കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് നിറച്ച് കായലിൽ തള്ളിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിലെ ദുരൂഹത അഴിയുന്നില്ല. കൊലപാതകത്തിനുശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് നിറച്ച് കായലിൽ തള്ളിയതാണെന്ന് സംശയം.

മുൻപ് നെട്ടൂരിൽ കായലിൽ നിന്നുതന്നെ ചാക്കിൽ കെട്ടിയ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഈ സംഭവത്തിൽ ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റ് നിറച്ച് മറച്ച നിലയിൽ മൃതദേഹ ഭാഗങ്ങൾ ലഭിച്ചിരിക്കുന്നത്. കൊലപാതക വിവരം ഒരിക്കലും പുറത്ത് വരരുതെന്ന ഉദ്ദേശത്തിൽ ആസൂത്രിതമായാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹത്തിൽ നിന്നു ലഭിച്ച വെള്ളി അരഞ്ഞാണം, മുടിയുടെ നീളം, വസ്ത്രാവശിഷ്ടം എന്നിവയിൽനിന്നാണ് മൃതദേഹം സ്ത്രീയുടേതെന്ന നിഗമനത്തിൽ പൊലീസെത്തിയത്.ആലപ്പുഴ കേന്ദ്രമായുള്ള പാം ഫൈബർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെതാണ് ഈ ആറേക്കർ ഭൂമി. 2016 ഡിസംബർ 16-ന് ഇതിലൂടെയുള്ള കാന ജെ.സി.ബി. ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നതായി വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കമ്പനി ജനറൽ മാനേജർ ഔസേപ്പച്ചൻ പറഞ്ഞു. ദുരൂഹ സാഹചര്യത്തിൽ വീപ്പ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വാർത്ത വന്നിരുന്നു. ഇതേത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.

ഏതാണ്ട് ഒരുവർഷം മുൻപുതന്നെ ഈ വീപ്പ മൽസ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതാണ്. വെള്ളത്തിനു മുകളിൽ നെയ് പരന്നുകിടക്കുന്നത് കണ്ട് സംശയം തോന്നിയ മൽസ്യതൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് കായലിനടിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ വീപ്പ കണ്ടെത്തിയത്. എന്നാൽ, അന്ന് വീപ്പയിൽ പങ്കായം വച്ച് കുത്തിനോക്കിയെങ്കിലും കല്ലുനിറച്ചു വച്ചിരിക്കുന്നതു പോലെ തോന്നി. രണ്ടു മാസം മുൻപ് കായലിൽനിന്ന് ചെളി കോരിയ സമയത്ത് ഈ വീപ്പ കരയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം വീപ്പയ്ക്കുള്ളിൽനിന്ന് ദുർഗന്ധം വമിക്കുകയും ഉറമ്പുകൾ നിറയുകയും ചെയ്തു. ഇതോടെയാണ് വിഷയം പൊലീസിന് മുമ്പിലെത്തിയത്.

പൊലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടത്. ശരീരഭാഗങ്ങൾ പൂർണമായും ദ്രവിച്ചു കഴിഞ്ഞ മൃതദേഹത്തിൽ മുടിയും ഏതാനും അസ്ഥികളും മാത്രമേ അവശേഷിക്കുന്നുള്ളൂ. കൊലപാതകത്തിനുശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് ഇട്ട് അടയ്ക്കുകയും പിന്നീട് അതിനു മുകളിൽ ഇഷ്ടിക നിറയ്ക്കുകയും ചെയ്തതാണെന്ന് സംശയിക്കുന്നു. മൃതദേഹത്തിന് ഒരു വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. 2016 ഡിസംബറിന് മുൻപ് കൊലപാതകം നടന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തലകീഴായി നിർത്തിയ ശേഷം കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ചിരിക്കുകയാണ്.

മൃതദേഹം തലകീഴായി നിർത്തി കോൺക്രീറ്റ് ഇട്ടതിനെ തുടർന്ന് അസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്. കുമ്പളത്ത് ശാന്തികവാടത്തിന് തൊട്ടടുത്തായി കായലിനോട് ചേർന്നുള്ള പറമ്പിൽ നാല് മാസം മുൻപ് മത്സ്യത്തൊഴിലാളികളാണ് വീപ്പ കണ്ടെത്തി കരയിലേക്ക് ഇട്ടത്. മൃതദേഹത്തിന്റെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും വീപ്പയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ നിരോധിച്ച മൂന്ന് അഞ്ഞൂറ് രൂപാ നോട്ടുകളും ഒരു നൂറ് രൂപയും കണ്ടെത്തി.

മുൻപ് നെട്ടൂരിൽ കായലിൽ നിന്നുതന്നെ ചാക്കിൽ കെട്ടിയ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. കുമ്പളത്ത് വീപ്പയിൽ കണ്ട കോൺക്രീറ്റ് കട്ടയും നെട്ടൂർ കായലിൽ യുവാവിന്റെ മൃതദേഹത്തോടൊപ്പം കണ്ട കോൺക്രീറ്റ് കട്ടയും സാമ്യമുള്ളതായി പറയുന്നു. മൃതദേഹം കണ്ടെത്തിയ ഭൂമിയോടു ചേർന്ന് കുമ്പളം ശാന്തിതീരം പൊതുശ്മശാനവും സി.വി സി.സി. കോൺക്രീറ്റ് മിക്സിങ് കമ്പനിയും പ്രവർത്തിക്കുന്നുണ്ട്.

വിവരമറിഞ്ഞ് സിറ്റി പൊലീസ് കമ്മിഷണർ എംപി. ദിനേശ്, ഡി.സി.പി. കറുപ്പ് സ്വാമി, എ.സി.മാരായ വിജയകുമാർ, ഷംസ്, ഫോറൻസിക് സർജൻ ഡോ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു. മൃതദേഹാവശിഷ്ടങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയതായി പൊലീസ് അറിയിച്ചു.