ഇസ്ലാമാബാദ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ ഉടൻ തൂക്കിലേറ്റില്ലെന്ന് പാക്കിസ്ഥാൻ. കുൽഭൂഷണെ സന്ദർശിക്കാൻ ഭാര്യയ്ക്കും, അമ്മയ്ക്കും വീസ അനുവദിച്ചിട്ടുണ്ട്.. വീസ അനുവദിച്ച വിവരം പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ പാക്കിസ്ഥാനിലെത്തുന്ന അമ്മയും, ഭാര്യയും കുൽഭൂഷണുമായി നടത്തുന്ന അവസാന കൂടിക്കാഴ്ചയാകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് വിശദീകരണവുമായി പാക്കിസ്ഥാൻ രംഗത്തെത്തിയത്.

പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസൽ ആണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യാവകാശം പരിഗണിച്ചാണ് കുൽഭൂഷണെ കാണാൻ കുടുംബത്തിന് അനുമതി നൽകിയതെന്നും, അദേഹത്തെ തൂക്കിലേറ്റുന്ന കാര്യത്തിൽ ഇടൻ തീരുമാനമുണ്ടാവില്ലെന്നും, ദയാഹർജി ഇപ്പോഴും പരിഗണനയിലാണെന്നും മൊഹമ്മദ് ഫൈസൽ അറിയിച്ചു.

വീസ അപേക്ഷ ലഭിച്ചതായും, തുടർ നടപടികൾ നടന്നു വരികയാണെന്നും പാക്കിസ്ഥാൻ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഈ മാസം 25 നു കൂടിക്കാഴ്ച അനുവദിക്കാമെന്ന് പാക്ക് വദേശകാര്യ മന്ത്രാലയം കഴിഞ്ഞ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഭാര്യയ്ക്കും, അമ്മയ്ക്കുമൊപ്പം ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ അനുവദിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഭാര്യയ്ക്കും, അമ്മയ്ക്കും വീസ നൽകാൻ ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷനോട് നിർദേശിക്കുകയും ചെയ്തിരുന്നു.