തിരുവനന്തപുരം: ബോംബ് കൊണ്ടും കഠാര കൊണ്ടും ബിജെപിയെ തകർക്കാൻ സിപിഎമ്മിനാകില്ലെന്നും സംയമനം പാലിക്കുന്നത് ഭീരുത്വമായി സിപിഐ(എം) നേതൃത്വം കരുതരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഗതികെട്ടാൽ ബിജെപി സ്വയരക്ഷയ്ക്കായി പ്രതിരോധിക്കും.

സ്വന്തം സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാൻ മുൻകൈയെടുക്കാത്ത ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കുമ്മനം ആരോപിച്ചു.

പിണറായിയും കോടിയേരിയും വിചാരിച്ചാൽ മിനുറ്റുകൾ കൊണ്ട് കേരളത്തിൽ സമാധാനം തിരികെ കൊണ്ടുവരാനാകും. സംസ്ഥാനത്ത് അക്രമം വ്യാപകമായിട്ടും അതിനെ അപലപിക്കാൻ പോലും മുഖ്യമന്ത്രി തയാറാകാത്തതാണ് അക്രമികൾക്ക് വളമാകുന്നത്. സ്വന്തം പാർട്ടിക്കാരെ മാത്രം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ബോംബ് ആക്രമണം. ഇതു സംബന്ധിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ ഗവർണറുമായി ആശയവിനിമയം നടത്തിയിട്ടുണ്്ട്. സിപിഐ(എം) അല്ലാത്ത ഒരു പാർട്ടിയെയും പ്രവർത്തിക്കാൻ അനുവദിക്കാത്ത സ്ഥിതിയാണ് കേരളത്തിൽ ഉള്ളത്. ഇതിന് പൊലീസും ഭരണകൂടവും കൂട്ടുനിൽക്കുകയാണെന്നും കുമ്മനം ആരോപിച്ചു.

സിപിഐ(എം) എന്നത് അക്രമത്തിന്റെ പര്യായമായി മാറിയതായും അക്രമത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് കരിദിനമായി ആചരിക്കുമെന്നും കുമ്മനം അറിയിച്ചു.