ഹേഗ്: മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന് പാക്കിസ്ഥാൻ വിധിച്ച വധശിക്ഷ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിജെ) സ്‌റ്റേ ചെയ്തു. കുൽഭൂഷൺ യാദവിന് നയതന്ത്ര, നിയമസഹായം ലഭിക്കാൻ അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇന്ത്യ നൽകിയ ഹർജിയിലാണ് വിധി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ 11അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ബെഞ്ചിന്റെ അധ്യക്ഷനായ റോണി ഏബ്രഹാമാണ് വിധി വായിച്ചത്. ഇന്ത്യൻ സമയം 3.30ന് ആരംഭിച്ച വിധിപ്രസ്താവം അര മണിക്കൂർ നീണ്ടുനിന്നു. കേസിൽ അന്തിമവിധി പ്രസ്താവിക്കുന്നതുവരെ വധശിക്ഷ നീട്ടിവയ്ക്കാനാണ് ഐസിജെ ഉത്തരവിട്ടിരിക്കുന്നത്. ജഡ്ജി റോണി ഏബ്രഹാം അധ്യക്ഷനായ ബെഞ്ച് ഐക്യകണ്‌ഠ്യേനയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.

കേസിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വാദം തിങ്കളാഴ്ച പൂർത്തിയായിരുന്നു. ഇന്ത്യാ-പാക്ക് ബന്ധത്തിൽ നിർണായക സ്വാധീനമുണ്ടാക്കുന്നതാണു വിധി. കേസിൽ ഐസിജെ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത് ഇടക്കാല ഉത്തരവാണ്. അന്തിമവിധി പ്രസ്താവിക്കുന്നതുവരെ കുൽഭൂഷൺ യാദവിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുവിധ നടപടികളും പാക്കിസ്ഥാൻ എടുത്തുപോകരുതെന്ന് ഐസിജെ വിധിയിൽ നിർദ്ദേശം നല്കിയിട്ടുണ്ട്.

2016 മാർച്ച് മൂന്നിന് അറസ്റ്റു ചെയ്ത കുൽഭൂഷണിനെ കഴിഞ്ഞമാസമാണു വധശിക്ഷയ്ക്കു വിധിച്ചത്. ഈ മാസം എട്ടിന് ഇന്ത്യ രാജ്യാന്താര കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. അതേസമയം പാക്കിസ്ഥാന്റെ നടപടി വിയന്ന കരാറിന്റെ ലംഘനമാണെന്ന ഇന്ത്യയുടെ വാദം ഐസിജെ തള്ളി. അതോടൊപ്പം കുൽഭൂഷണൻ യാദവിന് നയതന്ത്ര, നിയമ സഹായം ലഭിക്കാൻ അർഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കുൽഭൂഷൺ യാദവിന് നയതന്ത്ര, നിയമസഹായം ലഭിക്കാൻ അർഹതയുണ്ടെന്ന ഐസിജെയുടെ വിധി ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്. നിയമസഹായം നല്കണമെന്ന് വിധിയിൽ എടുത്തു പറഞ്ഞിട്ടില്ലെങ്കിലും അർഹതയുണ്ടെന്ന പരാമർശം തന്നെ ഇന്ത്യയുടെ വാദങ്ങൾക്കുള്ള വലിയ അംഗീകാരമാണ്.

ഇതോടൊപ്പം പലതരത്തിലും വിധി പാക്കിസ്ഥാന് തിരിച്ചടിയാണ്. കുൽഭൂഷൺ യാദവിനെ പിടികൂടിയതും വധശിക്ഷ വിധിച്ചതും തങ്ങളുടെ ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്ന പാക്കിസ്ഥാന്റെ വാദം കോടതി നിരാകരിച്ചിരിക്കുകയാണ്. തീവ്രവാദ വിഷയമാണെങ്കിൽപ്പോലും അന്താരാഷ്ട്ര കോടതിക്ക് ഇടപെടാൻ അവകാശമുണ്ടെന്ന വിധിക്ക് ചരിത്രപരമായും ഏറെ പ്രാധാന്യമുണ്ട്.

കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഉയർത്തിയ വാദങ്ങളെല്ലാം തള്ളുന്നതാണ് ഐസിജെയുടെ വിധി. പാക്കിസ്ഥാനിലെ സ്വതന്ത്ര കോടതിയിൽ പുനർവിചാരണ നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. അതുവരെ ശിക്ഷ നടപ്പാക്കില്ലെന്നു പാക്കിസ്ഥാൻ ഉറപ്പുവരുത്തണം. കുൽഭൂഷൺ ജാദവിനു നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിക്കേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കുൽഭൂഷന്റെ വിചാരണ നടന്ന പാക്കിസ്ഥാനിലെ സൈനിക കോടതിയെ സ്വതന്ത്ര കോടതിയായി പരിഗണിക്കാൻ രാജ്യാന്തര കോടതി തയാറായില്ല. അതേസമയം ഐസിജെയുടെ വിധി കൂടുതൽ നിയമയുദ്ധങ്ങൾക്കാണു വഴിതെളിച്ചിരിക്കുന്നത്. ഐസിജെ വിധി ചൂണ്ടിക്കാട്ടി കുൽഭൂഷൺ യാദവിന് നിയമസഹായം ലഭ്യമാക്കാൻ ഇന്ത്യ ശ്രമിക്കും. എന്നാൽ ഇത് പാക്കിസ്ഥാൻ അംഗീകരിക്കുമോയെന്നതിൽ സംശയമുണ്ട്.

കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയ്ക്കനുകൂലമായുണ്ടായ അന്താരാഷ്ട്ര കോടതി വിധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഹരീഷ് സാൽവെ അടക്കം കേസിൽ അനുകൂല വിധി സമ്പാദിക്കുന്നതിനായി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും മോദി വ്യക്തമാക്കി. സ്റ്റേ ഉത്തരവ് ഇന്ത്യയുടെ വലിയ വിജയമാണെന്ന് അറ്റോർണി ജനറൽ മുഗുൽ റോഹ്ത്തഗി അടക്കം പ്രതികരിച്ചു. 

ഇന്ത്യയ്ക്ക് വേണ്ടി ബലൂചിസ്ഥാനിൽ ഭീകരപ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പാക് സൈനിക കോടതി കുൽഭൂഷണൻ യാദവിന് വധശിക്ഷ വിധിച്ചത്. അതേസമയം ബിസിനസ് ആവശ്യങ്ങൾക്കായി 2016 മാർച്ചിൽ ഇറാനിലെത്തിയ ഇദ്ദേഹത്തെ പാക് സൈന്യം ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ശിക്ഷ വിയന്ന കൺവെൻഷൻ വ്യവസ്ഥകളുടെ ലംഘനമാണെന്ന് തിങ്കളാഴ്ച ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരായ ഹരിഷ് സാൽവെ ചൂണ്ടിക്കാട്ടി.

വിചാരണ സ്വതന്ത്രമായിരുന്നില്ലെന്നും നിയമസഹായം എത്തിക്കാൻ ഇന്ത്യയെ അനുവദിച്ചില്ലെന്നുമാണ് ഹരീഷ് സാൽവേ മുഖ്യമായും ചൂണ്ടിക്കാട്ടിയത്. 16 തവണ ഇന്ത്യ ഇക്കാര്യം ഉന്നയിച്ച് കത്ത് നൽകിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. കുൽഭൂഷൺ യാദവ് ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കൺവെൻഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമാണ് പാക്കിസ്ഥാൻ വാദിച്ചത്. യാദവിന്റെ കുറ്റസമ്മത മൊഴിയാണ് ഇതിന് പ്രധാന തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ ഇതിന്റെ വീഡിയോ കാണാൻ അന്താരാഷ്ട്ര കോടതി വിസമ്മതിച്ചത് വാദത്തിൽ പാക്കിസ്ഥാന് തിരിച്ചടിയായി.

ബിസിനസ് ആവശ്യങ്ങൾക്കായി ഇറാനിലെത്തിയ കുൽഭൂഷണെ പാക് സൈന്യം ബലൂചിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോയാണ് അറസ്റ്റു ചെയ്തതെന്നും ഹരീഷ് സാൽവേ വാദിച്ചു. വിയന്ന കരാർ അനുസരിച്ചു തടവുകാരനു നിയമാനുസൃതം സ്ഥാപിക്കപ്പെട്ട, സ്വതന്ത്ര കോടതികളിൽ വിചാരണയ്ക്ക് അവകാശമുണ്ട്. കുൽഭൂഷണു സ്വയം പ്രതിരോധിക്കാൻ നിയമസഹായം ലഭ്യമാക്കിയില്ല. സൈനിക കോടതിയാണു സാധാരണക്കാരനായ പൗരനു ശിക്ഷവിധിച്ചത്. കടുത്ത മനുഷ്യാവകാശലംഘനങ്ങൾ നടന്നു എന്നിവയായിരുന്നു ഹരീഷ് സാൽവെ ഇന്ത്യയ്ക്കു വേണ്ടി നിരത്തിയ വാദങ്ങൾ.

അതേസമയം രാജ്യാന്തര കോടതി അധികാരപരിധി ലംഘിച്ചുവെന്നായിരുന്നു പാക്കിസ്ഥാന്റെ മറുവാദം. ഇറാനിൽനിന്നു തട്ടിയെടുത്താണ് അറസ്റ്റുചെയ്തത് എന്ന വാദത്തിന് ഇന്ത്യയ്ക്കു തെളിവു നൽകാനായിട്ടില്ലെന്നും പാക്കിസ്ഥാനുവേണ്ടി ഹാജരായ ഖവാർ ഖുറേഷി വാദിച്ചു. പാക്കിസ്ഥാനുമായുള്ള തർക്കങ്ങൾ രാജ്യാന്തര കോടതിയുടെ അധികാരപരിധിക്കു പുറത്താണെന്നു 1974 സെപ്റ്റംബർ എട്ടിന് ഇന്ത്യ പറഞ്ഞിരുന്നു. ഇപ്പോഴത്തെ നിലപാട് ഇതിനെതിരാണെന്നും ഖവാർ ഖുറേഷി വാദിക്കുകയുണ്ടായി.

മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ വായിയിൽ ജനിച്ച 47കാരനായ കുൽഭൂഷൺ യാദവ് മുംബൈയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. അച്ഛൻ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. നാവിക സേനയിൽ നിന്നും വിരമിച്ച ശേഷം ബിസിനസ് ചെയ്ത് ജീവിക്കുകയായിരുന്നു. 2016ലാണ് ഇറാൻ-പാക് അതിർത്തിയിൽ നിന്നും പാക്കിസ്ഥാൻ രഹസ്യാന്വേഷകർ ഇദ്ദേഹത്തെ പിടികൂടിയത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥനാണ് യാദവ് എന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്.