കൊച്ചി : നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ടുവന്നു പ്രചാരണം നടത്തിയാലും ബിജെപിക്കു ക്ലച്ച് പിടിക്കാനാവാത്ത കൊച്ചിയിലെ തിരദേശഗ്രാമമാണു കുമ്പളം. ഇവിടെ സഹായ മെത്രാന്റെയും പള്ളി വികാരിയുടെയും സഹായത്താൽ താമര വിരിഞ്ഞ അത്യപൂർവസംഭവമാണ് അരങ്ങേറിയത്. കുമ്പളം പഞ്ചായത്തിലെ പതിനേഴാം വാർഡിലാണു സംഭവം.

ലത്തീൻ കത്തോലിക്കാ വിഭാഗക്കാരാണു കുമ്പളത്ത് കൂടുതലുള്ളത്. പിന്നെയുള്ളതു ധീവരസമുദായക്കാരും ഈഴവരും പിന്നെ കുറച്ചു നായർ വിഭാഗങ്ങളുമാണ്. സുറിയാനിക്കത്തോലിക്കർ അറുപതിലേറെ പേരേയുള്ളൂ. എന്നാൽ സാമ്പത്തികമായി അവർ മുന്നോക്കവുമാണ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കുമ്പളത്തെ പതിനേഴാം വാർഡിൽ സ്ഥാനാർത്ഥി നിർണയത്തിൽ പള്ളി വികാരിയും നല്ലൊരു പങ്കുവഹിക്കാറുണ്ട്. അതു പാർട്ടി അംഗീകരിക്കുകയും ചെയ്യാറുണ്ട്, വിശ്വാസിയായ കുഞ്ഞാടുകളെ നിർദേശിക്കാറുള്ള വികാരിയച്ചനാണ് ഇവിടെ കോൺഗ്രസിന് അവസാന വാക്കും.

കോൺഗ്രസ് നിശ്ചയിച്ചത്. എന്നാൽ പള്ളി വികാരിക്ക് ജോളിയോടുള്ള ഏതോ പഴയ അഭിപ്രായ വ്യത്യാസത്തിൽ നിർദ്ദേശം നിരാകരിക്കപ്പെട്ടു. പ്രാദേശിക കോൺഗ്രസുകാർക്ക് ഇതു സഹിച്ചില്ല. അവർ അപ്പിലുമായി അരമനയിൽ സഹായമെത്രാന്റെ അടുത്തെത്തി. സഹായമെത്രാനാകട്ടെ, വികാരിയച്ചന്റെ വാദം അംഗീകരിക്കുകയായിരുന്നു. അതോടെ, ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരനായ അപ്പുക്കുട്ടൻ എന്ന ഹിന്ദു സ്ഥാനാർത്ഥിയുടെ പേര് കോൺഗ്രസുകാർ മുന്നോട്ടുവച്ചു. ഇതും വികാരിക്കു സ്വീകാര്യമായില്ല. മെത്രാന്റെയടുത്തു ചെന്നിട്ടും രക്ഷയില്ല, വികാരിയെ പിന്തുണയ്ക്കുകയാണു ചെയ്തത്്. തുടർന്ന് വികാരി റിട്ടയേഡ് പൊലീസുകാരൻ വക്കച്ചന്റെ പേരു നിർദേശിച്ചു. പാർട്ടി ചിഹ്നവും കൊടുത്തു.

മന്ത്രി ബാബു വരെ അംഗീകരിച്ച സ്ഥാനാർത്ഥിയെ ചില കോൺഗ്രസുകാർക്കു പിടിച്ചില്ല. അവർ വിമതനായി ഒരു സ്ഥാനാർത്ഥിയെ നിർത്തി പ്രചാരണവും നടത്തി. അവസാനം ഇലക്ഷൻ കഴിഞ്ഞ് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ബി.ജെ പി സ്ഥാനാർത്ഥി ജയിച്ചു. ബിജെപി സ്ഥാനാർത്ഥിയും ധീവര സമുദായാംഗവുമായ രതിഷ് 16 വോട്ടിന്റെ ഭുരിപക്ഷത്തിലാണു വിജയിച്ചത്്.

ജാതിയുടെ പേരിൽ രാഷ്ട്രീയത്തെ കാണുന്നവർക്കുള്ള കൊട്ട്്. ലത്തീൻസമുദായക്കാർ വിമതനും ധീവരസമുദായം ഉൾപ്പെടെയുള്ള ഹിന്ദു സമുദായക്കാർ ബിജെപിക്കും ആഞ്ഞുകുത്തിയതിന്റെ അനന്തരഫലം. ഓർക്കാപ്പുറത്തു കിട്ടിയ വിജയത്തിന്റെ ലഹരിയിലാണ് കുമ്പളത്തെ ബിജെപിക്കാരിപ്പോൾ.