കൊച്ചി: വിശ്വാസമാണ് പ്രധാനം. അതുകൊണ്ട് തന്നെ എങ്ങനെ കുമ്പസാര രഹസ്യം പൊലീസിനോട് പറയും? ഇത് വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള നീക്കമാണെന്നാണ് കത്തോലിക്കരുടെ നിലപാട്. അതുകൊണ്ട് തന്നെ ജലന്ധർ ബിഷപ്പിനെതിരേ പരാതി നൽകിയ കന്യാസ്ത്രീ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിൽ പങ്കെടുത്ത കാലയളവിൽ കുമ്പസാരിപ്പിച്ച 12 വൈദികരെ ചോദ്യംചെയ്യാനുള്ള തീരുമാനം പൊലീസിന് വലിയ തലവേദനയാകും.

ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചെന്നു താൻ ആദ്യമായി വെളിപ്പെടുത്തിയയതു കുമ്പസാരത്തിനിടെയാണെന്നു കന്യാസ്ത്രീ മൊഴിനൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വൈദികരുടെ മൊഴിയുടുക്കാനുള്ള തീരുമാനം. കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ സഭ അനുവദിക്കുന്നില്ലെന്നാണു വൈദികരുടെ വാദം. എന്നാൽ, കുറ്റകൃത്യം അറിയിച്ചതു മൂടിവയ്ക്കുന്നതു നിയമപ്രകാരം ക്രിമിനൽ കുറ്റവുമാണ്. ഈ സാഹചര്യം വൈദികരെ വെട്ടിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുമ്പസാരത്തിലെ വിശ്വാസ പ്രശ്‌നം ചർച്ചയാക്കാനാണ് ശ്രമം. എന്നാൽ ഈ വിഷയത്തിൽ കുമ്പസാര വിശ്വാസം പ്രശ്‌നമാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കുമ്പസാര രഹസ്യത്തെ കുറിച്ച് പൊലീസിനെ അറിയിച്ചത് കന്യാസ്ത്രീയാണ്. ഈ വെളിപ്പെടുത്തൽ ശരിയാണോ എന്ന് വൈദികർ വെളിപ്പെടുത്തിയാൽ മതിയെന്നാണ് പൊലീസ് പറയുന്നത്.

കന്യാസ്ത്രീ ധ്യാനത്തിനെത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിൽ പൊലീസിനു മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 2016 സെപ്റ്റംബറിലാണു കന്യാസ്ത്രീ സെഹിയോൻ ധ്യാനകേന്ദ്രത്തിലെത്തിയത്. എന്നാൽ, പീഡനവിവരം സംബന്ധിച്ച് കുമ്പസാരം നടത്തിയോ എന്നറിയില്ലെന്നും ഡയറക്ടർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കുമ്പസാര രഹസ്യം തേടി പൊലീസ് എത്തുന്നത്. ഇതു വിശ്വാസത്തിന്റെ പ്രശ്നമാണ്. കുമ്പസാര രഹസ്യം വെളിപ്പെടുത്തിയാൽ അതു സഭയിൽ അച്ചടക്ക ലംഘനമാവും. നടപടി നേരിടേണ്ടിവരും. കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ പൊലീസ് നിർബന്ധിക്കുന്ന പക്ഷം കോടതിയെ സമീപിക്കാനാണു വൈദികരുടെ നീക്കം.

ഇതോടെ കുമ്പസാര രഹസ്യത്തിലെ കാര്യങ്ങൾ നിയമപ്രശ്‌നമായി മാറും. വ്യക്തിപരമായ കാര്യങ്ങൾ മറച്ചു വയ്ക്കാം, എന്നാൽ ക്രിമിനൽ സ്വഭാവമുള്ള സമൂഹ വിരുദ്ധകാര്യങ്ങൾ ഇങ്ങനെ മറച്ചു വയ്ക്കാമോ എന്നതാകും ഉയരുന്ന ചോദ്യം. ഈ നിയമപോരാട്ടം സുപ്രീംകോടതി വരെ എത്താനും സാധ്യതയുണ്ട്. അങ്ങനെ ക്‌ന്യാസ്ത്രീയുടെ പീഡന പരാതി സഭയെ മറ്റൊരു പ്രശ്‌നത്തിലേക്ക് എത്തിക്കും. കുമ്പസാരം വെളിപ്പെടുത്താമോ എന്നതു കോടതി തീരുമാനിക്കേണ്ടിവരും. കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞശേഷം മൂടിവയ്ക്കുന്നത് ഐ.പി.സി. 120 ബി അനുസരിച്ച് ജാമ്യമില്ലാ കുറ്റമാണ്. ഇതുപ്രകാരം വൈദികർക്കെതിരേ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലീസിനു കഴിയും.

കുമ്പസാരരഹസ്യം പുറത്തുപറയാൻ പാടില്ല എന്നതു കാലങ്ങളായി സമൂഹം വച്ചുപുലർത്തുന്ന വിശ്വാസമാണ്. ഈ ഉറപ്പിലാണ് കുമ്പസാരിക്കുന്നയാൾ വൈദികരോടു തന്റെ സ്വകാര്യ വിഷയങ്ങൾപോലും തുറന്നുപറയുന്നത്. കുമ്പസാര സമയത്തു വൈദികൻ ദൈവത്തിന്റെ പ്രതിപുരുഷനായാണു കണക്കാക്കപ്പെടുന്നത്. തെറ്റുകൾ ഏറ്റുപറയുന്നതു ദൈവം മുമ്പാകെയാണെന്നാണു സഭാ വിശ്വാസം. ഈ സാഹചര്യത്തിൽ വൈദികനു പൗരൻ എന്ന നിലയിലുള്ള കർത്തവ്യം നിറവേറ്റാൻ കഴിയില്ലെന്നതാണ് സഭയുടെ നിലപാട്.

പൊലീസ് നിർബന്ധിക്കുന്നപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും. ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോപണം അനുസരിച്ച് അച്ചടക്ക നടപടി സ്വീകരിച്ചശേഷമാണു കന്യാസ്ത്രീ ആരോപണവുമായി രംഗത്തുവന്നത്. എന്നാൽ ഇതിനുമുമ്പ് 2016 ൽ കുമ്പസാരത്തിനിടെ എല്ലാം പറഞ്ഞിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലീസ് ധ്യാനകേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്.