- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നായനാരുടെ സ്മരണ വാക്കുകളിൽ മാത്രം ഒതുക്കരുതെന്ന സന്ദേശം മുഖ്യമന്ത്രിക്ക് നൽകി മുൻ മുഖ്യമന്ത്രിയുടെ കുടുംബം; ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ അനശ്വര നേതാവിന്റെ മകനേയും പരിഗണിക്കണമെന്ന് ആഗ്രഹം; കെറ്റിഡിസി ചെയർമാൻ പദവിയിൽ കണ്ണുവച്ച് കെപി കൃഷ്ണകുമാറും; ഇനി നിർണ്ണായകം പിണറായിയുടെ മനസ്സ്
കൊച്ചി: ഇ.കെ.നായനാരുടെ സ്മരണ പുതുക്കി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞായിരുന്നു പിണറായി വിജയന്റെ രണ്ടാം സത്യപ്രതിജ്ഞ. സിപിഎം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക് പേജിൽ ഇ.കെ.നായനാർ അനുസ്മരണ പ്രഭാഷണം നടമ്പോഴായിരുന്നു നായനാരെ പിണറായി ഇങ്ങനെ സ്മരിച്ചത്. സവിശേഷമായ ചരിത്ര മുഹൂർത്തത്തിൽ നായനാർ സ്മരണ കൂടുതൽ കരുത്തു പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വാക്കുകളിലെ ആനുസ്മരണം പ്രവർത്തിയിലും വേണമെന്നതാണ് നായനാരുടെ കുടുംബത്തിന്റെ ആവശ്യം.
നായനാരുടെ മക്കൾക്ക് സജീവ രാഷ്ട്രീയത്തിൽ പങ്കാളിയാകാൻ അഗ്രഹമുണ്ട്. എന്നാൽ അത് നടന്നിരുന്നില്ല. ഒന്നാം പിണറായി സർക്കാരിൽ കെറ്റിഡിസി ഡയറക്ടറായിരുന്നു നായനാരുടെ മകൻ കെപി കൃഷ്ണകുമാർ. കെറ്റിഡിസി ചെയർമാൻ അന്ന് മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന എം വിജയകുമാറായിരുന്നു. ഡയറക്ടറായിരുന്ന കൃഷ്ണകുമാറിനും കെറ്റിഡിസി ആസ്ഥാനത്ത് സ്ഥിരം മുറിയും നൽകി. രണ്ടാം പിണറായി സർക്കാർ ബോർഡിലും കോർപ്പറേഷനിലും അഴിച്ചു പണി നടത്തും. ഈ ഘട്ടത്തിൽ നായനാരുടെ മകനും അർഹതയ്ക്ക് അനുസരിച്ച് സ്ഥാനം നൽകണമെന്നാണ് നായാനാർ കുടുംബത്തിലെ മുതിർന്നൊരു അംഗത്തിന്റെ ആവശ്യം.
ഇത് നേരിട്ട് പിണറായി വിജയനോട് അവർ അറിയിക്കുകയും ചെയ്തതായാണ് സൂചന. കെറ്റിഡിസി ചെർമാനായി മകൻ കൃഷ്ണകുമാറിനെ നിയമിക്കണമെന്നതാണ് ആവശ്യം. ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇടതുപക്ഷത്ത് തുടങ്ങിയിട്ടില്ല. എങ്കിലും കെറ്റിഡിസിയിൽ സിപിഎമ്മിനാകും ചെയർമാൻ സ്ഥാനം. ഇത് മനസ്സിൽ വച്ചാണ് ഈ പദവി ഉറപ്പിക്കാൻ നായനാരുടെ മകൻ ശ്രമിക്കുന്നത്. പിണറായി കനിഞ്ഞാൽ അതു നടക്കുമെന്നാണ് സൂചന. കണ്ണൂരിലെ ഉറച്ച കോട്ടകളിൽ ഒന്നിൽ മത്സരിച്ച് എംഎൽഎ ആകണമെന്ന ആഗ്രഹവും നായനാരുടെ മകന് ഉണ്ടായിരുന്നു.
നായനാരുടെ മകന് പദവി അനുവദിക്കുന്നതിൽ സിപിഎമ്മിൽ ചർച്ച നടക്കും. ഇതിനെ ആരും ബന്ധു നിയമന വിവാദമായി കണക്കാക്കില്ലെന്നാണ് വിലയിരുത്തൽ. മെയ് 20നായിരുന്നു നായനാർ സ്മൃതി ദിനം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സിപിഎം ഒരുക്കിയ അനുസ്മരണത്തിൽ കൃഷ്ണകുമാറും പങ്കെടുത്തിരുന്നു. പാർട്ടിയുമായി ചേർന്നാണ് എന്നും കൃഷ്ണകുമാറിന്റെ പ്രവർത്തനം. ഈ സാഹചര്യത്തിൽ അർഹമായ പദവിക്ക് കൃഷ്ണുകമാറിന് യോഗ്യതയുണ്ടെന്നാണ് നായനാർ കുടുംബത്തിന്റെ വിലയിരുത്തൽ. നായനാരുടെ ഭാര്യയായ ശാരദ ടീച്ചറും മകന് പിണറായി അർഹമായ പരിഗണന നൽകുമെന്ന പ്രതീക്ഷയിലാണ്.
ഒന്നാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ കൃഷ്ണകുമാർ ചില വിമർശനങ്ങൾ ഉയർത്തിയിരുന്നു. സൂചികൊണ്ടെടുക്കാവുന്ന കാര്യങ്ങൾ തൂമ്പകൊണ്ടെടുക്കുന്നത് കാണുമ്പോൾ അച്ഛനെ ഓർമ വരുമെന്ന് കൃഷ്ണകുമാർ പറഞ്ഞിരുന്നു. ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകുന്ന പലവിവാദങ്ങളും അച്ഛൻ ഒരുദിവസം കൊണ്ട് തീർക്കുമായിരുന്നു. പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവായിരുന്നു അച്ഛന്റെ പ്രത്യേകത. നായനാരുടെ 2017ലെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയനേയും എൽഡിഎഫ് ഭരണത്തേയും പരോക്ഷമായി കൃഷ്ണകുമാർ വിമർശിച്ചത്.
ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരെ എൽഡിഎഫിന്റെ ആൾ,യുഡിഎഫിന്റെ ആൾ എന്ന രീതിയിൽ അദ്ദേഹം വേർതിരിച്ചു കണ്ടിരുന്നില്ല.അവർ ചെയ്യുന്ന ജോലി കൊണ്ടാണ് ഓരോരുത്തരേയും അളന്നിരുന്നത്. കഴിഞ്ഞ സർക്കാറിന്റെ അടുപ്പക്കാരനായിരുന്നു എന്നതുകൊണ്ട് ഒരു ഉദ്യോഗസ്ഥനേയും അച്ഛൻ അകറ്റി നിർത്തിയില്ല. അതുകൊണ്ടുതന്നെ ഇ.കെ നായനാരുടെ കാലത്ത് ഐഎഎസ്ഐപിഎസ് വിവാദങ്ങൾ ഉണ്ടായിരുന്നില്ല.
പല രാഷ്ട്രീയ നേതാക്കളും അപ്രതീക്ഷിതമായി പറയുന്ന പല വാക്കുകളും വിവാദമാകാറുണ്ട്. പക്ഷേ അക്കാര്യത്തിൽ ജനം നായനാർക്ക് ഒരു ആനുകൂല്യം നൽകിയിരുന്നു. നായനാർ ഒരുകാര്യം പറഞ്ഞാൽ അതിൽ അദ്ദേഹത്തിന് വ്യക്തിതാത്പര്യങ്ങൾ ഒന്നുമുണ്ടാവില്ലെന്ന് ജനത്തിനറിയാം. അതുകൊണ്ടുതന്നെ അദ്ദേഹം പറയുന്നത് ശരിയാണെന്ന് ജനം വിലയിരുത്തും. വിവാദമാകാമായിരുന്ന പല പ്രയോഗങ്ങളും അതു നായനാർ പറഞ്ഞതല്ലേയെന്ന് ജനം ലഘൂകരിച്ചു. കൃഷ്ണകുമാർ അന്ന് വിശദീകരിച്ചിരുന്നു. എന്നാൽ അതിന് ശേഷം പിണറായിയുമായി ചേർന്ന് നിൽക്കാൻ കൃഷ്ണകുമാർ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ