- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്പഴയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിനും ഇരയായി; പീഡനത്തിന് പുറമേ രണ്ടാനച്ഛൻ കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടാക്കിയത് അറുപതോളം മുറിവുകൾ; ആക്രമിച്ചത് കത്തിയും സ്പൂണും ഉപയോഗിച്ച്; നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ
പത്തനംതിട്ട: കുമ്പഴയിൽ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിനും ഇരയായതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പീഡനം സ്ഥിരീകരിച്ചത്.
കത്തികൊണ്ട് ദേഹമാസകലം വരഞ്ഞ നിലയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച അഞ്ചു വയസ്സുകാരിയാണ് ഇന്നലെ മരിച്ചത്.തമിഴ്‌നാട് രാജപാളയം സ്വദേശിയുടെ മകളാണ് മരിച്ചത്. ലൈംഗിക പീഡനത്തിന് പുറമേ ക്രൂരമായ മർദ്ദനമാണ് കുട്ടി നേരിട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കുഞ്ഞിന്റെ ശരീരത്തിൽ അറുപതോളം മുറിവുകൾ കണ്ടെത്തി. കത്തി സ്പൂൺ എന്നിവ ഉപയോഗിച്ചാണ് മുറിവുകൾ ഉണ്ടാക്കിയത്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. കനക വീട്ടിലെത്തിയപ്പോൾ പെൺകുട്ടി ചലനമറ്റ രീതിയിൽ കിടക്കുന്നത് കാണുകയായിരുന്നു.കുമ്പഴ കളീക്കൽപടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടാനച്ഛനെ പത്തനംതിട്ട പൊലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു. ശരീരം കത്തികൊണ്ട് മുറിച്ചും മർദിച്ചും അഞ്ചുവയസ്സുകാരിയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ അമ്മ തിങ്കളാഴ്ച രാവിലെ എട്ടരയോടെ സമീപത്തെ വീട്ടിൽ ജോലിക്ക് പോയി. രണ്ടരയോടെ തിരികെവരുമ്പോൾ മദ്യപിച്ചനിലയിൽ രണ്ടാനച്ഛൻ മുറിയിൽ കിടക്കുന്നതുകണ്ടു. തൊട്ടടുത്ത് ചലനമറ്റ് കുഞ്ഞും കിടപ്പുണ്ടായിരുന്നു. കുഞ്ഞിന് എന്തുപറ്റിയെന്ന് തിരക്കിയ അമ്മയെ രണ്ടാനച്ഛൻ മർദിച്ചു. ഇതോടെ പുറത്തിറങ്ങി അമ്മ വിവരം സമീപവാസികളെ അറിയിച്ചു. കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുനനു.
കസ്റ്റഡിയിലായ പ്രതി ഇന്നു പുലർച്ചെ 12 മണിയോടെ ചാടിപ്പോയതും വിവാദമായി. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷനിലെ സെല്ലിലാണ് പാർപ്പിച്ചിരുന്നത്. പുലർച്ചെ 12 മണിയോടെ പുറത്തെവിടെയോ പോയി വന്ന റൈറ്ററും സീനിയർ സിപിഓയുമായ രവികുമാറിന് സെല്ലിൽ കിടക്കുന്ന പ്രതിയെ കണ്ടപ്പോൾ ഒന്നു കാര്യമായി ചോദ്യം ചെയ്യണമെന്ന് തോന്നുകയായിരുന്നു. സെല്ലിനുള്ളിലേക്ക് സിസിടിവി കാമറയുടെ നോട്ടമെത്തുന്നതിനാൽ താനുദ്ദേശിച്ച പോലെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് സെല്ലിൽ നിന്നിറക്കി എസ്‌ഐയുടെ റൂമിലേക്ക് കൊണ്ടു പോയത്.
അവിടെ എത്തിയതും പ്രതി ഇറങ്ങിയോടുകയായിരുന്നു. മൂത്രമൊഴിക്കാനും ഭക്ഷണം കൊടുക്കാനുമായി പ്രതിയെ പുറത്തിറക്കിയപ്പോൾ ഇറങ്ങിയോടിയെന്നാണ് പൊലീസ് നാട്ടുകാരോട് പറഞ്ഞിരുന്നത്. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് റൈറ്ററുടെ കടുംകൈ പുറത്തായത്. രക്ഷപ്പെട്ടോടിയ പ്രതി കുമ്പഴയിൽ, കൊലപാതകം നടത്തിയ വാടക വീട്ടിലേക്കാണ് പോയത്. അവിടെ പൊലീസിനെ കാവലിട്ടിരുന്നത് കണ്ട് ഇയാൾ ഓടിപ്പോയി.
സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ഇയാളെ നാട്ടുകാരും പൊലീസും സംഘം ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കുറ്റിക്കാട്ടിൽ നിന്ന് പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ