കൊച്ചി: ബോട്ടപകടങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുമ്പോഴും അധികൃതർ ബോട്ടു യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ കാര്യമായ നടപടിയൊന്നും സ്വീകരിക്കുന്നില്ല. ബോട്ടുകളുടെ കാലപ്പഴക്കം മുതൽ പല കാരണങ്ങളാണ് സംസ്ഥാനത്ത് നടന്ന പല അപകടങ്ങൾക്കും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തട്ടേക്കാട് ബോട്ടുദുരന്തവും സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരക കേന്ദ്രങ്ങളിൽ ഒന്നായ തേക്കടിയിലെ ദുരന്തത്തിൽ നിന്നൊന്നും അധികാരികൾ പഠിച്ചിട്ടില്ല. ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും സുരക്ഷിതമല്ലാത്ത ജലയാത്രകൾ നിയന്ത്രണമില്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും തുടരുന്നു. അതു തന്നെയാണ് ഇന്നും ഫോർട്ട് കൊച്ചിയിലുണ്ടായത്.

തീരദേശ മേഖലകളിൽ ചെറുതോണികളിൽ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരെയും ബൈക്കുകളും കുത്തിനിറച്ചുള്ള യാത്ര ഏറെ അപകടഭീതി ഉയർത്തിയിട്ടും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. ആലപ്പുഴ ജില്ലയിലെ പല്ലനയിൽ 1924ലാണ് കേരളത്തെ ഞെട്ടിച്ച് ആദ്യ ബോട്ട് ദുരന്തമെത്തിയത്. മലയാളിയുടെ മഹാകവി കുമാരനാശാനും ആ അപകടത്തിൽ ഓർമ്മയായി. അന്ന് മുതൽ ഫോർട്ട് കൊച്ചിയിലേതടക്കം 17 ബോട്ട് ദുരന്തങ്ങളാണ് കേരളത്തിലുണ്ടായത്. ഇതിൽ മരിച്ചത് ഇരുന്നൂറിലേറെ പേരും. കൃത്യമായി പറഞ്ഞാൾ ഇന്നത്തെ ബോട്ട് അപകടത്തിന് മുമ്പുള്ള 16 അപകടത്തിലായി പൊലിഞ്ഞത് 192 ജീവനുകളാണ്.

കേരളത്തിൽ നടന്ന പ്രധാന ബോട്ടപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഇങ്ങനെയാണ്:

കുമരകം: 2002 ൽ കോട്ടയത്തെ കുമരകത്ത് നടന്ന ബോട്ട് ദുരന്തത്തിൽ 29 പേർ മരിച്ചു. തട്ടേക്കാട്: 2007 ൽ തട്ടേക്കാട് ബോട്ട് ദുരന്തത്തിൽ മരിച്ചത് പിഞ്ചുകുട്ടികളടക്കം 18 പേർ.

തേക്കടി: 2009ലാണ് തേക്കടിയിൽ ബോട്ടപകടത്തിൽ 31 പേർ മരിച്ചത്. അധികാരികളുടെ അനാസ്ഥയായിരുന്നു ഈ ദുരന്തത്തിനും കാരണം. വിനോദ സഞ്ചാരികളായിരുന്നു മരിച്ചവർ

പല്ലന: ആലപ്പുഴ ജില്ലയിലെ പല്ലനയിൽ നടന്ന ബോട്ടപകടത്തിൽ 24 പേർ മരിച്ചു. 1924 ജനവരി 14 നാണ് പല്ലന ബോട്ടപകടം നടന്നത്. കവി കുമാരനാശാൻ അടക്കമുള്ളവർ അപകടത്തിൽ മരിച്ചു.

കണ്ണമാലി: എറണാകുളത്തെ കണ്ണമാലി കായലിൽ 1980 ൽ നടന്ന ബോട്ടപകടത്തിൽ 29 പേർ മരിച്ചു.

വല്ലാർപാടം: കൊച്ചിയിലെ വല്ലാർപാടത്ത് 1983 ൽ നടന്ന ബോട്ടു ദുരന്തത്തിൽ മരിച്ചത് 18 പേർ. 1990 ൽ കൊച്ചിയിൽ നടന്ന ബോട്ടപകടത്തിൽ അഞ്ചുപേർ മരിച്ചു. 1990 ൽ തിരുവനന്തപുരത്തെ പേപ്പാറ ഡാം റിസർവോയറിൽ നടന്ന ബോട്ടപകടത്തിൽ മരിച്ചത് ഏഴുപേർ. 1991 ൽ കണ്ണൂരിലെ ഇരിട്ടിയിൽ നടന്ന അപകടം നാലുപേരുടെ ജീവൻ അപഹരിച്ചു. 1991 ൽ ആലപ്പുഴ പുന്നമടയിൽ നടന്ന അപകടത്തിൽ മരണം മൂന്ന്.

സംസ്ഥാനത്ത് നടന്ന മറ്റു ബോട്ടപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഇങ്ങനെയാണ്. കല്ലാർ (തിരുവനന്തപുരം, 1991) എട്ട്, മുനമ്പം (എറണാകുളം, 1992) മൂന്ന്, എറണാകുളം (1993) അഞ്ച്, വെള്ളായിക്കോട് (കോഴിക്കോട്, 1994) ആറ്, കാപ്പാട് ബീച്ച് (കോഴിക്കോട്, 1997) നാല്, ആലുവ (എറണാകുളം, 1997) നാല്.

കേരളത്തിൽ കഴിഞ്ഞകാലങ്ങളിലുണ്ടായ ബോട്ടപകടങ്ങളും പല്ലന മുതൽ ചാലിയാർ വരെയുണ്ടായ വലിയ ദുരന്തങ്ങളും ഇനി ആവർത്തിക്കാതിരിക്കണം. സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ ജലഗതാഗതത്തിന്റെ പഴയ നല്ല നാളുകളിലേക്ക് കേരളത്തിനു തിരിച്ചുപോകാനാകും. നല്ല ബോട്ടുകൾ, കാര്യക്ഷമമായ സർവീസ്, മെച്ചപ്പെട്ട സംവിധാനം, അർപ്പണബോധത്തോടെയുള്ള തൊഴിലാളികൾ ഇതെല്ലാമുണ്ടെങ്കിൽ ജലഗതാഗതത്തെ വിപ്ലവകരമായ മുന്നേറ്റം നടത്താൻ കേരളത്തിനു കഴിയും. കൂട്ടത്തിൽ ജലാശയങ്ങൾ മലിനമാകുന്നത് തടയാൻ വേണ്ട നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണം. മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റം നദികളുടെ സ്വാഭാവികമായ ഘടനയെ തകർത്തുകൊണ്ടിരിക്കുകയാണ്.

കേരളത്തിലെ പ്രധാന നദികളായ പമ്പ, ചാലിയാർ, പെരിയാർ തുടങ്ങിയവയെല്ലാം ഇന്ന് മരണ വക്കിലാണ്. മണലൂറ്റൽ നദികളുടെ സ്വാഭാവിക ഒഴുക്കിനു തടസം നിൽക്കുന്നു. ചെക്ക് ഡാമുകളും വ്യവസായ ശാലകളിൽ നിന്ന് പുറംതള്ളുന്ന ഖരമാലിന്യങ്ങളും നദികളിലെ ജൈവസമ്പത്തിനെയും മത്സ്യങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ദുരന്തങ്ങളുണ്ടാകുമ്പോൾ അധികൃതർ പുതിയ പ്രഖ്യാപനങ്ങളിലൂടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് പതിവ്. അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെയും ആത്മാർത്ഥതയോടെയുള്ള സമീപനം സ്വീകരിക്കാതെയും ദുരന്തങ്ങളെ തടഞ്ഞുനിർത്താനാവില്ല. സംസ്ഥാന ജലപാതകൾ നാലു വർഷം കൊണ്ട് നവീകരിക്കുന്നതിനായി ധനകാര്യ കമ്മീഷൻ 225 കോടി രൂപ അനുവദിച്ചിരുന്നു. കൊല്ലം കോവളം നവീകരണത്തിനായി 21.84 കോടിരൂപയും കോട്ടപ്പുറം നീലേശ്വരം പാത നവീകരണത്തിന് 21.20 കോടി രൂപയും അനുവദിച്ചിരുന്നു. എറണാകുളം ജില്ലയിലെ ഫീഡർ കനാലുകളുടെ നിർമ്മാണം പുരോഗതിയിലാണ്.

കുറഞ്ഞത് 14 മീറ്റർ വീതിയിലും 1.70 മീറ്റർ ആഴത്തിലുമാണ് സംസ്ഥാന ജലപാത വികസിപ്പിക്കുന്നത്. കേരളത്തിലെ ജലഗതാഗത വികസനം മെച്ചപ്പെടുന്നതിന്റെ സൂചനയാണിതെല്ലാം. ജലഗതാഗത മാർഗവും വാഹനങ്ങളും നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നും ഇതിലൂടെ ഇടക്കിടെയുണ്ടാകുന്ന ദുരന്തങ്ങൾക്ക് അറുതിവരുത്താൻ അധികൃതർക്ക് കഴിയും. ദേശീയ ജലപാതയുമായി ബന്ധമുള്ള രാജ്യത്തെ വിമാനത്താവളവും തുറമുഖവും കേരളത്തിലേതാണ്. കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 168 കിലോമീറ്റർ ദേശീയ ജലപാതയായി 20 വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചതാണെങ്കിലും പൂർണമായും ഉപയോഗിക്കാൻ സാധിച്ചത് അടുത്ത കാലത്താണ്.

500 ടൺ വരെ ചരക്ക് വഹിക്കാൻ കഴിയുന്ന ബാർജറുകൾ കടന്നു പോകത്തക്കവിധം വികസിപ്പിച്ച പാതക്ക് 32 മീറ്റർ വീതിയും 3.20 മീറ്റർ ആഴവുമുണ്ട്. 88 കോടി രൂപ ചെലവിൽ കോട്ടപ്പുറം, ഏലൂർ, തണ്ണീർമുക്കം, തൃക്കുന്നത്ത് പുഴ, ആയിരംതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ടെർമിനലുകളും രാത്രി സഞ്ചാരത്തിനായി സൗരോർജ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വർഷം 75000 ലക്ഷം ടൺ ചരക്കുനീക്കം നടക്കുമെന്നാണ് പ്രതീക്ഷ.