ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രണ്ടാംതരംഗത്തിൽ ഒരു 'സൂപ്പർ സ്പ്രെഡർ' ആയി ഹരിദ്വാറിൽ ഏപ്രിൽ മാസത്തിൽ നടന്ന കുംഭമേള പ്രവർത്തിച്ചെന്ന് ബിബിസി റിപ്പോർട്ട്. കുംഭമേളയിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള തീർത്ഥാടകർ തിരിച്ചെത്തിയതോടെ രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായാണ് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നത്.

90 ലക്ഷത്തോളം തീർത്ഥാടകർ കുംഭമേളയിൽ പങ്കെടുത്തതായി സംഘാടകർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 12ന് നടന്ന ഗംഗസ്സ്‌നാനത്തിൽ മുപ്പത് ലക്ഷത്തോളം തീർത്ഥാടകരാണ് പങ്കെടുത്തത്. രാജ്യത്ത് കൂടുതൽ മാരകമായ കൊറോണ വൈറസ് വകഭേദത്തിന്റെ രണ്ടാംതരംഗം ഉണ്ടാകുമെന്ന് മാർച്ച് ആദ്യംതന്നെ ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കുംഭമേളയ്ക്ക് അനുമതി നൽകിയാൽ സംസ്ഥാനം പരിഹാസപാത്രമാകുമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഹരിദ്വാറിൽ കുഭമേളയിൽ പങ്കെടുത്തവരിൽ 2,642 തീർത്ഥാടകർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ പലരും ഉന്നതരായ മതനേതാക്കളും സന്യാസിമാരും ആയിരുന്നു. കോവിഡ് സ്ഥിരീകരിച്ച് നിരവധി സന്യാസിമാരുടെ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കുംഭമേളയിൽ പങ്കെടുത്ത ശേഷം കോവിഡ് സ്ഥിരീകരിച്ചവരിൽ യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, നേപ്പാളിലെ മുൻ രാജാവ് ജ്ഞാനേന്ദ്ര ഷാ, മുൻ രാജ്ഞി കോമൾ ഷാ എന്നിവരും ഉൾപ്പെടുന്നു. കോവിഡ് ബാധിച്ച് അടുത്തിടെ മരണപ്പെട്ട ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് കുംഭമേളയിൽ പങ്കെടുത്ത് തിരിച്ചെത്തിയതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കുംഭമേള തീർത്ഥാടകരിൽ ആദ്യഘട്ടത്തിൽ കോവിഡ് സ്ഥിരീകരിച്ചവർ പോലും ക്വാറന്റീനിൽ പോവുകയോ പ്രതിരോധ നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. പലരും രോഗബാധ ഉള്ളപ്പോൾത്തന്നെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചാണ് യാത്ര ചെയ്തത്. കുംഭമേളയിൽ പങ്കെടുത്ത് തിരിച്ചുവന്നവരിൽ രോഗബാധ കണ്ടതിനെ തുടർന്ന് ചില സംസ്ഥാനങ്ങൾ തിരിച്ചെത്തിയ തീർത്ഥാടകർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനും ആർടിപിസിആർ പരിശോധനയും നിർദേശിച്ചിരുന്നു. എന്നാൽ തിരിച്ചെത്തിയവരുടെ യാത്രാപാതയും സമ്പർക്ക ചരിത്രവും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

രാജസ്ഥാനിൽ കോവിഡ് വ്യാപിക്കുന്നതിൽ കുംഭമേളയിൽ പങ്കെടുത്ത് തിരിച്ചെത്തിയവർ വലിയ പങ്കുവഹിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് പറയുന്നു. ഒഡീഷയിൽ തിരിച്ചെത്തിയ 24 തീർത്ഥാടകർക്കും ഗുജറാത്തിലെത്തിയ 34 പേർക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക്. മധ്യപ്രദേശിൽ തിരിച്ചെത്തിയ 60 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 22 പേരെ കണ്ടെത്താൻ സാധിച്ചിട്ടുമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പിന്നീട് കുംഭമേള ചടങ്ങുകൾ മാത്രമായി നടത്താൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. എന്നാൽ പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാൻ സർക്കാർ അലംഭാവം കാണിച്ചതെന്നും റിപ്പോർട്ട് ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ നടപടി ഉണ്ടായപ്പോഴേക്കും രോഗവ്യാപനം നിയന്ത്രണാതീതമായി മാറിക്കഴിഞ്ഞിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.