ന്യൂഡൽഹി: മുതിർന്ന നേതാവ് കുമാർ വിശ്വാസിന്റെ ആരോപണങ്ങൾക്കു തിരിച്ചടിയുമായി ആം ആദ്മി പാർട്ടി. മുനിസിപ്പൽ തെരഞ്ഞെടുപ്പിനു ശേഷം ആം ആദ്മി പാർട്ടിയെ തകർക്കാൻ നടക്കുന്ന ശ്രമങ്ങളുടെ കേന്ദ്രബിന്ദു കുമാർ വിശ്വാസാണെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് ആരോപിച്ചു. കുമാർ വിശ്വാസിന്റെ വസതിയിൽ ചില എംഎൽഎമാർ യോഗം ചെയ്തിരുന്നെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ കപിൽ മിശ്രയും കുമാർ വിശ്വാസിനൊപ്പമുണ്ടായിരുന്നെന്നും ഗോപാൽ റായ് കുറ്റപ്പെടുത്തി.

മുതിർന്ന പാർട്ടി നേതാവായ സഞ്ജയ് സിങ്, ചാർട്ടേർഡ് അക്കൗണ്ടന്റും ജിഎസ്ടി വിദഗ്ധനുമായ എൻ.ഡി ഗുപ്ത, സുശീൽ ഗുപ്ത എന്നിവരെയാണു എഎപി രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്യുന്നത്. രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിൽ നിന്നു തഴയപ്പെട്ടതോടെ പാർട്ടിക്കെതിരേ ശക്തമായ നിലപാടുമായി നേതാവ് കുമാർ വിശ്വാസ് രംഗത്തെത്തിയിരുന്നു. അരവിന്ദ് കേജരിവാൾ മുൻപ് മുന്നറിയിപ്പു തന്നിരുന്നതുപോലെ തന്നെ തനിക്കൊരു തട്ടുതന്നു എന്നാണു കുമാർ വിശ്വാസ് പ്രതികരിച്ചത്.

സുശീൽ ഗുപ്തയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച്, പാർട്ടി വിട്ടു പോയ സ്ഥാപക നേതാവ് യോഗേന്ദ്ര യാദവും കേജരിവാളിനെ വിമർശിച്ചിട്ടുണ്ട്. സുശീൽ ഗുപ്തയെ സ്ഥാനാർത്ഥിയാക്കിയതിലൂടെ ആം ആദ്മി പാർട്ടി സീറ്റ് വിലയ്ക്കു വിൽക്കുന്ന ബിഎസ്‌പിയുടെ നിലവാരത്തിലേക്കെത്തിയെന്ന് പാർട്ടിയുടെ മുൻ ദേശീയ എക്‌സിക്യുട്ടീവ് അംഗം മയങ്ക് ഗാന്ധി ആരോപിച്ചു.