- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരീഷും ശ്രീകുമാറും പഴയ സഹപ്രവർത്തകർ; ജോലി സ്ഥലത്ത് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായതും അടിപടിയായതും നിരവധി തവണ; ജോലിയിൽ നിന്നും പോയിട്ടും ശ്രീകുമാറിന്റെ പക തുടർന്നു; വീട്ടിന് നൂറുമീറ്റർ അകലെ വച്ച് വെട്ടിക്കൊലപ്പെടുത്തി; റോഷനും മണികണ്ഠനും കൊലയ്ക്ക് ശേഷം വീട്ടിലെത്തി കുളിച്ച് ചായ കുടിച്ചു; അടുത്ത ദിവസവും ഇടപെട്ടത് സാധാരണ പോലെ; പിന്നെ രണ്ടു പേരുടെ ആത്മഹത്യ; കുമ്പളയിലെ യഥാർത്ഥ വില്ലൻ ഇപ്പോഴും ഒളിവിലോ? ശ്രീകുമാറിൽ നിന്ന് പൊലീസിന് കിട്ടിയത് നിർണ്ണായക വിവരങ്ങൾ
കാസർകോട്: ഓയിൽ മില്ലിലെ ജോലക്കാരനായ യുവാവിന്റെ കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള നായ്ക്കാപ്പ് ഓയിൽ മില്ലിലെ ജോലിക്കാരനായ ഹരീഷിന്റെ (38) കൊലപാതകത്തിലെ മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ശാന്തിപള്ളം സ്വദേശി ശ്രീകുമാറിനെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
ഇയാളുടെ ഒപ്പം കൊലപാതകത്തിൽ പങ്കുള്ള ശാന്തിപ്പള്ളം സ്വദേശികളായ റോഷൻ (21), മണി (19) എന്നിവരെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് ശ്രീകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഒരാൾക്ക് കൂടി കൊലപാതകത്തിൽ പങ്കുള്ളതായി പൊലീസ് പറയുന്നു. ഇയാൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
തിങ്കളാഴ്ച അർധരാത്രിയാണ് നായ്കാപ്പ് സ്വദേശി ഹരീഷിനെ (38) വെട്ടേറ്റ് ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മുറിവുകളോടെ വീണുകിടന്ന ഹരീഷിനെ നാട്ടുകാരും പൊലീസും ചേർന്നാണ് കാസർകോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഹരീഷിനെ കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലെത്തിയത്. ഇതിനിടയിൽ പൊലീസ് പ്രതികളെന്ന് സംശയിച്ച ശാന്തിപ്പള്ളം സ്വദേശികളായ റോഷൻ (21), മണി (19) എന്നിവരെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇവർ ശ്രീകുമാറിന്റെ അടുത്ത സുഹൃത്തുക്കളാണ്. വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ഇപ്പോൾ പൊലീസ് നൽകുന്ന വിവരം. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഭയത്താലാണ് യുവാക്കൾ ആത്മഹത്യ ചെയ്തെന്നാണ് സൂചന. കഴിഞ്ഞ രാത്രി മുഖ്യപ്രതി ശ്രീകുമാറിനൊപ്പം രണ്ടുപേരും കാറിൽ സഞ്ചരിച്ചതായി പൊലീസിന് വിവരം കിട്ടിയിരുന്നു.
ഹരീഷും ശ്രീകുമാറും ജോലി സ്ഥലത്ത് വച്ച് നിരവധി തവണ വാക്കേറ്റമുണ്ടാകുകയും അടിപിടിയിൽ കലാശിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്താണ് വൈരാഗ്യത്തിന്റെ കാരണം എന്ന് ആർക്കും അറിയില്ല. ജോലിയിൽ നിന്നും പിരിഞ്ഞു പോയതിന് ശേഷവും ഇരുവരും തമ്മിലുള്ള ശത്രുത വർദ്ധിക്കുകയായിരുന്നു. അങ്ങനെയാണ് തിങ്കളാഴ്ച അർദ്ധരാത്രിയിൽ ഹരീഷിനെ വെട്ടി കൊലപ്പെടുത്തിയത്. ഹരീഷിന്റെ വീടിന് നൂറു മീറ്റർ അകലത്തിൽ വച്ചാണ് സംഘം വെട്ടിയത്. ക്രൂരമായി വെട്ടിയതിന് ശേഷം കടന്നു കളഞ്ഞ ഇവർ അടുത്ത ദിവസം സാധാരണ പോലെ നാട്ടിൽ തുടർന്നു. റോഷനും മണികണ്ഠനും ഇന്നലെ രാവിലെ വീട്ടിലെത്തി കുളിച്ചു ചായയും കഴിച്ചതിനു ശേഷം തിരിച്ചു പോയി. ഇതിനിടയിലാണ് ശ്രീകുമാറാണ് കൊലയ്ക്ക് പിന്നിലെന്ന് നാട്ടിൽ സംസാരമുയർന്നത്. പിന്നീട് ഇരുവരെയും കൃഷ്ണ നഗർ ഷേഡിഗുമ്മയിലെ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
10 വർഷത്തിലേറെയായി സൂരംബയലിൽ ഭഗവതി പ്രസാദം ഓയിൽ മില്ലിലെ ജീവനക്കാരനാണ് ഹരീഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനിടെ നായ്ക്കാപ്പിൽ വച്ച് 17നു രാത്രി 9.30നും 10.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നു പൊലീസ് പറഞ്ഞു. പതിവായി നേരത്തെ വീട്ടിലെത്തിയിരുന്ന ഹരീഷ് സമയം ഏറെയായിട്ടും എത്താത്തതിനെ തുടർന്നു വീട്ടുകാർ മൊബൈലിൽ വിളിച്ചുവെങ്കിലും കിട്ടിയില്ല. തുടർന്ന് അമ്മ ഷീല വീടിനടുത്തുള്ള യുവാവിനെ ഓയിൽ മില്ലിനടുത്തേക്ക് പറഞ്ഞു വിട്ടിരുന്നുവെങ്കിലും അവിടെയുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ തിരിച്ചിലിനിടെ വഴിയാത്രക്കാരാണ് റോഡിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നതായി കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്.
നാട്ടുകാരെത്തിയാണ് വെട്ടേറ്റത് ഹരീഷിനാണെന്നു തിരിച്ചറിഞ്ഞത്. പൊലീസ് ആദ്യം കുമ്പളയിലെയും പിന്നീട് കാസർകോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ശ്രീകുമാറിനെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം അറിയാൻ കഴിയൂ. വൈകുന്നേരത്തോടു കൂടി ഇയാളുടെ അറസ്റ്റ് ഉണ്ടാകും.