ന്യൂഡൽഹി: പാക് ജയിലിൽ കഴിയുന്ന മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന്റെ മോചനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ നുണ പറയുന്നതായി ഇന്ത്യ.

2014 ൽ പെഷവാറിലെ ആർമി സ്‌കൂളിൽ നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരനെ കുൽഭൂഷൺ ജാധവുമായി വച്ചുമാറാൻ തയ്യാറാണെന്ന വാഗ്ദാനം ലഭിച്ചെന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. പാക് വിദേശകാര്യമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫാണ് ഈ കള്ളം പറഞ്ഞത്. സാങ്കൽപികവും നുണക്കഥയുമാണിതെന്ന് ഇന്ത്യ വിശദീകരിക്കുന്നു.

പെഷവാർ സ്‌കൂൾ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരൻ ഇപ്പോൾ അഫ്ഗാനിസ്താനിലെ ജയിലിൽ ആണെന്നും ചൊവ്വാഴ്ച ആസിഫ് പറഞ്ഞിരുന്നു. ന്യൂയോർക്കിൽ ഏഷ്യാ സൊസൈറ്റിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആസിഫ്. എന്നാൽ, ഈ വാഗ്ദാനം നൽകിയത് ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഇന്ത്യക്കു വേണ്ടി ചാരവൃത്തി ആരോപിച്ചാണ് മുൻനാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷണെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് റാവീഷ് കുമാറാണ് പാക് വാദത്തെ തള്ളികളഞ്ഞത്. സാങ്കൽപികവും നുണക്കഥയുമാണിത്. യു എൻ പൊതുസഭയിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടതാണ്. കശ്മീരിലേതെന്ന് അവകാശപ്പെട്ട് കാണിച്ച ചിത്രം മറ്റൊരു രാജ്യത്തിൽനിന്ന് പകർത്തിയതാണെന്ന് തെളിഞ്ഞു. ഇത്തരം നുണകളുടെ കൂട്ടത്തിലെ മറ്റൊരു നുണയാണ് ഇത്- റാവിഷ് ആരോപിച്ചു.

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്കുവേണ്ടി കുൽഭൂഷൺ പ്രവർത്തിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ വാദം. കുൽഭൂഷണിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിട്ടുണ്ട്.