ഇസ്ലാമാബാദ്: ചാരപ്രവർത്തനം ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാധവ് ഇന്ത്യൻ ഭീകരവാദത്തിന്റെ മുഖമാണെന്ന് പാക്കിസ്ഥാൻ.ഇക്കാര്യം പാക്കിസ്ഥാന് വ്യക്തമായ കാര്യമാണ്. മനുഷ്യത്വത്തിന്റെ പേരിലാണ് അമ്മയെയും ഭാര്യയെയും കാണാൻ ജാധവിനെ അനുവദിച്ചതന്നും പാക് വിദേശകാര്യമന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ പറഞ്ഞു.

ജാദവ് പാക്കിസ്ഥാനിലെ നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകി. കൂടാതെ ജാദവ് ബലൂചിസ്താനിൽ നിരവധി പേരുടെ കൊലയ്ക്ക് കാരണമായെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.ഭീകരവാദിയാണെന്ന് കുൽഭൂഷൻ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ ചാര സംഘടന റോയുടെ നിർദേശ പ്രകാരം പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനും രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്താനുമാണ് കൽഭൂഷൻ ശ്രമിച്ചതെന്നും മുഹമ്മദ് ഫൈസൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കുന്നതിന് മുന്നെ ഗ്ലാസ് മറ വെച്ചിട്ട് മാത്രമേ സന്ദർശനം അനുവദിക്കൂവെന്ന് അവരെ അറിയിച്ചതാണ്. വിവിധ സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിലാണ് അങ്ങനെ ചെയ്തത്. ഇതൊരു കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും നയതന്ത്ര ചർച്ചയുടെ ഭാഗമായിട്ടല്ലെന്നും മുഹമ്മദ് ഫൈസൽ വ്യക്തമാക്കി. അമ്മയും ഭാര്യയും ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിലെത്തി ജാദവിനെ സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് പാക്കിസ്ഥാൻ രംഗത്തെത്തിയിരിക്കുന്നത്.കുടുംബത്തെ കാണാൻ അനുവദിച്ചതിന് കുൽഭൂഷൺ ജാദവ് പാക്കിസ്ഥാന് നന്ദി അറിയിച്ചു.