കണ്ണൂർ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമേകി കുടക് ഭരണം മാക്കൂട്ടം ചുരം പാതയിലൂടെയുള്ള യാത്രാ നിയന്ത്രണം ഇന്ന് മുതൽ ഒഴിവാക്കി. ഇതോടെ കുടക് ജില്ലയിൽ പ്രവേശിക്കുന്നതിന് ഏഴു മാസമായി തുടരുന്ന നിയന്ത്രണം നീക്കിയതോടെ വ്യാപാര മേഖല സജീവമാകുമെന്നാണ് പ്രതീക്ഷ.

മാക്കൂട്ടം ചുരം പാത വഴി ഇന്നുമുതൽ പഴയതുപോലെ കേരളത്തിൽനിന്നും കർണാടകയിൽനിന്നുമുള്ള സ്വകാര്യ ബസ് സർവീസ് പുനരാരംഭിക്കും. ഇന്നലെ മുതൽ വയനാട് വഴി പോയിരുന്ന ബംഗളൂരു, മൈസൂരു ടൂറിസ്റ്റ് ബസുകൾ മാക്കൂട്ടം വഴി സർവീസ് ഇന്ന്പുനരാരംഭിച്ചു. മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണം നീക്കിയതോടെ ഇരിട്ടി, വള്ളിത്തോട്, കിളിയന്തറ ടൗണുകളും ഇനി കൂടുതൽ സജീവമാകും.

റോഡ് അടയ്ക്കുകയും ആർടിപിസിആർ നിർബന്ധമാക്കുകയും ചെയ്തതോടെ അന്തർസംസ്ഥാന യാത്രക്കാരെ പ്രതീക്ഷിച്ച് തുറന്ന നിരവധി ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും പൂട്ടിയിരുന്നു. മക്കൂട്ടത്തെ നിയന്ത്രണം കാരണം കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ ഒഴുക്കും നിലച്ചിരുന്നു. നിയന്ത്രണം നീക്കുകയും കൂട്ടുപുഴയിൽ പുതിയ പാലം തുറക്കുകയും ചെയ്തതോടെ ഈ റൂട്ടിൽ ഇനി ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ തിരക്കേറും.

രണ്ടു ഡോസ് വാക്‌സിനെടുത്തവർക്ക് ഒരു നിയന്ത്രണവുമില്ലാതെ രാജ്യത്തെവിടെയും സഞ്ചരിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവ് മാസങ്ങൾക്കുമുമ്പ് നിലവിൽ വന്നിട്ടും മാക്കൂട്ടം ചുരം പാത വഴി കുടക് ജില്ലയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം അതേപടി തുടരുകയായിരുന്നു. നിയന്ത്രണം നീക്കണമെന്ന് പല കോണുകളിൽനിന്നും ആവശ്യമുയർന്നിട്ടും കുടക് ജില്ലയിലെ പ്രത്യേക സാഹചര്യവും കേരളത്തിൽ നിലനിൽക്കുന്ന ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ചൂണ്ടിക്കാട്ടി നിയന്ത്രണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

രാജ്യത്ത് മറ്റു സംസ്ഥാന അതിർത്തികളിലൊന്നുമില്ലാത്ത നിയന്ത്രണം മാക്കൂട്ടം അതിർത്തിയിൽ മാത്രം മാസങ്ങളായി തുടരുന്നതിനെതിരേ കുടക് ജില്ലയിൽ നിന്നുതന്നെ പ്രതിഷേധം ഉയന്നിരുന്നു. അതിർത്തിയിലെ നിയന്ത്രണങ്ങളെ തുടർന്നുള്ള പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും കർണാടക ആരോഗ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായുള്ള ആർടിപിസിആർ പരിശോധന മൂലം സ്ഥിരം യാത്രക്കാർക്കും ചരക്കുവാഹന തൊഴിലാളികൾക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതായുള്ള പരാതിയും ഉയർന്നിരുന്നു.

ചുരം പാത വഴി ദിനംപ്രതി ആയിരത്തിലധികം യാത്രക്കാരാണ് കടന്നുപോകുന്നത്. ഇതിൽ പകുതിയിലധികം പേരും ദിവസേന ഇരുസംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നവരുമാണ്. 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡില്ലാ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് ആഴ്ചയിൽ രണ്ടുതവണ ആർടിപിസിആർ ടെസ്റ്റിന് വിധേയമാകേണ്ടിയിരുന്നു. 500ൽ അധികം ചരക്കുവാഹനങ്ങളും ചുരം പാത വഴി ദിനംപ്രതി കടന്നുപോകുന്നുണ്ട്. ചരക്കുവാഹനങ്ങളിലെ തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു ദിവസവും ആർടിപിസിആർ ടെസ്റ്റിന് വിധേയമാകേണ്ടിവന്നിരുന്നു. ഇതുമൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതയ്‌ക്കൊപ്പം സാമ്പത്തിക നഷ്ടവും ഏറെയായിരുന്നു.

മാക്കൂട്ടം ചുരം പാതയിലെ യാത്രാനിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയും കുടകിലെ കോൺഗ്രസ് നേതൃത്വവും സമരങ്ങൾ നടത്തിയിരുന്നു. കർണാടക സർക്കാരിന് കണ്ണുരിൽ നിന്നുള്ള ബി.ജെപി നേതാക്കൾ നിവേദനങ്ങൾ പല തവണ നൽകിയിരുന്നു. ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസടക്കമുള്ള യുവജനസംഘടനകളും സമരം നടത്തിയിരുന്നു