കുമളി: കനാലിൽ വീട്ടമ്മയെ കൊന്നു തള്ളിയ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി പ്രതി. കഴിഞ്ഞ ദിവസമാണ് അടിമാലി കൊന്നത്തടി തിങ്കൾക്കാട് സ്വദേശിനി പൊന്നെടുത്തുംപാറയിൽ ബാബുവിന്റെ ഭാര്യ സാലുവിന്റെ മൃതദേഹം കുമളി ഇറൈച്ചിൽപാലത്തെ മുല്ലപ്പെരിയാർ കനാലിൽ നിന്നു കണ്ടെത്തിയത്. അവിഹിത ബന്ധം ഒടുവിൽ കൊലപാതകത്തിൽ എത്തുകയായിരുന്നുവെന്നു പ്രതി ഉപ്പുതറ കരുന്തരുവി സ്വദേശി പാസ്റ്റർ സലിൻ (42) പൊലീസിനോടു പറഞ്ഞു.

കവാത്ത് കത്തി ഉപയോഗിച്ച് വെട്ടിപ്പരുക്കേൽപിച്ച ശേഷമാണ് സാലുവിനെ കനാലിൽ തള്ളിയത്. സംഭവദിവസം അഞ്ചിലേറെ തവണ ശാരീരികബന്ധത്തിൽ ഏർപ്പെട്ടതായും സലിൻ അന്വേഷണസംഘത്തോടു വെളിപ്പെടുത്തി. സലിനെ സംഭവസ്ഥലത്തു എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

നവംബർ നാലിനാണ് കൊലപാതകം നടന്നതെന്നു പൊലീസ് പറയുന്നു. അന്നു രാത്രിയിൽ ഇരുവരും താമസിച്ചിരുന്ന ഉത്തമപാളയത്തെ ലോഡ്ജിൽ നിന്നും കാറിൽ ഇറൈച്ചിൽപാലത്ത് എത്തി. സാലുവിനുള്ള ദോഷം മാറുന്നതിന് നാരങ്ങ ഉഴിഞ്ഞ് വെള്ളത്തിൽ കളയണമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സലിൻ ഇവിടെ എത്തിച്ചത്. ആദ്യ തവണ നാരങ്ങ തലയ്ക്ക് ചുറ്റി വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.

വീണ്ടും ഒരിക്കൽ കൂടി ആവർത്തിക്കാൻ ആവശ്യപ്പെട്ട ശേഷം അത് ചെയ്യുന്നതിനിടെ സലിൻ പിന്നിലൂടെ എത്തി കൈവശമുണ്ടായിരുന്ന കവാത്ത് കത്തി ഉപയോഗിച്ച് സാലുവിന്റെ തലയ്ക്കും കഴുത്തിനും കാലിനും വെട്ടുകയായിരുന്നു. പിന്നീട് നിലത്തു വീണ സാലുവിനെ സംരക്ഷണ ഭിത്തിക്ക് മുകളിലൂടെ ഉയർത്തി മുല്ലപ്പെരിയാർ കനാലിലേക്ക് തള്ളിയെന്നും സലിൻ മൊഴി നൽകി. കൊലയ്ക്കുപയോഗിച്ച കവാത്ത് കത്തി സലിന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു.

മൃതദേഹം കണ്ടെടുക്കുമ്പോൾ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. സംഭവം നടന്ന സമയത്ത് സാലു നൈറ്റിയാണ് ധരിച്ചിരുന്നതെന്നും ഇതുമൂലമാകാം മൃതദേഹത്തിൽ അടിവസ്ത്രം ഉൾപ്പെടെയുള്ളവ കാണാതിരുന്നുമാണ് പൊലീസിന്റെ നിഗമനം

മൂന്ന് വർഷത്തിലേറെയായി സലിനും സാലിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. ഒടുവിൽ സ്വന്തം ജീവൻതന്നെ ഈ ബന്ധത്തിനു വേണ്ടി സാലിക്കു ബലികൊടുക്കേണ്ടി വന്നു. കേരള തമിഴ്‌നാട് അതിർത്തിയിൽ നിന്നാണു സാലിയുടെ മൃതദേഹം കിട്ടിയത്. സലിൻ കൊലയാളിയാണെന്ന് അറിഞ്ഞതോടെ അയാൾ നോട്ടിരട്ടിപ്പിന്റെ പേരിൽ നടത്തിയ തട്ടിപ്പുകളും പുറത്തുവന്നു. പലരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സലിന്റെ ഭാര്യയുടെ കൂട്ടുകാരിയായിരുന്നു സാലു. ഭാര്യതന്നെയാണ് സാലുവിനെ പരിചയപ്പെടുത്തിക്കൊടുത്തത്. സലിനിന്റെ സ്വദേശമായ ഉപ്പുതറയിലാണ് സാലുവിന്റെയും വീട്. സാലുവിനെ മുനിയറ തിങ്കൾകാട്ടിലേക്ക് വിവാഹം കഴിച്ച് അയയ്ക്കുകയായിരുന്നു. ക്രമേണ സലിനും സാലുവും പ്രണയത്തിലാകുകയായിരുന്നു. സാലു മിക്കപ്പോഴും ഉപ്പുതറയിലെ സലിനിന്റെ വീട്ടിൽ എത്താറുണ്ടായിരുന്നു. സലിനിൽ നിന്ന് പലപ്പോഴായി സാലു രണ്ടര ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. ഇതിനിടെയാണ് സാലു തിങ്കൾകാട്ടിലെ ഒരു എസ്റ്റേറ്റ് സൂപ്പർവൈസറുമായി അടുപ്പത്തിലായത്. അത് സലിനിനെ ചൊടിപ്പിച്ചു. കടംകൊടുത്ത പണം തിരികെ ചോദിച്ചു. പണം തിരികെ കൊടുക്കുന്നതിനു പകരം അവിഹിത ബന്ധം വീട്ടിലറിയിക്കുമെന്ന് സാലു ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇതോടെ വൈരാഗ്യത്തിലായ സലിൻ സാലുവിനെ വകവരുത്താൻ തീരുമാനിച്ചു. കൊലയ്ക്കായി പദ്ധതിയും തയ്യാറാക്കി.

തുടർന്നു തന്ത്രപൂർവം സാലുവിനെ കൂട്ടി ഉത്തമപാളയത്തേക്കു പോകുകയായിരുന്നു. കഴിഞ്ഞ മാസം മൂന്നിനാണു സാലു വീട്ടിൽ നിന്ന് ഇറങ്ങിയത്. ഉത്തമപാളയത്ത് ഒരു ദിവസം തങ്ങിയ ഇരുവരും പിറ്റേന്നാണ് കുമളിയിലേയ്ക്ക് തിരിച്ചത്. ഇതിനിടെ സാലുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് ബാബു വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

സാലുവിനെ സലിൻ നിരന്തരം ഫോണിലൂടെ ബന്ധപ്പെടാറുണ്ടെന്ന് മനസിലാക്കിയ പൊലീസ് സലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.