പത്തനംതിട്ട: നാഴികയ്ക്ക് നാൽപ്പതു വട്ടം മതേതരത്വം പ്രസംഗിക്കുന്ന സിപിഐഎം നേതാക്കളുടെ മുഖംമൂടി അഴിഞ്ഞു വീഴുന്നു. കുമ്പനാട്ടെ രണ്ട് പ്രശ്നങ്ങളിൽ നാട്ടുകാർക്കെതിരായ നിലപാട് സ്വീകരിച്ച സിപിഐഎം നേതാക്കളുടെ നടപടിയിൽ പ്രതിഷേധം വ്യാപകം. ഇതോടെ ചർച്ച് ഓഫ് ഗോഡിന്റെ ഗേറ്റ് പൊളിക്കലിന്റെ പേര് പറഞ്ഞ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള സിപിഐഎം നീക്കവും തിരിച്ചടിക്കുകയാണ്. രണ്ടു പെന്തക്കോസ്ത് സഭകളെ പ്രീണിപ്പിക്കാനുള്ള സിപിഐഎം നേതാക്കളുടെ നീക്കത്തിൽ പ്രതിഷേധിച്ച് സിഐടിയു തൊഴിലാളികൾ കൂട്ടത്തോടെ ബിഎംഎസിൽ ചേരാൻ ഒരുങ്ങുന്നു.

കഴിഞ്ഞയാഴ്ചയാണ് കർഷകമോർച്ചയുടെയും ബിഎംഎസിന്റെയും നേതൃത്വത്തിൽ ചർച്ച് ഓഫ് ഗോഡ് ഓഫീസിന്റെ ഗേറ്റ് പൊളിച്ചും മുറ്റത്തും കൊടിനാട്ടിയത്. ഇതിനെ ന്യൂനപക്ഷ പീഡനമാക്കി ചിത്രീകരിച്ച് മുതലെടുക്കാൻ സിപിഐഎം അന്ന് തന്നെ ശ്രമം തുടങ്ങി. ആദ്യം ഡിവൈഎഫ്ഐക്കാരെ ഇറക്കി. പിന്നെ സിപിഐഎം ജില്ലാ സെക്രട്ടറി നേരിട്ടറങ്ങി കഴിഞ്ഞ ദിവസം വീണാ ജോർജ് എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ, ചർച്ച് ഓഫ് ഗോഡ് ഓഫീസിന് മുന്നിലെ സ്ഥലം പുറമ്പോക്കാണെന്ന് പറഞ്ഞ് ആദ്യം കൊടി നാട്ടിയത് കുമ്പനാട്ടെ സിഐടിയുക്കാരായിരുന്നു. സിപിഐഎം നേതൃത്വം ഇടപെട്ടാണ് അത് ഊരി മാറ്റിയത്. ഇതിന്റെ പേരിൽ അന്ന് തന്നെ കുറേ പ്രവർത്തകർ സിഐടിയു വിട്ട് ബിഎംഎസിൽ ചേർന്നിരുന്നു.

മറ്റൊരു വിഷയം ഐപിസി ആസ്ഥാനത്തെ കക്കൂസ് മാലിന്യമാണ്. ഏഷ്യയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് കൺവൻഷനാണ് കുമ്പനാട്ടെ ഐപിസി ആസ്ഥാനത്ത് നടക്കുന്നത്. ഇതു കഴിയുന്നതോടെ ഇവിടുള്ള സെപ്ടിക് ടാങ്കുകൾ പൊട്ടുകയും സമീപത്തെ വീടുകളിലെ കിണറുകളിൽ കലരുകയും ചെയ്യുകയാണ്. ഇതിനെതിരേ സിപിഐഎമ്മും നാട്ടുകാരും പ്രതിഷേധിച്ചപ്പോൾ അത് ഒതുക്കാൻ രംഗത്ത് വന്നത് ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. ഇതിനിടെ ചർച്ച് ഓഫ് ഗോഡ് വിഷയത്തിൽ കുമ്മനം രാജശേഖരൻ നേരിട്ട് മാപ്പു പറയാൻ സഭാ ആസ്ഥാനത്ത് ചെന്നത് ബിജെപി അണികളെ ചൊടിപ്പിച്ചിരിക്കുകയാണ്. തങ്ങൾ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും കൈയേറ്റ ഭൂമിയിലാണ് കൊടികുത്തിയതെന്നും പ്രവർത്തകർ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ കുമ്മനത്തിനെതിരേ പ്രവർത്തകർ രൂക്ഷവിമർശനം അഴിച്ചു വിടുകയാണ്.

കുമ്പനാട് ചർച്ച് ഓഫ് ഗോഡ് സഭയുടെ മുൻപിൽ ബിജെപിക്കാർ കൊടി കുത്തിയ സംഭവം കഴിഞ്ഞ ദിവസം നിയമസഭയിൽ വീണ ജോർജ്ജ് എംഎൽഎ ഉന്നയിച്ചിരുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. ചെങ്ങന്നൂർ ആസ്ഥാനമായ ചർച്ച് ഓഫ് ഗോഡിന്റെ പിന്തുണ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം വിഷയം ഏറ്റെടുത്തത്. എന്നാൽ ചർച്ച് ഓഫ് ഗോഡ് സ്ഥലത്തിന് മുൻപിലുള്ള പുറമ്പോക്ക് ഭൂമിയിലാണ് കൊടി കുത്തിയതെന്ന് ബിജെപി പ്രവർത്തകർ പറയുന്നു.

സിപിഎം പ്രതിഷേധ പ്രകടനത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകർ മുൻപ് ഇവിടെ കൊടി നാട്ടിയതാണെന്ന വീവരം സിപി എം നേതാക്കൾ പിന്നീടാണ് അറിഞ്ഞത്. 2016 ൽ സിഐടിയു പ്രാദേശിക നേതാക്കളുടെ പരാതിയെ തുടർന്നാണ് അന്ന് പുറമ്പോക്ക് ഭൂമിയിൽ കൊടി നാട്ടിയത്. എന്നാൽ ഒരു ദിവസത്തിന് ശേഷം ചില നേതാക്കളുടെ ഇടപെടലിനെതുടർന്ന് അന്ന് കൊടി ഊരിമാറ്റി. പിന്നീട് ഇവിടെ ചർച്ച് ഓഫ് ഗോഡ് അധികൃതർ മതിൽകെട്ടുകയും. പുറമ്പോക്ക് ഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തു. ടികെ റോഡിൽ ഏറെ തിരക്കുള്ള കുമ്പനാട് പുറമ്പോക്ക് സ്ഥലം ടാക്സി പാർക്കിങ്ങിന് ഉപയോഗിക്കാമെന്നാണ് സിഐടിയു നേതാക്കൾ പറയുന്നത്. അന്ന് സിപിഎം സമരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് പല സിഐടിയുക്കാരും ബിഎംഎസിലെത്തി. അവശേഷിക്കുന്ന സിഐടിയുക്കാർക്കൂടി ബിഎംഎസിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണിപ്പോൾ.

ഐപിസി ചർച്ചിന് സമീപത്തെ മാലിന്യപ്രശ്നത്തിനെതിരെ സമരം നടത്തിയ ശേഷമായിരുന്നു ബിജെപിയുടെ കൊടികുത്തൽ സമരം. ഐപിസിയിലെ നിർമ്മാണ കരാറുകാരനായ പ്രമുഖൻ സിപിഎമ്മിന്റെ തിരുവല്ലയിലെ ഒരു നേതാവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കൊടികുത്തൽ സമരം ഏറ്റെടുത്തത്. ഇരുവരും തമ്മിലുള്ള അവിഹിത അന്തർധാരയുടെ ഫലമാണ് കൈയേറ്റ ഭൂമിക്കുവേണ്ടി സഭയെ അനുകൂലിക്കുന്നതിന് കാരണം എന്ന് സിപിഎം പ്രാദേശിക നേതാക്കൾ പറയുന്നു. ഐപിസിയുടെ മാലിന്യ പ്രശ്നത്തിൽ വി എസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു ഉൾപ്പെടെ സമരം നയിച്ചിട്ടും സിപിഎം സഭാസ്നേഹത്താൽ മൗനം പാലിക്കുകയാണ്. ഐപിസിക്ക് സമീപത്തെ കിണറുകളിൽ കക്കൂസ് മാലിന്യം മൂലം വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

പത്രലേഖരെപ്പോലും വിളിച്ച് സിപിഎമ്മിന്റെ തിരുവല്ലയിലെ നേതാവ് വാർത്ത കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നത് ദുരൂഹമാണ്. ഈ സാഹചര്യത്തിൽ സിപിഎം നേതാക്കൾ ക്രിസ്ത്യൻ സഭയുടെ ഭൂമി കൈയേറ്റത്തിന് കുടപിടിക്കുകയാണെന്ന പ്രചരണം ചെങ്ങന്നൂരിൽ ഉൾപ്പെടെ പ്രാദേശികമായി ശക്തമായിരിക്കുകയാണ്. സിപിഎമ്മിനെ തോൽപ്പിക്കണം എന്ന അജണ്ട ഹിന്ദു ഭൂരിപക്ഷ മേഖലയായ ചെങ്ങന്നൂരിൽ തിരിച്ചടിയാകുമെന്ന ആശങ്ക ആലപ്പുഴയിലെ നേതൃത്വത്തിനുണ്ട്. പി സി വിഷ്ണുനാഥിന്റെ ബാലഗോകുലം തീവ്രവാദം വളർത്തുന്നു എന്ന പരാമർശം സിപിഎം സ്ഥാനാർത്ഥിയായ രാമചന്ദ്രൻ നായരുടെ വിജയത്തിന് കഴിഞ്ഞ തവണ സമർഥമായി ഉപയോഗിച്ചിരുന്നു.

ബിജെപി ഭൂരിപക്ഷ മേഖലയിൽ രാമചന്ദ്രൻ നായർ നേട്ടമുണ്ടാക്കിയത്. ഇതേ അടവ് സഭയുടെ ഭൂമി പ്രശ്നത്തിൽ തങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ആലപ്പുഴയിലെ സിപിഎം നേതാക്കൾക്കുണ്ട്. വടയമ്പാടിയിൽ ക്ഷേത്രം വക സ്ഥലത്ത് മതിൽ കെട്ടുന്നതിന് സമരം ചെയ്യുന്നവരോ അഴിമതിക്കെതിരെ ചന്ദ്രഹാസം മുഴക്കുന്നവരോ ഈവഴി വന്നെങ്കിലെ ഈ സമുദായഹുങ്കിന് അവസാനമാകു എന്നാണ് നാട്ടുകാരുടെ പക്ഷം.