കൽപ്പറ്റ: 2011ലായിരുന്നു ആ ആത്മഹത്യ. സീരിയൽ-സിനിമാ നടിയായ പ്രിയങ്ക(21)യുടേത് വെറും ആത്മഹത്യയായി പൊലീസും എഴുതി തള്ളി. അതിന് പിന്നിലുള്ള വമ്പൻ സംഘത്തെ കുറിച്ച് അറിയാവുന്നവർ തന്നെയാണ് അതും ചെയ്തത്. കരിപ്പൂരിലെ സ്വർണ്ണ കടത്ത് കേസ് എത്തി നിൽക്കുന്നത് കുടുക്കിൽ ബ്രദേഴ്‌സിലാണ്. ഈ കുടുംബത്തിലെ മകനാണ് പ്രിയങ്കയേയും കുടുക്കിലാക്കി കൊന്നത്. പക്ഷേ പൊലീസ് അതിലെ ഗൂഢാലോചനയും മറ്റും അന്വേഷിച്ചില്ല. ഉന്നത രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങൾ കാരണം ആ കേസ് തന്നെ അപ്രസക്തമാകുകയും ചെയ്തു.

വിസ്മയയും പ്രിയങ്കയും ഉത്രയും കേരളത്തിൽ സ്ത്രീധന പീഡനങ്ങളുടെ ഇരയാണ്. പ്രിയങ്കയെന്ന നടി വിവാഹ വാഗ്ദാനത്തിൽ കുടുക്കി ഇല്ലായ്മ ചെയ്യപ്പെട്ട പെൺകുട്ടി. പ്രിയങ്കയെ പീഡിപ്പിച്ചു കൊന്നതാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരുമായി സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി ഫായാസിനും പ്രിയങ്കയുടെ ഭർത്താവ് റഹീമിനും സുഹൃത്തുക്കൾക്കും ബന്ധമുണ്ടെന്നും പ്രിയങ്കയുടെ മാതാവ് ജയലക്ഷ്മി 2013ൽ ആരോപിച്ചിരുന്നു. പക്ഷേ അന്ന് അവർ പറഞ്ഞതൊന്നും ആരും കേട്ടില്ല. തെറ്റു ചെയ്തവരെ വെറുതെ വീട്ടപ്പോൾ താമരശേരി കുടുക്കിലമ്മാരം വീട്ടിൽ അതിശക്തരായ മാഫിയാ സംഘം വളർന്നു.

താമരശ്ശേരി കുടുക്കിലുമ്മാരം മൂസയുടെ മക്കളായ സൈനുൽ ആബിദീൻ എന്ന ബാബു, അബ്ദുൽ റഹീം എന്ന കുടുക്കിൽ റഹീം, പിന്നെ മറ്റൊരാളും. അങ്ങനെ നാലു സഹോദരന്മാരുടെ കൂട്ടായ്മയാണ് കുടുക്കിൽ ബ്രദേഴ്‌സ്. എന്ത് ചെയ്യാനും മടിക്കാത്ത മാഫിയാ ഗ്യാങ്. കുടുക്കിൽ ബ്രദേഴ്സ് അടക്കം 4 സംഘങ്ങളുടേതാണു കോഴിക്കോട് വിമാനത്താവളത്തിൽ 21നു പുലർച്ചെ പിടിയിലായ 2.33 കിലോഗ്രാം സ്വർണമെന്നാണു കസ്റ്റംസിനു ലഭിച്ച വിവരം. 3 സംഘങ്ങളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അർജുൻ ആയങ്കിയെ കുടുക്കാൻ ഡമ്മി കാരിയറെ ഏർപ്പാടാക്കിയതും കുടുക്കിൽ ബ്രദേഴ്സിന്റെ നേതൃത്വത്തിലാണ്. നേരത്തെ ഒട്ടേറെ സ്വർണക്കടത്ത്, ഹവാല കേസുകൾക്കു പുറമെ, ഭീഷണിപ്പെടുത്തി പണം തട്ടിയ കേസുകളിലും പ്രതികളാണു കുടുക്കിൽ ബ്രദേഴ്സ്.

താമരശേരി കുടുക്കിലമ്മാരം വീട്ടിൽ റെമു എന്ന റഹീം പ്രിയങ്കയെ 2011 ഒക്ടോബറിൽ വിവാഹം കഴിച്ചിരുന്നുവെന്നാണ് പ്രിയങ്കയുടെ അമ്മ നേരത്തെ ആരോപിച്ചിരുന്നത്. സ്വർണ്ണ കടത്തിൽ മലയാളികൾ ഏറെ ചർച്ച ചെയ്ത ഫായാസാണ് റഹീമിന് പ്രിയങ്കയെ പരിചയപ്പെടുത്തിയത് എന്നും ആരോപിച്ചിരുന്നു. ഫായാസും റഹീമും ഉറ്റ സുഹൃത്തുക്കളാണെന്നും പൊലീസിന് അറിയാമായിരുന്നു. അന്ന് കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മിഷണറായ കെ.ആർ. പ്രേമചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങൾ അവർ ഉന്നയിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം പണക്കൊഴുപ്പിന് മുന്നിൽ കേസില്ലാ തെളിവുകളായി.

പൊലീസ് ഉദ്യോഗസ്ഥനായ പ്രേമചന്ദ്രൻ മകളുടെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്ന് ജയലക്ഷ്മി ആരോപിച്ചിരുന്നു. മകളുടെ മരണശേഷം പ്രേമചന്ദ്രൻ ഭീഷണി രൂപത്തിൽ തനിക്കു കത്തെഴുതിയിരുന്നു. റഹീമും ഫായിസും ഇടപെട്ടാണു പ്രിയങ്കയ്ക്ക് കോഴിക്കോട്ട് താമസസൗകര്യമൊരുക്കിയത്. ഇരുവർക്കും നിരവധി കാമുകിമാരുണ്ട്. റഹീമിന്റെ സുഹൃത്ത് ഫറോക്ക് സ്വദേശി രഞ്ജിത്ത് എന്നയാളാണു മകളെ പീഡിപ്പിച്ചുകൊന്നത്. മകൾ ഗർഭിണിയാണെന്നറിഞ്ഞതോടെ പീഡിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നായിരുന്നു ജയലക്ഷ്മിയുടെ ആരോപണം.

2011 നവംബർ 26-നാണ് പ്രിയങ്ക മരിച്ചത്. ലൗഡ്സ്പീക്കർ എന്ന മലയാള സിനിമയിലും നിരവധി തമിഴ്ചിത്രങ്ങളിലും ആൽബങ്ങളിലും മുഖം കാണിച്ചിട്ടുള്ള പ്രിയങ്ക തലശേരിയിലെ ടെക്സ്റ്റൈൽസിന്റെ പരസ്യത്തിൽ അഭിനയിച്ചപ്പോൾ ഫായാസാണ് റഹീമിനു പരിചയപ്പെടുത്തിയത്. പരസ്യചിത്രത്തിന്റെ പ്രഡ്യൂസർ ഫായാസ് ആയിരുന്നു. പിന്നീട് റഹീമും പ്രിയങ്കയും പ്രണയത്തിലായി. റഹീമിന്റെ നിർബന്ധത്തെ തുടർന്നു കോഴിക്കോട്ടേക്ക് താമസം മാറി. റഹീം ഏർപ്പൊടാക്കിയ അശോകപുരത്തെ ഫ്ളാറ്റിലായിരുന്നു പ്രിയങ്കയുടെ താമസം.

ഐഫി എന്നൊരു പെൺകുട്ടിയും പ്രിയങ്കയുടെ കൂടെ ഫ്ളാറ്റിൽ താമസിച്ചിരുന്നു. യഥാർഥ സ്നേഹബന്ധമാണെന്നു തന്നെ ബോധ്യപ്പെടുത്താൻ റഹീം 2011 ഒക്ടോബറിൽ പടിഞ്ഞാറത്തറയിലെ നീരൂർ ക്ഷേത്രത്തിൽ വച്ച് ക്ഷേത്രഭാരവാഹികളില്ലാത്ത സമയത്ത് പ്രിയങ്കയെ താലി ചാർത്തിയിരുന്നുവെന്നുവെന്നും ആരോപണം ഉയർന്നിരുന്നു. പിന്നീട് കൂടുതൽ സിനിമയിൽ അഭിനയിക്കാൻ നല്ല ഓഫറുകൾ വന്നിരുന്നെങ്കിലും റഹീം അതെല്ലാം മുടക്കി. കോഴിക്കോട്ടെ ഒരു ജൂവലറിയിൽ പ്രിയങ്ക ജോലി നോക്കി. അധികം വൈകാതെ കല്ലായിയിലെ ഒരു കടയിലേക്കു മാറി. ഇവിടുത്തെ ജോലി ഉപേക്ഷിച്ചുവരാൻ ഫായിസും റഹീമും ചേർന്ന് പ്രിയങ്കയിൽ സമ്മർദം ചെലുത്തി.

റഹീമിന് കള്ളനോട്ടടി, ഹവാല ബിസിനസാണെന്ന് അയാൾ തന്നെ മകളോടു വെളിപ്പെടുത്തിയിരുന്നുവെന്നും പ്രിയങ്കയുടെ അമ്മ ആരോപിച്ചിരുന്നു. തന്റെ സഹോദരന്മാർ കള്ളനോട്ട് കേസിൽ ജയിലിലാണെന്നും റഹീം പ്രിയങ്കയോടു പറഞ്ഞിരുന്നു. റഹീമിന് ഭാര്യയും നാലു കുട്ടികളുമുണ്ട്. റഹീമിനും ഫായിസിനും എറണാകുളത്തും തലശേരിയിലും കാമുകിമാർ ഉള്ളതായി തനിക്കറിയാം. ഈ വിവരമറിഞ്ഞു മകൾ റഹീമുമായി വഴക്കിട്ടിരുന്നു. അതെല്ലാം പഴയ ബന്ധമാണെന്നു പറഞ്ഞ് റഹീം പ്രണയം തുടർന്നു. ഇതിനിയിലാണു പ്രിയങ്ക ഗർഭിണിയായത്-അമ്മയുടെ 2013ലെ ആരോപണങ്ങൾ ഇങ്ങനെ നീളുന്നു.

റഹീമും രഞ്ജിത്തും ഇടയ്ക്കിടെ അശോകപുരത്തെ ഫ്ളാറ്റിൽ വരുമായിരുന്നു. രഞ്ജിത്ത് ഉറ്റ സുഹൃത്താണെന്നാണ് റഹീം പ്രിയങ്കയോടു പറഞ്ഞിരുന്നത്. 2011 നവംബർ ആദ്യവാരം റഹീം സൗദിയിലേക്കു പോയി. നവംബർ 26 നു രാത്രി പ്രിയങ്ക തലചുറ്റിവീണെന്നു പറഞ്ഞു രഞ്ജിത്താണു തന്നെ വിളിച്ചത്. ആദ്യം പ്രിയങ്കയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. ഇതെല്ലാം ദുരൂഹമാണെന്ന് പ്രിയങ്കയുടെ അമ്മ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയതോടെ ചിലർ കൊന്നുകളയുമെന്നു വരെ ഭീഷണിപ്പെടുത്തി.

ഗർഭിണിയാണെന്ന വിവരമറിഞ്ഞാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്നും നിങ്ങൾ ഇനി പരാതിയുമായി നടന്നിട്ടു കാര്യമില്ലെന്നും പറഞ്ഞാണ് കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ പ്രേമചന്ദ്രൻ കത്തയച്ചതെന്നു ജയലക്ഷ്മി ആരോപിച്ചിരുന്നു. പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് റഹീമും രഞ്ജിത്തും അറസ്റ്റിലായിരുന്നു.

പ്രിയങ്ക ജീവനൊടുക്കിയ കേസിൽ ഫൊറൻസിക് പരിശോധന ഫലവും കുടുക്കിൽ കുടുംബത്തിന് എതിരായിരുന്നു. പ്രിയങ്കയുടെ മൊബൈൽ ഫോണിൽനിന്നും ലാപ്ടോപ്പിൽനിന്നും കാമുകനോടൊപ്പമുള്ള ചിത്രങ്ങൾ ലഭിച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകി കൂടെതാമസിപ്പിച്ച ശേഷം ഗർഭിണിയാക്കി ഉപേക്ഷിച്ച താമരശേരി കുടുക്കിൽ റഹീമായിരുന്നു കേസിലെ ഒന്നാം പ്രതി. റഹീമും പ്രിയങ്കയും ഫ്ളാറ്റിൽ ഒന്നിച്ചു കഴിഞ്ഞതിന്റെ ചിത്രങ്ങൾ ലാപ്ടോപ്പിൽനിന്നും മൊബൈൽ ഫോണിൽനിന്നും ലഭിച്ചു.

ഇതോടൊപ്പം, റഹീം പ്രിയങ്കയ്ക്ക് അയച്ച എസ്.എം.എസുകളും ഫൊറൻസിക് സംഘം വീണ്ടെടുത്തു. ഇരുവരും കാമുകി കാമുകന്മാരാണെന്ന് കോടതിയിൽ തെളിയിക്കാൻ ഈ തെളിവുകൾ മതിയെന്ന് പൊലീസ് പറയുകയും ചെയ്തു. പ്രിയങ്കയെ അവസാനം ഫോണിൽ വിളിച്ചതും റഹീമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പക്ഷേ ഈ കേസിന് പിന്നീട് വലിയ ചലനങ്ങൾ ഉണ്ടായില്ല.