ബാംഗ്ലൂർ: കർണാടക തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും. എക്‌സിറ്റ് പോളുകളിലെ പ്രവചനം കോൺഗ്രസിനെ ആശങ്കയിൽ ആക്കിയിട്ടുണ്ട്. ജെഡിഎസ് നിർണായക ശക്തിയാകുമെന്ന കണക്കുകൂട്ടലാണ് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. തൂക്കു മന്ത്രിസഭക്കുള്ള സാഹചര്യം ഉണ്ടായാൽ എങ്ങനെ കാര്യങ്ങൾ മുന്നോട്ടു നീക്കണമെന്ന കൃത്യമായ കണക്കുകൂട്ടൽ ബിജെപി അധ്യക്ഷൻ അമിത്ഷാക്കുണ്ട്. അതിന് വേണ്ടി എല്ലാ ഒരുക്കങ്ങളുമായി ബംഗളുരുവിൽ ഷായുടെ ബുദ്ധികേന്ദ്രങ്ങൾ നിലയുറപ്പിച്ചു കഴിഞ്ഞു. മുമ്പ് ബിജെപിയുമായി കൂട്ടുകൂടിയ പരിചയം ജനതാദളിനുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുമ്പു തന്നെ ജെഡിഎസ് നേതാവ് കുമാരസ്വാമിയുമായി ബിജെപി കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന ആരോപണം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ ബിജെപിയുടെ ബി ടീമാണ് ജെഡിഎസ് എന്ന് പ്രചരണ രംഗത്തു നിന്ന് കാര്യങ്ങൾ നീക്കിയിരുന്നു.

അഭിപ്രായസർവേകൾ തൂക്കുസഭയാണ് പ്രവചിച്ചതെങ്കിലും മുന്നിൽ കോൺഗ്രസായിരുന്നു. എന്നാൽ, വോട്ടെടുപ്പിനുശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ കൂടുതലും ബിജെപി.ക്ക് അനുകൂലമാണ്. ഒൻപത് എക്സിറ്റ് പോൾ സർവേകളിൽ ആറെണ്ണം ബിജെപി.ക്കും മൂന്നെണ്ണം കോൺഗ്രസിനും മുൻതൂക്കം നൽകുന്നു. എന്നാൽ, ഇതിൽ രണ്ടെണ്ണം ബിജെപിക്കും ഒന്ന് കോൺഗ്രസിനും കേവലഭൂരിപക്ഷം പ്രവചിക്കുന്നുമുണ്ട്. എല്ലാ സർവേകളും പറയുന്നത് കുമാരസ്വാമിയാകും കിങ് മേക്കർ ആകുക എന്നാണ്. എന്തായാലും വിലപേശൽ സാധ്യതയിൽ എന്നും മുന്നിലുള്ള ബിജെപി കർണാടകത്തിൽ ഏറെ പ്രതീക്ഷയിലാണ്.

സത്യപ്രതിജ്ഞക്കുള്ള തീയ്യതി പോലും പ്രഖ്യാപിക്കുന്ന വിധത്തിൽ ആത്മവിശ്വാസത്തിലാണ് യെദ്യൂരപ്പ. ഈ ആത്മവിശ്വാസത്തിന്റെ കാരണം ജെഡിഎസുമായുള്ള രഹസ്യ ധാരണയാണെന്നാണ് ആരോപണം. ഇതിനിടെ വിലവേശലിനുള്ള സാധ്യതകളെല്ലാം തുറന്നിട്ടുകൊണ്ടാണ് ജെ ഡി എസ് നേതാവും മുന്മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നിരിക്കുന്നത്. അവിടെ വെച്ച് ബിജെപിയുടെ അനുചരന്മാരുമായി ജെഡിഎസ് നേതാവ് കൂടിക്കാഴ്‌ച്ച നടത്തുമെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. വോട്ടെണ്ണൽ ദിനമായ ചൊവ്വാഴ്ച വൈകിട്ടോടെയേ കുമാരസ്വാമി തിരിച്ചുവരാനിടയുള്ളു.

'കോൺഗ്രസ്, ബിജെപി നേതാക്കൾ കുമാരസ്വാമിയുമായും ദേവഗൗഡയുമായും ബന്ധപ്പെടുന്നുണ്ട്. രാഷ് ട്രീയ ചർച്ചകൾക്കായാണ് സിംഗപ്പൂരിലേക്ക് പോയതെന്നാണ് കരുതുന്നത്. ഇവിടെ വച്ച് അവർ കണ്ടാൽ അക്കാര്യം മാധ്യമങ്ങൾക്ക് ചോർന്നുകിട്ടാനിടയുണ്ട്'- ചാനലുകൾ കുമാരസ്വാമിയെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. എന്തായാലും ജെഡിഎസ് 30 സീറ്റുകൾ എങ്കിലും പിടിച്ചാൽ അത് നിർണായകമാകും.

തുടക്കത്തിലുണ്ടായിരുന്ന മേധാവിത്വം നഷ്ടമായത് ഏതായാലും കോൺഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന അധ്യക്ഷൻ ജി. പരമേശ്വരയും കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ആവർത്തിച്ചു പറയുന്നു. ബിജെപി.ക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രവചിക്കുന്നത് ഇന്ത്യ ന്യൂസ്-ചാണക്യ സർവേയാണ്- 120 എണ്ണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികൾ അവസാനഘട്ടത്തിൽ ഗുണംചെയ്തുവെന്നാണ് ബിജെപി.യുടെ കണക്കുകൂട്ടൽ.

അതേസമയം ദേവഗൗഡയെ ഒപ്പം നിർത്തി അധികാരം നിലനിർത്താനുള്ള ചർച്ചകളും കോൺഗ്രസ് കേന്ദ്രത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധി നേരിട്ടും സോണിയാ ഗാന്ധിയും ഗൗഡയുമായി സംസാരിച്ചേക്കും. എന്നാൽ, അന്തിമഫലം വരട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ്. ജെഡിഎസ് കോൺഗ്രസിനെ പിന്തുണക്കണമെങ്കിൽ പ്രധാന ആവശ്യം സിദ്ധരാമയ്യ മുഖ്യമന്ത്രി ആകരുത് എന്നതാകും. ഇതു തിരിച്ചറിഞ്ഞ് സിദ്ധരാമയ്യക്ക് അപ്പുറം ആരെന്ന ചർച്ചകളും കോൺഗ്രസിൽ തുടങ്ങി. കർണാടകയിൽ ദലിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴി മാറാൻ തയ്യാറാണെന്ന് സിദ്ധരാമയ്യ സൂചിപ്പിച്ചത് ഭരണം പിടിക്കുക എന്ന മുഖ്യലക്ഷ്യത്തോടെയാണ്. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ജെഡിഎസുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് തയ്യാറാണെന്ന സൂചനയാണ് സിദ്ധരാമയ്യ നൽകിയതും.

അതേസമയം കുമാരസ്വാമിക്ക് കോൺഗ്രസിനേക്കാൾ താൽപ്പര്യം ബിജെപിയോടാണ്. കിട്ടിയ അവസരത്തിൽ വിലപേശി മുഖ്യമന്ത്രി കസേര നേടാനും കുമാരസ്വാമി നോട്ടമിടുന്നുണ്ട്. ജെഡിഎസിന് ഒപ്പം നിർത്താൽ ബിജെപിക്ക് കാരണങ്ങളും സാധ്യതകളും ഏറെയുണ്ട്. കേന്ദ്രത്തിൽ അധികാരം നൽകാമെന്ന വാഗ്ദാനമാണ് ഇതിൽ പ്രധാനം. കൂടാതെ ഓരോ ജെഡിഎസ് എംഎൽഎയെയും കോടികൾ എറിഞ്ഞ് ചാക്കിട്ടു നിർത്താനുള്ള മാർഗ്ഗങ്ങളും ബിജെപി നേടുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ ഗോവയിലും മണിപ്പൂരിലും ഭരണം പിടിച്ച മാതൃക കന്നഡ മണ്ണിലും ബിജെപി പരീക്ഷിച്ചേക്കും. എന്തായാലും കിങ് മേക്കറുടെ റോളിൽ കുമാരസ്വാമിയാകുമെന്നാണ് വോട്ടണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴും പ്രതീക്ഷിക്കുന്നത്.