്കീഴിലെ കെടിഡിസി റസ്റ്ററന്റിൽ മാത്രമാണ് വിലപ്പട്ടിക പ്രദർശിപ്പിക്കുന്നത്. അവിടെ ചപ്പാത്തിക്ക് 15 രൂപയും പൊറോട്ടയ്ക്ക് 20 രൂപയുമാണ്. ഓംലറ്റിന് 40, ബുൾസൈ 35, എഗ് ചില്ലി 50, മസാല ഓംലെറ്റ് 50. കൃഷ്ണപുരത്തെ ആഹാർ റസ്റ്ററന്റിൽ വിലപ്പട്ടികയില്ല. മെനു കാർഡാണുള്ളത്. 3 അപ്പം, മുട്ടക്കറി വില 100 രൂപയും നികുതിയുമാണ്. എസി റസ്റ്റന്റിൽ വില 10% കൂടും. ആലപ്പുഴ കളപ്പുരയിലെ റിപ്പ്ൾ ലാൻഡിലും വിലപ്പട്ടികയില്ല, മെനു കാർഡാണ്. അപ്പത്തിന് 15 രൂപ, മുട്ടക്കറി 40. എസി റസ്റ്ററന്റിലും ഇതേ വില തന്നെ. തണ്ണീർമുക്കത്തെ കുമരകം ഗേറ്റ്‌വേ റിസോർട്ടിൽ ഓരോ വിഭവത്തിന് പ്രത്യേക നിരക്കല്ല. പ്രഭാതഭക്ഷണം ബുഫെയാണ്. ഒന്നിലേറെ വിഭവങ്ങളിൽനിന്ന് എത്ര വേണമെങ്കിലും തിരഞ്ഞെടുക്കാം. ഒരാൾക്ക് 200 രൂപയാണ് നിരക്ക്. വിലപ്പട്ടികയില്ല. മെനു കാർഡ് നൽകുകയാണ് രീതി.
റസ്റ്ററന്റുകളെ രണ്ടായി തിരിച്ച് വില നിശ്ചയിക്കുന്ന ഗ്രേഡിങ് സമ്പ്രദായം ഇടത്തരം സ്ഥാപനങ്ങളെ തകർക്കുമെന്നും ഈ രീതിയോടു യോജിക്കുന്നില്ലെന്നും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ നേതാവ് എസ്.കെ.നസീർ പറഞ്ഞു. നല്ല ഭക്ഷണം വേണ്ടവർ അതനുസരിച്ചുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുത്തു പോകും. അവർ വില നോക്കില്ല. രണ്ടു വിഭാഗമായി ഹോട്ടലുകളെ തിരിച്ചാൽ മുന്തിയ ഹോട്ടലുകൾ, താഴേക്കിടയിലുള്ളവ എന്നിങ്ങനെ വേർതിരിവു വരും.
ഇടത്തട്ടിലുള്ള പല സ്ഥാപനങ്ങളും നല്ല സേവനം നൽകി കുറഞ്ഞ വില വാങ്ങേണ്ടി വരും. വളർന്നുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായത്തെ അതു തകർക്കും. മുൻപ് യുഡിഎഫ് സർക്കാർ ഇത്തരത്തിൽ നിയമം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അതിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 140 എംഎൽഎമാർക്കും അസോസിയേഷൻ കത്തയച്ചിരുന്നെന്നും നസീർ പറഞ്ഞു.
കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന പി.പി.ചിത്തരഞ്ജൻ എംഎൽഎയുടെ പരാതിയിൽ നടപടിയെടുക്കാൻ നിയമമില്ലെന്ന് ജില്ലാ കലക്ടർ. ബുദ്ധിമുട്ട് വകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കലക്ടർ ഡോ. രേണു രാജ് പറഞ്ഞു.എംഎൽഎയുടെ പരാതി അന്വേഷിച്ച് ജില്ലാ സപ്ലൈ ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് മന്ത്രിയുടെ ഓൺലൈൻ യോഗത്തിലും വിഷയം ചർച്ചയായി. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾ ഊർജിതമാക്കുന്നതായിരുന്നു യോഗത്തിലെ മുഖ്യ ചർച്ചാവിഷയം.
മറുനാടന് മലയാളി ബ്യൂറോ