ലണ്ടൻ: സാധാരണക്കാരിൽ സാധാരണക്കാരായവരെ കൈപിടിച്ചുയർത്താൻ ബ്രിട്ടൻ നൽകുന്ന ഷെവേണിങ് സ്‌കോളർഷിപ്പ് നേടുമ്പോൾ തിരുവനന്തപുരത്തെ കടലോര ഗ്രാമത്തിലെ മിടുക്കനായ വിദ്യാർത്ഥിക്ക് ആദ്യം വിശ്വസിക്കാൻ തോന്നിയില്ല. എന്നാൽ രണ്ടു വർഷം കഴിഞ്ഞു മറൈൻ ടെക്നോളജിയിൽ സ്‌കോട്ട്ലന്റിലെ സ്ട്രിർലിങ് സർവകലാശാല സമ്മാനിക്കുന്ന ബിരുദാനന്തര ബിരുദക്കാരന്റെ ഗൗൺ അണിഞ്ഞു നിൽക്കുമ്പോൾ അഭിമാനത്തിനൊപ്പം ഒരു ചെറു തേങ്ങലും എന്ന യുവാവിൽ നിന്നും ഉയരുകയാണ്.

തന്റെ ഏതു നേട്ടത്തിലും കൂടെ നിന്ന സഹോദരീ ഭർത്താവ് ഓഖി ദുരന്തത്തിൽ കുടുംബത്തിന് വേണ്ടി ജീവൻ വില നൽകിയതിന്റെ ഒന്നാം ആണ്ട് എത്തിയപ്പോൾ തന്നെയാണ് ജീവിച്ചിരുന്നെങ്കിൽ ഏറ്റവും അധികം സന്തോഷിക്കേണ്ട ആൾ കൂടെയില്ലാത്ത വിഷമവുമായാണ് ഈ ചെറുപ്പക്കാരൻ തന്റെ വിജയകഥ ലോകത്തോട് പങ്കിടുന്നത്. ഒരു കടലോര നിവാസിയുടെ മക്കൾ ലോകത്തിന്റെ യശസ് ഉയർത്താൻ പരമാവധി എവിടെ വരെ ഉയരമോ അത്തരം ഒരു ചവിട്ടു പടിയിലാണ് ഇപ്പോൾ ഈ യുവാവിന്റെ നിൽപ്പും.

ഈ സന്തോഷ നിമിഷങ്ങളിൽ, മനസ്സിൽ ഇടതു വിപ്ലവ സ്വപ്നങ്ങൾ സൂക്ഷിക്കുന്ന ഏതൊരു യുവാവിനെ പോലെയും സ്വന്തം സമുദായത്തിനും നാട്ടുകാർക്കും കടലിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ മറികടക്കാൻ എന്തെങ്കിലും ചെയ്യണമെന്ന നിശ്ചയദാർഢ്യമാണ് കുമാർ ഇപ്പോൾ പങ്കിടുന്നത്. ഓഖി പോലെയുള്ള ദുരന്തങ്ങൾ വീണ്ടും എത്തുമ്പോൾ തന്റെ സഹോദരി ഭർത്താവിന് സംഭവിച്ചത് പോലെ വീണ്ടും ആർക്കെങ്കിലും സംഭവിക്കുന്നത് തടയാൻ എന്തെങ്കിലും ചെയ്തേ പറ്റൂ.

കേരളത്തെ നടുക്കിയ ഓഖി ദുരന്തം കൈകാര്യം ചെയ്തതിൽ സർക്കാർ സംവിധാനങ്ങൾക്കും മറ്റുമുണ്ടായ പിഴവുകൾ ഇപ്പോഴും ചർച്ച ചെയ്യപ്പെടുക ആണെങ്കിലും ഫലപ്രദമായ നടപടിക്രമങ്ങൾ കാര്യമായി ഒന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഈ സത്യത്തിനു മുന്നിൽ നിന്ന് താൻ നേടിയ അറിവുകൾ വച്ച് കടലിന്റെ മാറ്റങ്ങൾ പഠിച്ചു മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ പാകത്തിൽ എന്തെങ്കിലും ചെയ്യണമെന്നാണ് ബ്രിട്ടീഷ് സർവകലാശാലയിൽ നിന്നും പടിയിറങ്ങുമ്പോൾ ഈ ചെറുപ്പക്കാരൻ തീരുമാനിക്കുന്നത്.

സാധാരണ തങ്ങളുടെ ഭൂതകാലം മറച്ചു വയ്ക്കാൻ ഉയരങ്ങൾ താണ്ടുന്നവർ ശ്രമിക്കുമ്പൾ താൻ മുക്കുവക്കുടിലിൽ നിന്നും എത്തിയ ആളാണെന്നത് അഭിമാനത്തോടെയാണ് സോഷ്യൽ മീഡിയ വഴി കുമാർ ലോകത്തോട് പങ്കിടുന്നത്. ''കഴിഞ്ഞ നവംബറിൽ നടത്തിയ വീഡിയോ കോൾ അവസാന കൂടിക്കാഴ്ച ആയിരിക്കും എന്ന് ഒരിക്കലും കരുതിയില്ല'' തന്റെ സന്തോഷത്തിൽ കൂടെ ഉണ്ടാകേണ്ട സഹോദരി ഭർത്താവ് ഓർമ്മയായതിന്റെ വാർഷികം എത്തിയ വേദനയിൽ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്തത് നീറുന്ന ഹൃദയത്തോടെ ആയിരുന്നെന്നാണ് ഈ ചെറുപ്പക്കാരൻ ലോകത്തോട് വിളിച്ചു പറയുന്നത്.

അപൂർണമായ ശാസ്ത്ര സാങ്കേതിക വിദ്യയുടെയും അപക്വമായ വാർത്ത വിതരണ സംവിധാനത്തിന്റെയും ഇരകളാണ് ഓഖി ദുരന്തത്തിലെ ബലിദാനികളിൽ ഏറെയും എന്നോർമ്മപ്പെടുത്തും വിധമാണ് കുമാർ സഹായരാജ് കുറിപ്പെഴുതിയിരിക്കുന്നത്. ഇത്തരം രക്തസാക്ഷികൾ ഇനിയും ഇല്ലാതിരിക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയോടെയാണ് താൻ ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയുടെ പടിയിറങ്ങുന്നത് എന്ന സൂചനയും വരികൾക്കിടയിലുണ്ട്. തന്റെ വഴികളിൽ കൂടെ സഹായമായി എത്തിയ മുഴുവൻ പേർക്കുമായി സ്റ്റെർലിങ് യൂണിവേഴ്സിറ്റി നൽകിയ ബിരുദം സമർപ്പിക്കുകയാണ് കുമാർ.

തിരുവനന്തപുരത്തെ പൂവാറിന് അടുത്തുള്ള കരംകുളമാണ് ഈ യുവാവിന്റെ സ്വദേശം. ട്യൂഷൻ ഫീസും താമസച്ചിലവും അടക്കമുള്ള മുഴുവൻ ചിലവും ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തപ്പോഴാണ് കുമാറിനും ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയിൽ ഉന്നത പഠനം നേടാൻ വഴി ഒരുങ്ങിയത്. വടകരക്കാരി നികിതയുടെയും കാസർഗോട്ടെ ആദിവാസി യുവാവ് ബിനീഷ് ബാലനും ലഭിച്ച സൗഭാഗ്യം തന്നെയാണ് കുമാർ സഹായരാജിനും ലഭിച്ചത്.

ഓരോ വർഷവും ഒന്നിലേറെ മലയാളികൾ എങ്കിലും ബ്രിട്ടീഷ് സ്‌കോളർഷിപ്പ് നേടി യുകെയിൽ ഉന്നത പഠനം നടത്താൻ എത്തുന്നുണ്ട്. ഈ മിടുക്കരിൽ മിക്കവരും തന്നെ സാധാരണക്കാരുടെ സ്‌കൂളുകളിൽ പഠിച്ചാണ് മിടുമിടുക്കരായി യുകെയിൽ എത്തിച്ചേർന്നത് എന്നതാണ് കൗതുകം പകരുന്ന വസ്തുത. സ്‌കൂളിൽ പോകാൻ മടിയുള്ള കുട്ടിയിൽ നിന്നാണ് വാശിയോടെ പഠിക്കാൻ ഉള്ള മോഹം തന്നിൽ ഉണ്ടായതെന്ന് കുമാറും ഓർമ്മിക്കുന്നു. ഫീസ് കുറവുള്ള കോഴ്സ് തപ്പി നടന്നാണ് കുമാർ ബയോടെക്നോളജിയിൽ എത്തിയത്.

കടലോരവാസികളുടെ കടലറിവുകൾ എന്ന വിഷയത്തിൽ എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനിൽ ഗവേഷകനാണ് കുമാർ. ജൈവ വൈവിധ്യ സംരക്ഷണത്തിന് മത്സ്യത്തൊഴിലാളികളെ ബോധവൽക്കരണം നടത്തുക എന്നതും ഈ യുവാവിന്റെ ലക്ഷ്യമാണ്. വീട്ടുകാരുടെ ബാധ്യത കൂട്ടുവാൻ നിൽക്കാതെ എന്തെങ്കിലും ജോലി കണ്ടു പിടിക്കുക എന്ന ഘട്ടത്തിലാണ് ബാധ്യത ഇല്ലാതെ പഠിക്കാൻ കഴിയുന്ന ബ്രിട്ടീഷ് സ്‌കോളർഷിപ്പിന് കുറിച്ച് കുമാർ അറിയുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അറിവു പ്രയോജനപ്പെടുത്തി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക എന്ന കുമാറിന്റെ പഠന കൗതുകം ബ്രിട്ടീഷ് ഹൈ കമ്മീഷനെ അതിശയിപ്പിക്കുക ആയിരുന്നു.

ചെന്നൈയിൽ നടന്ന അഭിമുഖ പരീക്ഷയിൽ കുമാറിന്റെ ജീവിത പശ്ചാത്തലം കടൽ ആണെന്നതും പഠന വിഷയവും കടൽ ആണെന്നതും തിരഞ്ഞെടുപ്പിൽ പ്രധാന കാരണമായി. നാല് വാചകം കൂട്ടി ഇംഗ്ലീഷിൽ പറയാൻ അധൈര്യപ്പെട്ടിരുന്ന താൻ ഏതോ ബാഹ്യ ശക്തിയുടെ പ്രേരണയിൽ എന്നോണം ഒരു സിനിമ ഡയലോഗ് ഓർമ്മിപ്പിച്ചു തന്നെപ്പോലുള്ള അനേകം യുവാക്കൾക്ക് ഭാവിയെക്കുറിച്ചു സ്വപ്നം കാണാൻ ഉള്ള അവസരമായിരിക്കും ഈ സ്‌കോളർഷിപ് ലഭിച്ചാൽ സാധ്യമാകുക എന്ന വാചകത്തോടെ അഭിമുഖം അവസാനിപ്പിക്കുമ്പോഴേക്കും തന്റെ സെലക്ഷൻ നടപടി ക്രമങ്ങളും പൂർത്തിയായിരുന്നു എന്നും കുമാർ ഓർമ്മിക്കുന്നു. ബ്രിട്ടനിൽ ഷെവനിങ് സ്‌കോളർഷിപ്പ് നേടിയെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയെന്ന നേട്ടവും ഇദ്ദേഹത്തിനുണ്ട്.

എന്നാൽ വീണ്ടും ഐഇഎൽടിഎസ് കുമാറിന് മുന്നിൽ തടസമായി എത്തി. ഓരോ മൊഡ്യുളിനും ആറര പോയിന്റ് നേടുക എന്ന ലക്ഷ്യം ആറിൽ തട്ടി തടഞ്ഞു വീഴുക ആയിരുന്നു. വീണ്ടും ഭാഗ്യം കുമാറിന് ഒപ്പം തന്നെ ആയിരുന്നു. കൂടെ സിലക്ഷൻ ലഭിച്ച ബാംഗ്ലൂർ നിവാസി ഐഇഎൽടിസിനു തത്തുല്യമായി ഹൈ കമ്മീഷന് പരിഗണിക്കാൻ കഴിയുന്ന മറ്റൊരു കോഴ്സ് കണ്ടെത്തി രാത്രി തന്നെ രജിസ്റ്റർ ചെയ്തു പിറ്റേന്നു പരീക്ഷ എഴുതി പാസ് മാർക്ക് വാങ്ങിയാണ് കുമാറിന് യുകെയിൽ എത്താൻ വഴി ഒരുക്കിയത്.

ജീവിതത്തിൽ എന്നും സഹായമായി കൂടെ എത്തുന്ന അനവധി മുഖങ്ങളാണ് തനിക്കു എപ്പോഴും തുണയായി കൂടെ നിന്നിട്ടുള്ളതുമെന്നും കുമാർ ഓർത്തെടുക്കുന്നു. താൻ ജോലിയിൽ എന്ത് നേടുന്നു എന്നതിനേക്കാൾ വിദ്യാഭ്യസപരമായും സാമൂഹ്യ മേഖലയിലും ഏറെ പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഒരു പ്രോത്സാഹനം ആയി മാറണം എന്ന് മാത്രമാണ് ഇപ്പോൾ ആഗ്രഹമെന്നും അദ്ദേഹം തുറന്നു പറയുന്നു.

കടലിൽ നിന്നും മത്സ്യബന്ധനം മാത്രമല്ല, ഗവേഷണവും ടൂറിസവും ഉൾപ്പെടെ വലിയൊരു തൊഴിൽ മേഖല തന്നെ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഇപ്പോൾ കുമാറിന് പറയാനുള്ളത്. ആർക്കും വേണ്ടാത്തവരല്ല കടലിൽ ജോലി ചെയ്യുന്നത്, മറിച്ചു കടലിനെ അറിയുന്നവരാണ് അവിടെ ജോലി ചെയ്യുന്നത് എന്ന അവബോധമാണ് നമുക്കു സൃഷ്ടിക്കേണ്ടതെന്നു ഇദ്ദേഹം പറയുമ്പോൾ ഈ നവീന ചിന്തയിൽ സ്റ്റെർലിങ് യൂണിവേഴ്സിറ്റി ചെലുത്തിയിരിക്കുന്ന സ്വാധീനം തീരെ ചെറുതല്ല.

എന്നാൽ സർക്കാർ സംവിധാനങ്ങളിൽ അടക്കം സമൂലമായ മാറ്റം ഉണ്ടായാൽ മാത്രമേ ഇത് സാധിക്കൂ. ഇക്കാര്യത്തിൽ ഓസ്ട്രേലിയ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള അറിവുകൾ പിന്തുടരാൻ തയ്യാറായാൽ മാത്രമേ കേരളത്തിലെ മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ പുതു തലമുറയ്ക്ക് സുന്ദരമായ ഭാവി ഉറപ്പിക്കാൻ കഴിയൂ എന്നും കുമാർ പറയുന്നു. ഇതിനായി തന്റെ അനുഭവവും അറിവും പങ്കു വയ്ക്കുകയാണ് ഇനി ഈ യുവാവിന്റെ ലക്ഷ്യങ്ങളിൽ പ്രധാനം.