- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാവൂദ് ഇബ്രാഹിമിനെ കൂട്ടാളിയെ കൊന്ന് അച്ഛന്റെ കൊലയ്ക്ക് പ്രതികാരം; തമിഴ് പുലികൾക്ക് ആയുധംനൽകി വളർന്നു; സിനിമാക്കഥകളെ വെല്ലുന്ന ജീവിതവുമായി മലയാളിയായ അധോലോക നായകൻ കുമാർ കൃഷ്ണപിള്ള
മുംബൈ: ഇന്ത്യ ഏറക്കൊലമായി തേടിനടന്ന അധോലോക നായകനും മലയാളിയുമായ കുമാർ കൃഷ്ണപിള്ളയെ 17 വർഷങ്ങൾക്കു ശേഷം മുംബൈ പൊലീസ് അറസ്റ്റുചെയ്തു. കൺമുന്നിൽ അച്ഛനെ കൊന്നവനെ കൊല്ലുമെന്ന് ശപഥംചെയ്ത് അധോലോക സംഘത്തിൽ ചേരുകയും പിന്നീട് സ്വന്തമായി അധോലോക സംഘംതന്നെ രൂപീകരിക്കുകയും ചെയ്ത കുമാർ പിള്ള തൊണ്ണൂറുകളിൽ രാജ്യത്ത് അധോലോക രാജാവായി വിലസിയിരുന്നു. ഇക്കാലത്തെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് 1998ൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങി. ഇന്നലെ രാത്രി മുംബൈ ക്രൈം ബ്രാഞ്ചിലെ അഞ്ചംഗ സംഘം വിമാനത്താവളത്തിൽവച്ച് പിള്ളയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. സിംഗപ്പൂരിൽ നിന്ന് നാടുകടത്തിയ കുമാർ ഇന്നലെ രാത്രി 9.30ന് എയർ ഇന്ത്യ ഫ്‌ലൈറ്റ് 343ലാണ് മുംബൈയിൽ വന്നിറങ്ങിയത്. നാടുവിട്ടശേഷവും വിദേശത്തിരുന്നു കുറ്റകൃത്യങ്ങൾക്കു ചുക്കാൻപിടിച്ച കുമാറിന്റെ സംഘാംഗങ്ങൾ പലപ്പോഴായി പൊലീസിന്റെ പിടിയിലായെങ്കിലും കുമാറിനെ കണ്ടെത്താനായില്ല. എവിടെയാണെന്ന അന്വേഷണങ്ങളും ഒടുവിൽ നിലച്ചുതുടങ്ങിയിരുന്നു. യൂറോപ്പിലോ യുഎസിലോ ആകാം കുമാർ പിള്ള താവളമു
മുംബൈ: ഇന്ത്യ ഏറക്കൊലമായി തേടിനടന്ന അധോലോക നായകനും മലയാളിയുമായ കുമാർ കൃഷ്ണപിള്ളയെ 17 വർഷങ്ങൾക്കു ശേഷം മുംബൈ പൊലീസ് അറസ്റ്റുചെയ്തു. കൺമുന്നിൽ അച്ഛനെ കൊന്നവനെ കൊല്ലുമെന്ന് ശപഥംചെയ്ത് അധോലോക സംഘത്തിൽ ചേരുകയും പിന്നീട് സ്വന്തമായി അധോലോക സംഘംതന്നെ രൂപീകരിക്കുകയും ചെയ്ത കുമാർ പിള്ള തൊണ്ണൂറുകളിൽ രാജ്യത്ത് അധോലോക രാജാവായി വിലസിയിരുന്നു. ഇക്കാലത്തെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് 1998ൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങി. ഇന്നലെ രാത്രി മുംബൈ ക്രൈം ബ്രാഞ്ചിലെ അഞ്ചംഗ സംഘം വിമാനത്താവളത്തിൽവച്ച് പിള്ളയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. സിംഗപ്പൂരിൽ നിന്ന് നാടുകടത്തിയ കുമാർ ഇന്നലെ രാത്രി 9.30ന് എയർ ഇന്ത്യ ഫ്‌ലൈറ്റ് 343ലാണ് മുംബൈയിൽ വന്നിറങ്ങിയത്.
നാടുവിട്ടശേഷവും വിദേശത്തിരുന്നു കുറ്റകൃത്യങ്ങൾക്കു ചുക്കാൻപിടിച്ച കുമാറിന്റെ സംഘാംഗങ്ങൾ പലപ്പോഴായി പൊലീസിന്റെ പിടിയിലായെങ്കിലും കുമാറിനെ കണ്ടെത്താനായില്ല. എവിടെയാണെന്ന അന്വേഷണങ്ങളും ഒടുവിൽ നിലച്ചുതുടങ്ങിയിരുന്നു. യൂറോപ്പിലോ യുഎസിലോ ആകാം കുമാർ പിള്ള താവളമുറപ്പിച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഫെബ്രുവരിയിലാണ് ഇയാൾ സിംഗപ്പൂരിൽ ഉണ്ടെന്നു വിവരം ലഭിച്ചത്. തുടർന്ന് ഇന്റർപോളിന്റെ സഹായം തേടി പിള്ളയെ അറസ്റ്റ് ചെയ്യാൻ നടപടി തുടങ്ങുകയായിരുന്നു. എന്നാൽ ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറാതെ സിംഗപ്പൂർ അധികൃതർ ഇയാളെ ഇന്നലെ ഇന്ത്യയിലേക്ക് വിമാനം കയറ്റി വിടുകയായിരുന്നു. മുംബൈയിൽ കാത്തുനിന്ന പൊലീസ് സംഘം കുമാർ കൃഷ്ണപിള്ള വിമാനമിറങ്ങിയപ്പോൾ അറസ്റ്റു ചെയ്തു.
പ്രതികാരം വരെ ചെരിപ്പിടില്ലെന്ന് കുമാറിന്റെ പ്രതിജ്ഞ
അച്ഛനേ കൊന്നവരോടു പ്രതികാരം ചെയ്യാതെ ചെരിപ്പിടില്ല എന്നു പ്രതിജ്ഞ ചെയ്ത യുവാവ് അധോലോക നായകനായ കഥയാണ് കുമാർ കൃഷ്ണപിള്ളയുടേത്. സിനിമാക്കഥകൾ തോറ്റുപോകുന്ന കഥ. മുംബൈയിൽ സ്ഥിരതാമസമായിരുന്നു മലയാളിയായ കൃഷ്ണപിള്ളയും കുടുംബവും. നാട്ടിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിച്ച കൃഷ്ണപിള്ളയുടെ മകൻ കുമാർ പഠിക്കാൻ മിടുക്കനുമായിരുന്നു. എല്ലാവർക്കും സ്‌നേഹം ചൊരിഞ്ഞ നല്ലൊരു ബിസിനസുകാരനായിരുന്ന കൃഷ്ണപിള്ളയുടെ കുടുംബത്തെ ദുരന്തങ്ങൾ വേട്ടയാടിയത് പെട്ടന്നായിരുന്നു. ദാവുദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായി കൃഷ്ണപിള്ള ചില ബിസിനസ് വിഷയങ്ങളിൽ ഉടക്കിയതോടെയായിരുന്നു തുടക്കം. സ്ഥലത്തെ കോർപറേറ്റർക്കു ക്ലബ് വിൽക്കാൻ വിസമ്മതിച്ചതിനാണു കുമാറിന്റെ പിതാവിനെ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽപ്പെട്ട ലാൽസിങ് ചൗഹാൻ കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ ഒരു സംഘം ചായക്കടയിൽ ഇരിക്കുകയായിരുന്നു കൃഷ്ണപിള്ളയെ വെടിവച്ചു കൊല്ലുകയായിരുന്നു. ഈ സംഭവം കൃഷ്ണപിള്ളയുടെ മകനായ കുമാറിനെ തകർത്തുകളഞ്ഞു.
പ്രതികാരദാഹിയായ മകൻ, പിതാവിനെ കൊന്നവരോടു പകരം വീട്ടാതെ ഇനി ചെരിപ്പിടില്ല എന്നു പ്രതിജ്ഞ ചെയ്തു. മലയാളിയായ കൃഷ്ണപിള്ളയുടെ മകനായി വിക്രോളിയിൽ ജനിച്ച കുമാർ ടെക്‌സ്‌റ്റൈൽ എൻജിനീയറായിരുന്നു. അച്ഛൻ കൊല്ലപ്പെട്ടതോടെ ദാവൂദ് ഇബ്രാഹിമിനോടും സംഘത്തോടും കുമാർ പകവീട്ടാനിറങ്ങി. തൊണ്ണൂറുകളുടെ തുടക്കത്തിൽ ദാവുദിന്റെ എതിരാളിയായ അമർ നായിക്കിന്റെ അധോലോക സംഘത്തിൽ ചേർന്നു. വൈകാതെ അച്ഛന്റെ കൊലയാളിയായ ലാൽ സിങ് ചവാനെ അമർ സിംഗിന്റെ സംഘത്തോടൊപ്പം ചേർന്ന കുമാർ കൃഷ്ണപിള്ള കൊലപ്പെടുത്തി. ബോറിവ്‌ലി സ്റ്റേഷനു പുറത്തുവച്ചായിരുന്നു പ്രതികാരം. കൂടാതെ സംഘത്തിലുണ്ടായിരുന്നു മറ്റുള്ളവരെയും വധിച്ചു. ഇതൊടെ കുമാറിനെ തേടി പൊലീസ് വലവിരിച്ചു. തന്റെ കൂട്ടാളിയെ വകവരുത്തിയവനെ ഇല്ലാതാക്കാൻ ദാവൂദും സംഘങ്ങളെ അയച്ചു. നാട്ടിൽ തുടരാൻ കഴിയാത്തതിനാൽ കുമാർ ഒളിവിൽ പോയി. പിന്നീടു സ്വന്തം സംഘം രൂപീകരിച്ചു ബാംഗ്ഌരിലേക്ക് തട്ടകം മാറ്റി.
അധോലോക ജീവിതത്തിനിടെ എൽടിടിഇക്കും സഹായം
ദാവൂദിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ അധോലോകരംഗത്തുതന്നെ തുടർന്ന കുമാർ അങ്ങനെ അധോലോക നേതാവായി വളർന്നു. പല അധോലോക ആക്രമണങ്ങളിലും ചുക്കാൻപിടിച്ച കുമാർ നിരവധി കേസുകളിൽ പ്രതിയായി. അമർ നായിക്കിന്റെ സഹോദരൻ അശ്വിൻ നായിക്കിന്റെ വലംകയ്യായി മാറിയ പിള്ള വിക്രോളി മേഖലയിൽ കെട്ടിടനിർമ്മാതാക്കളെ ഭീഷണിപ്പെടുത്തി പണംതട്ടുക പതിവാക്കി. 1996ൽ പൊലീസ് ഏറ്റുമുട്ടലിൽ അമർ നായിക് കൊല്ലപ്പെടുകയും അശ്വിൻ നായിക് വീൽ ചെയറിലാവുകയും ചെയ്തതോടെ കുമാർ ചെന്നൈയിലേക്കു തട്ടകം മാറ്റി. അവിടെ ഹോട്ടൽ ബിസിനസ് ആരംഭിച്ച് എൽടിടിഇയ്ക്ക് ആയുധങ്ങൾ എത്തിക്കാനുള്ള ഇടനിലക്കാരനായി.
ശ്രിലങ്ക, ബ്രിട്ടൻ സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഒളിവിൽ താമസിച്ചായിരുന്നു ഇടക്കാലത്ത് ഇന്ത്യയിൽ അനുയായികളെ നിയന്ത്രിച്ചത്. ഇടക്കാലത്ത് എൽ ടി ടി ഇ യ്ക്ക് ആയുധങ്ങൾ എത്തിച്ചു കൊടുത്ത കേസിൽ അറസ്റ്റിലായ കുമാർ 1998ൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങി. പിന്നീടാരും ഇയാളെ കണ്ടിട്ടില്ല. ശേഷം 2013ലാണു കുമാറിനെക്കുറിച്ച് കേൾക്കുന്നത്. എംഎൽഎ മഹേഷ്‌കുമാർ സിങ്‌ളയെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടൽ, രണ്ടു കൊലപാതക ശ്രമങ്ങൾ എന്നിങ്ങനെ നാലു കേസുകളാണു മുംബൈയിൽ കുമാർ കൃഷ്ണപിള്ളയ്‌ക്കെതിരെയുള്ളത്. 17 വർഷങ്ങൾക്കു മുൻപ് ഇന്ത്യ വിട്ട ഇയാൾ ഫെബ്രുവരി 26നാണു സിംഗപ്പൂരിൽ പിടിയിലായത്. 26 വർഷം മുൻപ് അറസ്റ്റിലായപ്പോൾ മുംബൈ പൊലീസ് ശേഖരിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തിലാണു സിംഗപ്പൂരിൽ അറസ്റ്റിലായപ്പോൾ തിരിച്ചറിഞ്ഞത്.
ഇംഗ്ലീഷ് മീഡിയം സ്‌കൂൾ തുടങ്ങിയ നാട്ടുകാരുടെ കൃഷ്ണാസേഠ്
മുംബൈയിലെ വിക്രോളി റെയിൽവെ സ്റ്റേഷനു കിഴക്കുമാറിയുള്ള ഹരിയാലി നഗറിലായിരുന്നു കുമാർ പിള്ളയുടെ ജനനം. കുമാറിന്റെ അച്ഛൻ കൃഷ്ണപിള്ളയെ ജനങ്ങൾ ഇപ്പോഴും ഓർക്കുന്നത് കൃഷ്ണ സേഠ് എന്ന പേരിലാണ്. നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു കൃഷ്ണ സേഠ്. കൃഷ്ണ സേഠിനെ ഇവിടെയുള്ള ചായക്കടയിൽവച്ചാണ് ദാവൂദിന്റെ സംഘം കൊലപ്പെടുത്തിയതും. വ്യവസായിയായ കൃഷ്ണസേഠാണ് പ്രദേശത്തെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആരംഭിക്കുന്നത്. പ്രദേശത്ത് 1980ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു ക്ഷേത്രവും പണികഴിപ്പിച്ചിരുന്നു. കുട്ടികളെ വലിയ ഇഷ്ടമായിരുന്നു കൃഷ്ണപിള്ളയ്ക്ക്. അവർക്കൊപ്പം കളിക്കാൻകൂടും. മിഠായി വാങ്ങാനും മറ്റും പണംകൊടുക്കും. എല്ലാവർക്കും സേഠിനെ ഇഷ്ടമായിരുന്നു. നാട്ടിലെ പ്രശ്‌നങ്ങളിലെല്ലാം അവസാനവാക്കായി ഇടപെടുന്നതും നാട്ടുകാരുടെ കൃഷ്ണസേഠായിരുന്നു. നാട്ടുകാരുടെ എല്ലാവിധ സഹായവും പിന്തുണയും സ്‌കൂൾ തുടങ്ങുന്നതിൽ കൃഷ്ണപിള്ളയുടെ കുടുംബത്തിനുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് ഒരുദിവസം പട്ടാപ്പകൽ കൃഷ്ണപിള്ള കൊല്ലപ്പെടുന്നത്. 'ദീപാവലിക്ക് കുറച്ചുദിവസം മുമ്പായിരുന്നു സംഭവം. ഞാൻ അടുത്തുള്ള ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്നു. അപ്പോഴാണ് തോക്കുധാരികളായ നാലുപേർ എത്തുകയും ഒരു കടയ്ക്കുമുന്നിൽ ഇരിക്കുകയായിരുന്ന കൃഷ്ണയ്ക്കുനേരെ തുരുതുരാ വെടിവയ്ക്കുന്നതും' - പ്രദേശവാസിയായ കക്ദിഭായ് ഓർത്തെടുക്കുന്നു. രണ്ട് ആൺമക്കളായിരുന്ന കൃഷ്ണയ്ക്ക്. കുമാറും കേശവും. ജ്യോതി ഏകമകൾ. ഭാര്യ കമല. പഠിക്കാൻ മിടുക്കനായിരുന്നു കേശവ്. അതോടെ അച്ഛനെ കൊന്നവരോട് പകരംവീട്ടുന്ന ചുമതല കുമാർ ഏറ്റെടുക്കുകയായിരുന്നു.
ക്രിക്കറ്റ് കളിച്ചും ബൈക്കോടിച്ചും നടന്ന മിടുക്കൻ പയ്യൻ
1990ൽ ആയിരുന്നു കുമാറിന്റെ പ്രതികാരം. പിതാവിനെ കൊന്ന ലാൽസിങ് ചവാനെ ബോറിവ്‌ലി റെയിൽവെസ്‌റ്റേഷനു പുറത്തുവച്ച് കുമാർപിള്ള വെടിവച്ചുവീഴ്‌ത്തി. ഇതോടെ നിൽക്കക്കള്ളിയില്ലാതെ വീട്ടുകാരുമായും നാട്ടുകാരുമായുമുള്ള ബന്ധം ഉപേക്ഷിച്ച് കുമാർ പോയി. ദാവൂദ് ഇബ്രാഹിമിന്റെ എതിരാളികളായിരുന്ന അമർനായിക്കിനും പിന്നീട് അശ്വിൻ നായിക്കിനുമൊപ്പം പ്രവർത്തിച്ചുതുടങ്ങി. ബോംബെയുടെ കിഴക്കൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള അധോലോക പ്രവർത്തനങ്ങൾ കുമാറിന്റെ നേതൃത്വത്തിലായിരുന്നു. കേസുകൾ കൂടിയതോടെ മറ്റെല്ലാ അധോലോക നായകരെയുംപോലെ കുമാറും വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പ്രദേശത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.
കിഴക്കൻ മേഖലയിലെ ബിൽഡേഴ്‌സിൽ നിന്ന് പണപ്പിരിവ് തുടങ്ങിയപ്പോൾ പരാതികൾ വ്യാപകമായതോടെയാണ് കുമാർപിള്ള ഗ്യാങ്ങിനെതിരെ പൊീസ് റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയ കുമാർ നാട്ടിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ കൂടുമായിരുന്നു. റോക്കി എന്നു പേരുള്ള ഒരു ബൈക്ക് ഗ്യാങ്ങിലും അംഗമായിരുന്നു. പ്രദേശത്ത് ഒരിക്കലും ആർക്കും ശല്യമുണ്ടാക്കാതിരുന്ന നല്ലകുട്ടി. അച്ഛനെ കൊന്നവരോടുള്ള പ്രതികാരചിന്ത മാത്രമാണ് കുമാറിനെ ഇങ്ങനെയാക്കിയതെന്ന കാര്യത്തിൽ നാട്ടുകാരിൽ ആർക്കും എതിരഭിപ്രായമില്ല. പ്രതികാരദാഹത്തോടെ അധോലോക സംഘത്തിനൊപ്പം ചേർന്ന കുമാർ പതിയെ അവരിലൊരാളായി. അച്ഛന്റെ കൊലയാളിയെ വെടിവച്ചുകൊന്നതിനു ശേഷം പൊലീസിൽ നിന്നും ദാവൂദ് ഇബ്രാഹിമിൽ നിന്നും രക്ഷതേടുന്നതിന് ആശ്രയം അധോലോകം മാത്രമെന്നു കണ്ട് പിന്നീട് സാധാരണജീവിതത്തിലേക്ക് ഒരു തിരിച്ചുവരവിന് കുമാർ തയ്യാറായതുമില്ല.
ഇക്കാലത്ത് സഹോദരങ്ങളും പുതിയ ഇടങ്ങൾ തേടി. സഹോദരി ബാംഗഌരിലേക്കും ജ്യേഷ്ഠൻ വിദേശത്തേക്കും പോയി. കൃഷ്ണപിള്ളയുടെ പത്‌നി കമല ഇപ്പോഴുമുണ്ട് ഹരിയാലി നഗറിൽ. ഭർത്താവിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഇംഗഌഷ് മീഡിയം സ്‌കൂളിന്റെ ട്രസ്റ്റിയാണ് അവർ. മിക്കവാറും സ്‌കൂളിൽത്തന്നെ കഴിഞ്ഞുവന്ന അവർ അടുത്തിടെ ഒരു ബംഗഌവ് നിർമ്മിച്ച് താമസംമാറി. ഈയിടെയായി അവരുടെ ആരോഗ്യവും മോശമാണ്. കുമാറിന്റെ അറസ്റ്റ് വാർത്തകൾ അവരെ മോശമായി ബാധിച്ചേക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.