കോഴിക്കോട്: കെഎസ്ആർടിസി വാണിജ്യ സമുച്ചയം 30 വർഷത്തെ പാട്ടത്തിനു നൽകാനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത് ധനവകുപ്പിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചു കൊണ്ടെന്ന് റിപ്പോർട്ട്. അതിനിടെ കെഎസ്ആർടിസി വാണിജ്യ സമുച്ഛയം സ്വകാര്യ കമ്പനിക്ക് നടത്തിപ്പിന് നൽകിയതിൽ ഒത്തുകളി നടന്നെന്ന ആരോപണത്തെ ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ചതുരശ്ര അടിക്ക് കേവലം 13 രൂപ മാത്രം വാടക ഈടാക്കിയാണ് കോഴിക്കോട്ടെ അലിഫ് ബിൽഡേഴ്‌സിന് വാണിജ്യ സമുച്ഛയം കൈമാറിയത്. ചതുരശ്ര അടിക്ക് 180 രൂപ വരെ വാടകയുള്ള സ്ഥലത്താണ് ഈ അന്തരം. കെട്ടിടത്തിന്റെ നടത്തിപ്പുകാരെ സഹായിക്കാൻ കെട്ടിടത്തിൽ വരുത്തിയ രൂപമാറ്റത്തിന്റെ തെളിവുകളും പുറത്ത് വന്നു.

തീരുമാനം അംഗീകരിക്കുന്നതിനുള്ള കുറിപ്പ് മന്ത്രിസഭാ യോഗത്തിലേക്ക് വച്ചത് മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്നാണെന്നും ഫയലിൽ (ട്രാൻസ് എ2/217/2020) വ്യക്തമാണെന്ന് റിപ്പോർട്ട് ചെയ്തത് മനോരമയാണ്. ഒരിക്കൽ റദ്ദാക്കിയതിനു ശേഷമാണ് ദീർഘകാല പാട്ടക്കരാർ വീണ്ടും അലിഫ് ബിൽഡേഴ്‌സിനു തന്നെ നൽകാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. വാണിജ്യ സമുച്ചയത്തിലെ ഇടപാടിൽ പല സംശയങ്ങളും ഉയർന്നിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അടുപ്പക്കാർക്കാണ് കരാർ കിട്ടിയതെന്നാണ് ആരോപണം ഉയർന്നത്. ഇത് മന്ത്രി റിയാസ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.

2015 ൽ സമുച്ചയ നടത്തിപ്പിനായുള്ള ടെൻഡർ നേടിയ മാക് അസോഷ്യേറ്റ്‌സ് 50 കോടി രൂപ തിരിച്ചു വേണ്ടാത്ത നിക്ഷേപവും 50 ലക്ഷം രൂപ മാസ വാടകയും നൽകുമെന്നായിരുന്നു വ്യവസ്ഥ. ഈ ടെൻഡർ 2017 ൽ ഹൈക്കോടതി റദ്ദാക്കി. നാലാം തവണ വിളിച്ച ടെൻഡറാണ് 2018 സെപ്റ്റംബർ 19ന് അലിഫ് ബിൽഡേഴ്‌സിന് ലഭിച്ചത്. 17 കോടി രൂപ തിരിച്ചു കിട്ടാത്ത നിക്ഷേപവും 43 ലക്ഷം മാസവാടകയും വ്യവസ്ഥയിൽ. ടെൻഡറിലെ വ്യവസ്ഥകൾ കെടിഡിഎഫ്‌സിക്കോ കെഎസ്ആർടിസിക്കോ ഗുണകരമല്ലെന്ന കണ്ടെത്തലായിരുന്നു ധന വകുപ്പിന്റേത്. ടെൻഡർ റദ്ദാക്കി റീ ടെൻഡർ ചെയ്യണമെന്നും ധനവകുപ്പ് ശുപാർശ ചെയ്തു.

ധനവകുപ്പിന്റെ ഈ നിർദ്ദേശം മറികടന്നാണ് 2019 ജൂലൈ 24ന് അലിഫ് ബിൽഡേഴ്‌സിന് ടെൻഡർ നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. രണ്ടു മാസത്തിനുള്ളിൽ 17 കോടി രൂപ കെട്ടി വയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അലിഫ് ബിൽഡേഴ്‌സിന് കഴിഞ്ഞില്ല. തുടർന്ന് ടെൻഡർ റദ്ദാക്കാനും നിരതദ്രവ്യമായി കെട്ടി വച്ച 25 ലക്ഷം രൂപ കണ്ടു കെട്ടാനും ധന വകുപ്പ് വീണ്ടും ശുപാർശ ചെയ്തു. ഇതിനെതിരെ അലിഫ് ബിൽഡേഴ്‌സ് കോടതിയെ സമീപിച്ചു. ടെൻഡർ റദ്ദാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന അപേക്ഷ അലിഫ് ബിൽഡേഴ്‌സ് കെടിഡിഎഫ്‌സിക്ക് നൽകുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഫെബ്രുവരി 12ന് ഗതാഗത മന്ത്രി കെഎസ്ആർടിസി, കെടിഡിഎഫ്‌സി ഉന്നതരുടെ യോഗം വിളിച്ച് കരാർ അലിഫിനു തന്നെ നൽകാനും നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൊണ്ടു വരാൻ മുഖ്യമന്ത്രി തന്നെ നിർദ്ദേശിക്കുകയും 17ന്റെ മന്ത്രിസഭായോഗത്തിൽ തീരുമാനം അംഗീകരിക്കുകയും ചെയ്തു. അങ്ങനെയാണ് ഈ കെട്ടിടം ആലിഫാ ബിൽഡേഴ്‌സിന് കിട്ടുന്നത്. ഇതിനൊപ്പം മറ്റൊരു വെളിപ്പെടുത്തലും മനോരമയിലുണ്ട്. അതാണ് ഏറ്റവും നിർണ്ണായകം.

അതേസമയം, വാണിജ്യ സമുച്ചയത്തിന് 2015ലെ ടെൻഡറിൽ പങ്കെടുത്ത മാക് അസോഷ്യേറ്റ്‌സും ഇപ്പോൾ ടെൻഡർ നേടിയ അലിഫ് ബിൽഡേഴ്‌സും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും മാക്കിന്റെ ഉടമ മൊയ്തീൻ കോയ തന്നെയാണ് അലിഫിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുള്ളതെന്ന് അലിഫ് ഉടമ സ്ഥിരീകരിച്ചു. അതായത് ഹൈക്കോടതി 2017ൽ റദ്ദാക്കിയ ടെൻഡറുകാരൻ തന്നെ മറ്റൊരു പേരിൽ ഇത് നേടിയെന്നതാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ. ഇതിനൊപ്പമാണ് ബിൽഡിംഗിലെ പണിയിലെ തട്ടിപ്പും പുറത്തു വരുന്നത്. ഗുരുതര തകരാറുകൾ ഈ കെട്ടിടത്തിനുണ്ടെന്നാണ് ഐഐടിയുടെ കണ്ടെത്തൽ.

കോഴിക്കോട് നഗരത്തിലെ ഏറ്റവും കണ്ണായ പ്രദേശമാണ് മാവൂർറോഡ്. പ്രധാന വാണിജ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ഇവിടെയാണ് നഗരത്തിൽ ഏറ്റവും ഉയർന്ന വാടകയീടാക്കുന്ന കെട്ടിടങ്ങളുമുള്ളത്. കെഎസ്ആർടിസി കോംപ്ലക്‌സിൽ ബസ് സ്റ്റാന്റിന് സമീപമുള്ള 280 സ്‌ക്വയർഫീറ്റ് സ്ഥലം കെടിഡിഎഫ്‌സി കഴിഞ്ഞ വർഷം വാടകയ്ക്ക് നൽകിയത് സ്‌ക്വയർഫീറ്റിന് മാസം 160 രൂപയ്ക്കാണ്. ഇതേ കെട്ടിടത്തിന്റെ ബാക്കിയുള്ള ഭാഗങ്ങൾ അലിഫ് ബിൽഡേഴ്‌സിന് നൽകിയതാവട്ടെ സ്‌ക്വയർഫീറ്റിന് 13 രൂപയ്ക്കും. കെടിഡിഎഫ്‌സിയും അലിഫ് ബിൽഡേഴ്‌സും തമ്മിലുള്ള ഒത്തുകളിക്ക് ഇതിൽപരം എന്ത് തെളിവ് വേണമെന്ന് ഇവിടുത്തെ വ്യാപാരികൾ ചോദിക്കുന്നു.

കെഎസ്ആർടിസി സ്റ്റാന്റിനേക്കാൾ വാണിജ്യ സമുച്ഛത്തിനാണ് കെടിഡിഎഫ്‌സി പ്രാധാന്യം നൽകിയതെന്നതിന്റെ നിരവധി തെളിവുകളും ഇവിടെയുണ്ട്. താഴത്തെ നിലയിലെ മൂന്ന് തൂണുകൾ ചെറുതാക്കിയാണ് ഇവിടെ എസ്‌കലേറ്ററുകൾ സ്ഥാപിച്ചത്. 13 നിലകളുള്ള കെട്ടിടത്തിന്റെ താഴെയുള്ള രണ്ട് നിലകളിലെ തൂണുകൾക്ക് ബലക്ഷയമുണ്ടെന്നാണ് ചെന്നൈ ഐഐടി റിപ്പോർട്ട് പുറത്തു വന്നിരുന്നു. മൂന്ന് വട്ടം ടെൻഡർ ചെയ്തിട്ടും കെട്ടിടം വാടകയ്ക്ക് പോകാത്ത സാഹചര്യത്തിലാണ് കൂടുതൽ തുക ക്വാട്ട് ചെയ്ത അലിഫ് ബിൽഡേഴ്‌സിന് നടത്തിപ്പ് ചുമതല കൈമാറിയതെന്ന് കെടിഡിഎഫ്‌സി അധികൃതർ പറഞ്ഞു. എങ്കിലും സ്‌ക്വയർ ഫീറ്റിന് 13 രൂപ എന്നത് കുറഞ്ഞ നിരക്ക് തന്നെയെന്നും കെടിഡിഎഫ്‌സി അധികൃതർ സമ്മതിച്ചു.