ആലപ്പുഴ: കുടുംബശ്രീ യൂണിറ്റിൽ സാമ്പത്തിക ക്രമക്കേടിനെച്ചൊല്ലി തർക്കം മൂത്തു. സെക്രട്ടറി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു.

ആലപ്പുഴ ജില്ലയിലെ ആര്യാട് പഞ്ചായത്ത് പത്താംവാർഡിൽ പൊള്ളവെളിയിൽ രാജേഷിന്റെ ഭാര്യയും കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിയുമായ സീമ(36)യെയാണ് വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

കുടുംബശ്രീ യൂണിറ്റിലുണ്ടായ സാമ്പത്തിക ക്രമക്കേടുകളെ ചൊല്ലിയുണ്ടായ തർക്കമാണ് ആത്മഹത്യക്ക് കാരണമെന്നു പറയപ്പെടുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് ചേർന്ന കുടുംബശ്രീ യോഗത്തിൽ മറ്റ് അംഗങ്ങൾ സീമയെ ചോദ്യം ചെയ്തതായി നാട്ടുകാർ പറഞ്ഞു. ഇതേതുടർന്നാണ് സീമ ആത്മഹത്യക്ക് മുതിർന്നതെന്നാണ് ബന്ധുക്കൾ അറിയിച്ചത്. പുതിയ സാമ്പത്തിക ക്രമപ്പെടുത്തലിലൂടെ സ്ത്രീജനങ്ങളെ സ്വയം പര്യാപ്തമാക്കാൻ ഉദ്ദേശിച്ചു തുടങ്ങിയ സർക്കാർ പദ്ധതിയാണ് സ്ത്രീകൾക്ക് തന്നെ വിനയാകുന്നത്.

ജില്ലയിലെ രണ്ടാമത്തെ ആത്മഹത്യയാണ് ഇത്. കഴിഞ്ഞ രണ്ടുമാസങ്ങൾക്ക് മുമ്പ് ആലപ്പുഴ പുന്തോപ്പ് വാർഡിൽ റിട്ട. ജീവനക്കാരൻ ആത്മഹത്യ ചെയ്തിരുന്നു. കുടുംബശ്രീ യൂണിറ്റിൽനിന്നും പലിശക്ക് പണം എടുത്ത് മുടിഞ്ഞ ഇയാൾ തിരിച്ചടവ് മുടക്കിയതോടെ സ്ത്രീകൾ വീട്ടിലെത്തി ബഹളം വച്ചതിനെ തുടർന്നാണ് അപമാനം സഹിക്കാനാവാതെ തൂങ്ങിമരിച്ചത്. ഈ കേസിൽ നാലു സ്ത്രീകൾ വിചാരണ നേരിടുകയാണ്.

കുടുംബശ്രീയിലൂടെ വായ്പയെടുത്ത് മുടിഞ്ഞ് മരണംവരിച്ചവരാണ് മാരാരിക്കുളം തെക്കുപഞ്ചായത്തിലെ ഓമനപ്പുഴ സ്വദേശി റോഷ്‌നി (34), സർവ്വോദയപുരം സ്വദേശി തൈപ്പുരയിൽ സജിത (33) എന്നിവർ. വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണു സീമയും തീകൊളുത്തി മരിച്ചത്.

ഈ വീട്ടമ്മയും വായ്പയെടുത്ത് മുടിഞ്ഞ് തിരിച്ചടവ് മുടങ്ങിയതോടെയാണ് മറ്റ് അംഗങ്ങളുമായി കശപിശയുണ്ടായത്. എന്നാൽ വീട്ടമ്മയുടെ മരണത്തിൽ കനത്ത ദുരൂഹതയാണുള്ളത്. മണ്ണെണ്ണ ക്യാൻ പൊലീസ് കണ്ടെടുത്തെങ്കിലും എണ്ണ ഒഴിച്ചതിനോ തീകൊളുത്തിയതിനോ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. തീപിടിച്ചാൽ ഉണ്ടാകാവുന്ന പ്രാഥമിക അടയാളങ്ങളും പരിസരപ്രദേശത്ത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

രണ്ടു മക്കളുടെ മാതാവായ സീമയുടെ മരണം ഒരു കുടുംബത്തെ പാടെ തകർത്തിരിക്കുകയാണ്. കൂലിപ്പണിക്കാരനായ രാജേഷിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. അതേസമയം സീമയ്ക്ക് ഇത്രയധികം സാമ്പത്തിക ബാദ്ധ്യത ഉണ്ടാകാനുള്ള കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സീമയെ കബളിപ്പിച്ച് മറ്റാരെങ്കിലും വായ്പ എടുത്ത് അടക്കാതിരുന്നതാണോയെന്നും അന്വേഷിക്കുന്നുണ്ട്. സീമ ഇത്രയും അധികം വായ്പയെടുക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

കുടുംബശ്രീയിൽ നടന്ന തർക്കം അറിഞ്ഞ ഭർത്താവ് രാജേഷ് ഭാര്യയെ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല താനറിയാതെ ഉണ്ടാക്കിവച്ച സാമ്പത്തിക ബാദ്ധ്യതയെ കുറിച്ച് ഭാര്യാവീട്ടിൽ വിളിച്ചറിയിക്കുകയും ചെയ്തു. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബശ്രീയിൽ നിന്നും കുറഞ്ഞ പലിശയ്ക്ക് പണം വാങ്ങി കൂടുതൽ പലിശയ്ക്ക് കടം കൊടുക്കുന്ന സ്ത്രീകളെ കുറിച്ചും അറിവ് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയുടെ പലഭാഗങ്ങളിൽ ഇപ്പോൾ കുബേരയിൽനിന്നും രക്ഷപ്പെട്ട് ഇത്തരം സംഘങ്ങൾ രൂപീകരിച്ച് സ്ത്രീ കൂട്ടായ്മകൾക്ക് പണം കടം കൊടുക്കുന്ന വമ്പൻ പലിശക്കാരും സജീവമാണ്. സീമയുടെ ആത്മഹത്യയെകുറിച്ച് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ