കൊട്ടിയൂർ:കുടുംബശ്രീയിൽ നിന്നും വായ്പയെടുത്ത തുക അടക്കാതെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കുടുംബശ്രീ പ്രവർത്തകയ്ക്ക് മർദ്ദനമേറ്റു.

ഓണത്തിന് മുമ്പ് തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ പ്രവർത്തകയെ മറ്റൊരു കുടുംബശ്രീ പ്രവർത്തകയുടെ ഭർത്താവാണ് മർദ്ദിച്ചത്. കേളകം പാറേപട്ടണം തൊണ്ടിയിൽ കൂവേലിൽ വിത്സന്റെ ഭാര്യ ഷാന്റി(42)ക്കാണ് മർദ്ദനമേറ്റത്. സമീപവാസിയായ പടിഞ്ഞാറെ പറമ്പിൽ ലിജീഷ്(30)ആണ് മർദ്ദിച്ചത്.

യുവതിയുടെ വീട്ടിലെത്തിയ ഇയാൾ ഭാര്യ ജിൽന(28)യുടെ കുടുംബശ്രീയുടെ പാസ്ബുക്ക് ഷാന്റിയിൽ നിന്നും തട്ടി പറിക്കുകയും ചെയ്തു. ജിൽനയും പിതാവ് ജോർജും കുടുംബശ്രീയിൽ നിന്ന് 2,90,000 രൂപ വായ്പയെടുത്തിരുന്നു. തുക തിരിച്ചടക്കാൻ വൈകിയതോടെ ഓണത്തിന് മുമ്പ് പണം അടക്കാൻ ആവശ്യപ്പെട്ടതാണ് മർദ്ദനത്തിൽ കലാശിച്ചത്. മർദ്ദനമേറ്റ ഷാന്റിയെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനമേറ്റെന്ന് കാണിച്ച് ലിജീഷും ഭാര്യ ജിൽനയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്