ന്യൂഡൽഹി: പാക് ജയിലിൽ കഴിയുന്ന നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവ് വിഷയത്തിൽ തെറ്റിധരിപ്പിക്കാൻ പുതി വീഡിയോയുമായി പാക്കിസ്ഥാൻ. ഇതിനായി ജാദവിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു. തെറ്റിദ്ധാരണ പരത്താനുള്ള ആദ്യശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതിയ വീഡിയോയുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിട്ടുള്ളത്.

കുൽഭൂഷൺ ജാദവിന്റെ ഭാര്യയും അമ്മയും അദ്ദേഹത്തെ പാക് ജയിലിൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉൾപ്പെട്ടതാണ് പുതിയ വീഡിയോ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ തന്റെ അമ്മയോടും ഭാര്യയോടും മോശമായി പെരുമാറുന്നത് കണ്ടുവെന്നത് അടക്കമുള്ള പരാമർശങ്ങളാണ് പുതിയ വീഡിയോയിലുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

അമ്മ വിഷമിക്കേണ്ടതില്ലെന്നും പാക് അധികൃതർ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും കുൽഭൂഷൺ പറയുന്നതായി വീഡിയോയിലുണ്ട്. പാക് സന്ദർശനത്തിനിടെ കുൽഭൂഷണിന്റെ ഭാര്യയോടും അമ്മയോടും ആ രാജ്യത്തെ അധികൃതർ മോശമായി പെരുമാറിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുൽഭൂഷണിന്റെ ഭാര്യയുടെ താലിമാല വരെ അഴിച്ചുവാങ്ങിയതും ചെരുപ്പ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചതും അടക്കമുള്ള സംഭവങ്ങൾ ചർച്ചയായി.

കൂടിക്കാഴ്ചയ്ക്കിടെ തെറ്റിദ്ധാരണ പരത്താൻ പാക് അധികൃതർ നടത്തിയ ശ്രമം കുൽഭൂഷണിന്റെ അമ്മ അവന്തി ജാദവ് ഇടപെട്ട് പരാജയപ്പെടുത്തിയിരുന്നു. പാക് അധികൃതർ പഠിപ്പിച്ചുവിട്ട കാര്യങ്ങൾ അതേപടി പറയാൻ ശ്രമിച്ച കുൽഭൂഷണിനെ അവന്തി ജാദവാണ് തടഞ്ഞത്. ഇങ്ങനെയൊക്കെ പറയുന്നത് എന്താണെന്ന് ചോദിച്ച അവർ ഇറാനിലേക്ക് പോയത് ബിസിനസ് ആവശ്യത്തിനുവേണ്ടിയാണെന്നും അവിടെനിന്ന് തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നുമുള്ള സത്യസന്ധമായ കാര്യങ്ങൾ പാക് അധികൃതരെ അറിയിക്കാൻ നിർദ്ദേശിച്ചു.