ബംഗളൂരു: കർണാടകയിൽ സർക്കാർ രൂപീകരണത്തിനുള്ള ശക്തമായ നീക്കങ്ങളാണ് രണ്ട് കൂട്ടരും നടത്തുന്നത്. കോൺഗ്രസിലും ജെഡിഎസിലും കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുന്നതിൽ എതിർപ്പുമായി രംഗത്തുണ്ട്. ഇവരെ നോട്ടമിട്ടു കൊണ്ടാണ് ബിജെപിയുടെ നീക്കങ്ങൾ. ജെ.ഡി.എസ് വിളിച്ചു ചേർത്ത യോഗത്തിൽ എച്.ഡി കുമാര സ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബിജെപി കർണാടകയിൽ കുതിരക്കച്ചവടം നടത്തുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎ‍ൽഎമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോൾ ബിജെപിയുടെ ശ്രമം. എംഎൽഎമാർക്ക് നൂറ് കോടി രൂപ വരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ബിജെപ്പിക്ക് അവർക്ക് അധികാരത്തോട് ആർത്തിയാണ്. കേന്ദ്ര അധികാരം ദുരുപയോഗപ്പെടുത്തി അധികാരം പിടിക്കാൻ ശ്രമിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു. ജെ.ഡി.എസ്-കോൺഗ്രസ് സഖ്യത്തിന് 117 എംഎ‍ൽഎമാരുടെ പിന്തുണയുണ്ട്. കർണാടകയെ വർഗീയമായി വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനായി മതേതര വോട്ടുകൾ അവർ ഭിന്നിപ്പിച്ചു. അതിനാൽ തന്നെ ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രണ്ട് ജെ.ഡി.എസ് എംഎ‍ൽഎമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നതായി റിപ്പോർട്ടുണ്ട്. കോൺഗ്രസ്ഫജെ.ഡി.എസ് എംഎ‍ൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി മുന്നോട്ട് പോകുകയാണ്. ഇതിനായി റെഡ്ഢി സഹോദരന്മാരെയാണ് നേതൃത്വം നിയോഗിച്ചിരിക്കുന്നത്. ഇവർ ജെ.ഡി.എസ്, കോൺഗ്രസ് എംഎ‍ൽഎമാരെ ബന്ധപ്പെട്ടതായാണ് റിപ്പോർട്ട്.

അതേസമയം കൂറുമാറാൻ ബിജെപി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്‌തെന്ന് ജെ.ഡി.എസ് എംഎ‍ൽഎ പുട്ട രാജു മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ബിജെപിയുടെ വാഗ്ദാനം തങ്ങൾ തള്ളികളഞ്ഞു. സഹായിക്കണമെന്നാണ് ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്. മുഴുവൻ എംഎ‍ൽഎമാരും പാർട്ടിക്ക് കൂറു പ്രഖ്യാപിക്കുന്നതായും രാജു വ്യക്തമാക്കി.

കർണാടകത്തിൽ രാഷ്ട്രീയ കുതിര കച്ചവടം ശക്തമാണെന്ന് ജെ.ഡി.എസ് നേതൃത്വവും പ്രതികരിച്ചു. സർക്കാർ രൂപീകരിക്കാനുള്ള എംഎ‍ൽഎമാരുടെ പിന്തുണ ജെ.ഡി.എസിനും കോൺഗ്രസിനും ഉണ്ടെന്ന് ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി വ്യക്തമാക്കി. കുമാരസ്വാമിയെ ക്ഷണിച്ചു കൊണ്ട് ഗവർണർ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്ന് കരുതുന്നു. ഗവർണറുമേൽ ബിജെപി സമ്മർദം ചെലുത്തുകയാണ്. അല്ലെങ്കിൽ ജനാധിപത്യത്തിന് അന്ത്യം കുറിക്കുമെന്നും ഡാനിഷ് അലി ചൂണ്ടിക്കാട്ടി.

അതേസമയം, ജനാധിപത്യത്തെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. അധികാരം ലഭിക്കാൻ ബിജെപി പണവും സ്ഥാനമാനങ്ങളും അധികാരവും വാഗ്ദാനം ചെയ്യും. ജനാധിപത്യത്തിൽ ബിജെപിക്ക് വിശ്വാസമില്ലെന്നും ഗുലാം നബി വ്യക്തമാക്കി.