കണ്ണൂർ: കേരളം കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ് കൂട്ടുപുഴ. 1928 ൽ ബ്രിട്ടീഷ് ഭരണത്തിൽ അന്നത്തെ വാഹനങ്ങൾക്ക് കടന്നുപോകാൻ പാകത്തിലായിരുന്നു കേരളത്തേയും കർണ്ണാടകത്തേയും ബന്ധിപ്പിക്കുന്ന ഈ പാലം പണിതത്. മറുകരയിൽ കുടകും ഇക്കരയിൽ കണ്ണൂർ ജില്ലയുമാണ്. ഇരു ജില്ലകളിലുമായി ആയിരങ്ങൾക്ക് ഉപയോഗപ്രദമായ പാലം തകർച്ചയിലായിട്ട് കാലങ്ങളേറെയായി.

ഒരു കാലത്ത് കാളവണ്ടിയിൽ കുടകിൽ നിന്ന് അരി കൊണ്ടു വരികയും തിരിച്ച് പുകയിലയും ഉണക്ക മത്സ്യവും കൊണ്ടു പോകുന്നത് ഈ പാലം വഴിയായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. കാലമേറെയായിട്ടും ഈ പാലത്തിന്റെ കോലത്തിൽ മാറ്റമൊന്നും വന്നില്ല. എന്നാൽ ബലക്ഷയം അനുദിനം നേരിടുകയുമാണ്. കേരളം പുതിയ പാലം പണി പാതി കഴിഞ്ഞിട്ടും കർണ്ണാടകത്തിന്റെ എതിർപ്പ് മൂലം എങ്ങുമെത്താത്ത അവസ്ഥയിലുമാണ്.

കാളവണ്ടിയുടെ സ്ഥാനത്ത് ടൂറിസ്റ്റ് ബസ്സുകളും 24 ചക്ര ട്രക്കുവരേയും ഇതിലൂടെ കടന്നു പോകുന്നു. കൃത്യമായി പറഞ്ഞാൽ 90 വർഷം മുമ്പ് തൂണില്ലാതെ പണിത പാലത്തിലൂടേയാണ് ആധുനിക കാലത്തെ വാഹനങ്ങൾ കടന്നു പോകുന്നത്. ഈ പാലത്തിലൂടെ സഞ്ചരിച്ച മറുനാടൻ കണ്ട കാഴ്ചകളിങ്ങനെ. ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പാലം കടക്കണമെങ്കിൽ മൂന്ന് തവണയെങ്കിലും പിറകോട്ടും മുന്നോട്ടും എടുക്കണം.

ഇരു ഭാഗത്തും പാലത്തിലേക്ക് കടക്കാനുള്ള വളവ് തിരിഞ്ഞാലും പാലത്തിന്റെ വശങ്ങളിലുള്ള ആർച്ചിന് മുട്ടിയുരുമ്മി വേണം കടക്കാൻ. വാഹനങ്ങൾ പാലത്തിലെത്തുമ്പോൾ കാൽ നടക്കാർ ഓടി രക്ഷപ്പെടണം. വാഹനത്തിലിരിക്കുന്നവർക്ക് പാലത്തിന്റെ ആർച്ച് കണ്ടാൽ ഭയമാകും. അത്രകണ്ട് ശോചനീയമാണ്. വാഹനങ്ങൾ ഇടിച്ച് അപകടാവസ്ഥയിലാണ് ആർച്ചുകളും. കോൺക്രീറ്റ് പാളി അടർന്ന് പോയിരിക്കയാണ്. കേരള-കർണ്ണാടക സർക്കാറുകൾ ഈ ദുർഘട പാലത്തിന്റെ യഥാർത്ഥ അവസ്ഥയിൽ ഇനിയും കണ്ണു തുറന്നിട്ടില്ല.

മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത മാസം 9 ാം തീയ്യതി തുറക്കുകയാണ്. കുടക് ജില്ലക്കാരായ യാത്രികരെ കൂടി ലക്ഷ്യമാക്കിയാണ് വിമാനത്താവളം. എന്നാൽ അതിർത്തി കടന്ന് വിമാനത്താവളത്തിലെത്താൻ കൂട്ടു പുഴ പാലം വലിയ കുരുക്കാകും. കുടകിലെ വിരാജ് പേട്ടയിൽ നിന്നും 54 കിലോ മീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ചാൽ കണ്ണൂർ എയർപോർട്ടിലെത്താം. തലസ്ഥാനമായ മടിക്കേരിയിൽ നിന്നും 86 കിലോ മീറ്റർ സഞ്ചരിച്ചാലും എയർപോർട്ടിലെത്താം. നിലവിൽ ബംഗളൂരു വിമാനത്താവളത്തിലെത്താൻ അവർക്ക് 265 കിലോ മീറ്ററെങ്കിലും സഞ്ചരിക്കണം. അതിനാൽ കുടക് ജില്ലയിലെ യാത്രികർക്ക് മറ്റാരെക്കാളും കണ്ണൂർ വിമാനത്താവളത്തെയാണ് ആശ്രയിക്കുക.

എന്നാൽ അവർക്ക് മുന്നിലുള്ള പ്രധാന തടസ്സം കൂട്ടുപുഴ പാലമാണ്. ചുരമിറങ്ങി കൂട്ടുപുഴയിലെത്തുന്നതോടെ യാത്ര ദുഷ്‌ക്കരമാകും. എന്നാൽ അതിനുള്ള പോംവഴി കാണാൻ ഇരു സംസ്ഥാനങ്ങളും മുതിരുന്നില്ല. കർണ്ണാടകം കുടകിനെ അവഗണിക്കുന്നുവെന്ന പരാതി ഏറെക്കാലമായി ഉയരുന്നുണ്ട്. നിരവധി സംഘടനകൾ ഈ അവഗണനക്കെതിരെ രംഗത്തുമുണ്ട്. 'കുടക് ഏകീകരണരംഗ ' എന്ന സംഘടനയാണ് ഇതിനു മുന്നിലുള്ളത്. ഉദ്യോഗസ്ഥ -മന്ത്രിതല ചർച്ചകളിൽ ഒതുങ്ങുകയാണ് അതിർത്തി പാലത്തിന്റെ ദുരവസ്ഥക്ക് കാരണം.

തകർച്ച നേരിടുന്ന പഴയ പാലത്തിന് പകരം കേരളത്തിന്റെ ചെലവിൽ പുതിയ പാലം നിർമ്മിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായി. എന്നാൽ കേരള അതിർത്തിയിൽ നിന്നും പുഴ കടന്ന് മറുകരയിൽ പണി തുടങ്ങാനിരിക്കേ കഴിഞ്ഞ വർഷം ഡിസംബർ 27 ന് കർണ്ണാടക വനം വകുപ്പ് പാലം നിർമ്മാണം തടഞ്ഞു. ബ്രഹ്മഗിരി വന്യ ജീവി സങ്കേതത്തിൽപെട്ടതാണെന്നായിരുന്നു കാരണം പറഞ്ഞത്. തീർത്തും ബാലിശമായ വാദമാണിതെന്ന് സ്ഥലം കണ്ടാൽ മനസ്സിലാകും.

മാലിന്യം കൊണ്ട് മൂടിയ അവസ്ഥയിലാണ് കർണ്ണാടകത്തിന്റെ ഈ സ്ഥലം. മാത്രമല്ല പാലത്തിന്റെ കർണാടക ഭാഗത്ത് നിലവിലുള്ള സംസ്ഥാന പാതയും പാലവും തമ്മിളുള്ള അകലം കേവലം അഞ്ച് മീറ്റർ മാത്രം. പുതിയ പാലത്തിന് 12 മീറ്റർ വീതിയും 90 മീറ്റർ നിളവുമാണ്. നാല് തൂണുകളാണ് നിർമ്മിക്കേണ്ടത്. കർണ്ണാടകം തടസ്സമുന്നയിച്ച കര ഒഴിവാക്കി ബാക്കി ഭാഗത്ത് വരുന്ന രണ്ട് തൂണുകളുടേയും വാർപ്പിന്റേയും പണി തീർന്നിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം തുറന്ന് കൊടുക്കേണ്ടതായിരുന്നു പുതിയ പാലം.

സണ്ണി ജോസഫ് എംഎൽഎ ബംഗളൂരുവിൽ വെച്ച് നടത്തിയ ചർച്ചയിൽ കർണ്ണാടക വനം വകുപ്പിലെ ഉന്നതർ അനുകൂല നിലപാട് എടുത്തിരുന്നില്ലെങ്കിലും പ്രാദേശിക വനപാലകർ ഇതിനെതിരായി നിൽക്കുകയാണ്. അപകടത്തിലായ പഴയപാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുകയാണ് കേരളം ചെയ്യുന്നതെങ്കിലും വനഭൂമി കൈയേറി പാലം നിർമ്മിക്കുന്നുവെന്നാണ് പ്രാദേശിക വനം വകുപ്പ് അധികാരികൾ നൽകിയ റിപ്പോർട്ട്.

ഉദ്യോഗസ്ഥ തലത്തിൽ തടസ്സപ്പെട്ടു കിടക്കുന്ന ഈ പാലത്തിന്റെ പൂർത്തീകരണത്തിന് ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ ഇടപെട്ടെങ്കിൽ മാത്രമേ പ്രശ്നപരിഹാരമുണ്ടാകൂ എന്നാണ് യാത്രികരുടെ അഭിപ്രായം. നിലവിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് വലിയ വാഹനങ്ങൾക്ക് ഗതാഗതം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂൺ 12 ന് ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് ഈ നിയന്ത്രണം.